ഭക്ഷ്യസുരക്ഷാ നിയമം: കേരളത്തില്‍ 54% പേര്‍ പുറത്ത്‌

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ നിന്ന് കേരളത്തിലെ 54 ശതമാനം പേരും പുറത്തെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍.  കേരളം 2016ല്‍ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാന്‍ നടപടികള്‍ ആരംഭിക്കുകയും 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. മൂന്നേകാല്‍ കോടിയിലേറെ ജനങ്ങളുള്ള കേരളത്തില്‍ 1.54 ലക്ഷം പേരാണു മുന്‍ഗണനാ പട്ടികയിലുള്ളത്. കേന്ദ്രസര്‍ക്കാര്‍ നിയമപ്രകാരം തയ്യാറാക്കിയ പട്ടികയില്‍ നിന്ന് 54 ശതമാനം പേര്‍ പുറത്തായി. ആരു വേണം ആരു വേണ്ട എന്നു തീരുമാനിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. ഇതുമൂലം കേരളത്തിനുള്ള ഭക്ഷ്യവിഹിതം 14 ലക്ഷം ടണ്‍ ആയി കുറഞ്ഞു. അരിക്കു വില കൂടിയാല്‍ മൊത്തത്തില്‍ വില ഉയരുന്ന സ്ഥിതിയാണ്. അതിനാല്‍ ടൈഡ് ഓവര്‍ അലോട്ട്‌മെന്റ് വര്‍ധിപ്പിക്കണം. ഒരു വ്യക്തിക്ക് അഞ്ച് കിലോ അരി ലഭ്യമാക്കണമെന്നതാണു സംസ്ഥാനത്തിന്റെ നിലപാട്. അരി, ഗോതമ്പ്, മണ്ണെണ്ണ കൂടാതെ പയറുവര്‍ഗങ്ങളുടെ അളവും കൂട്ടണം- തിലോത്തമന്‍ പറഞ്ഞു.
നെല്ലിന്റെ സംഭരണ പാക്കേജ് പുനര്‍നിര്‍ണയിക്കണമെന്നും താങ്ങുവില വര്‍ധിപ്പിക്കണമെന്നും കേരളം കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമനും കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറും ചേര്‍ന്നു കേന്ദ്ര ഭക്ഷ്യ പൊതുവിതരണ, ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാനു നിവേദനം നല്‍കി.
സംസ്ഥാനത്ത് താങ്ങുവില നല്‍കി അഞ്ചുലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിക്കുന്നുണ്ട്. കേന്ദ്ര നെല്ലുസംഭരണ പദ്ധതിയനുസരിച്ച് 100 കിലോ നെല്ലില്‍ നിന്ന് 68 കിലോ അരി ലഭിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ താങ്ങുവിലയും സംസ്‌കരണ, വിതരണ ചെലവും നല്‍കി നെല്ല് സംഭരിക്കാനാവൂ എന്നാണു വ്യവസ്ഥ. ഫോര്‍മാലിന്‍ കലര്‍ത്തിയ മല്‍സ്യം വന്‍തോതില്‍ വിപണിയില്‍ എത്തുന്നത് തടയാന്‍ നടപടിയുണ്ടാവണമെന്ന് കേരളം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇപ്പോള്‍ പുറമെ നിന്നു ഫോര്‍മലിന്‍ കലര്‍ന്ന മീന്‍ വരുന്നതു ഭാവിയില്‍ ഒഴിവാക്കണമെങ്കില്‍ നമ്മുടെ മല്‍സ്യോല്‍പ്പാദനം വര്‍ധിപ്പിക്കണമെന്നു മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it