kasaragod local

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവ്; പരിശോധന പ്രഹസനമാവുന്നു

കാസര്‍കോട്: ഭക്ഷ്യ സുരക്ഷാ വിഭാഗത്തില്‍ ഉദ്യോഗസ്ഥരുടെ കുറവ് ഭക്ഷണങ്ങളിലെ മായം കണ്ടെത്തല്‍ പരിശോധനയ്ക്ക് തടസമാവുന്നു. ജില്ലയില്‍ അഞ്ച് ഫുഡ് സേഫ്റ്റി സര്‍ക്കിളുകളാണ്് ആവശ്യം. എന്നാല്‍ നിലവില്‍ ഉള്ളത് രണ്ട് സര്‍ക്കിളുകളാണ്. അഞ്ച് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് രണ്ട് പേര്‍ മാത്രമാണ് ഉള്ളത്. ഫുഡ്‌സേഫ്റ്റി വിഭാഗത്തിന് ജില്ലാ ഓഫിസറും ഇല്ല. കാസര്‍കോട് ഫുഡ് സേഫ്റ്റിയുടെ ചുമതല മലപ്പുറത്തെ ഫുഡ്‌സേഫ്റ്റിയിലെ ഓഫിസര്‍ക്കാണ്്. ജില്ലയിലെ മഞ്ചേശ്വരം, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകള്‍ക്ക് പ്രത്യേകമായി ഫുഡ്‌സേഫ്റ്റ് വിഭാഗമില്ല. ഓരോ താലൂക്കിനും ഓരോ സര്‍ക്കിള്‍ വേണമെന്നാണ് നിബന്ധന.
ജില്ലയിലേക്ക് ഭക്ഷ്യധാന്യങ്ങള്‍, പഴം, പച്ചക്കറിവര്‍ഗങ്ങ ള്‍, മല്‍സ്യം, ഇറച്ചി കോഴികള്‍, ആട്, മാടുകള്‍, ഉണക്ക മല്‍സ്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങി ഉപ്പ് തൊട്ട് കര്‍പ്പൂരം വരേയുള്ള സാധനങ്ങള്‍ എത്തുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവ കൂടുതലും എത്തുന്നത്. കേരളത്തില്‍ ട്രോളിങ് നിരോധനം വന്നതോടെ കര്‍ണാടകയിലെ മല്‍പ്പയില്‍ നിന്നും ഗോവയില്‍ നിന്നുമാണ് മല്‍സ്യങ്ങള്‍ എത്തുന്നത്.
എന്നാല്‍ ഇവ പരിശോധിക്കാനോ നടപടി സ്വീകരിക്കാനോ യാതൊരു സംവിധാനങ്ങളും ഇല്ല. മല്‍സ്യങ്ങളിലും പഴവര്‍ഗങ്ങളിലും മാരകമായ രാസവസ്തുക്കള്‍ കലര്‍ത്തിയാണ് ഇവിടെ എത്തിക്കുന്നത്. പഴവര്‍ഗങ്ങള്‍ കേടുകൂടാതെ മാസങ്ങളോളം സൂക്ഷിക്കാന്‍ കാര്‍ബൈഡ് കലര്‍ത്തുന്നുണ്ട്.
നല്ല നിറം കിട്ടാനും എളുപ്പത്തില്‍ പഴുക്കാനുമായി മാമ്പഴങ്ങളില്‍ കാര്‍ബൈഡ് കലര്‍ത്തുന്നത്. ഇതര സംസ്ഥാനങ്ങളില്‍ സീസണുകളില്‍ പിടികൂടിയ മല്‍സ്യങ്ങള്‍ ഗോഡൗണുകളില്‍ മാരക കീടനാശിനി ഉപയോഗിച്ച് സൂക്ഷിക്കുകയാണ് പതിവ്. ഇത് പഞ്ഞമാസങ്ങളില്‍ കേരളത്തിലേക്ക് വ്യാപകമായി കയറ്റി അയക്കുന്നു. ശവങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്ന പൊടിയാണ് മല്‍സ്യങ്ങളില്‍ കലര്‍ത്തുന്നതെന്നാണ് വിവരം. ഇവ കഴിച്ചാല്‍ അര്‍ബുദം പോലെയുള്ള മാരക രോഗങ്ങളും കുടല്‍ കാന്‍സറും എളുപ്പത്തില്‍ വരാന്‍ സാധ്യതയേറേയാണെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കര്‍ണാടക ഹുബ്ലി മുതല്‍ ഉഡുപ്പി വരെയുള്ള ഭാഗങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പാല്‍ കടത്തുന്നുണ്ട്. ഇത്തരം പാലുകളിലും കീടനാശിനി ഉപയോഗിക്കുന്നതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥരുടെ കുറവ് മൂലം പലപ്പോഴും ഇതുകൊണ്ടുവരുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം എറണാകുളത്ത് രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച മല്‍സ്യങ്ങള്‍ പിടികൂടിയതോടെ ഇന്നലെ ചെക്ക് പോസ്റ്റുകളില്‍ ഫുഡ്‌സേഫ്റ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.
രാവിലെ മുതല്‍ വൈകിട്ട് വരെ മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ചരക്ക്‌ലോറികളാണ് പരിശോധിച്ചത്. എന്നാല്‍ റെയ്ഡ് വിവരം ചോര്‍ന്നതിനെ തുടര്‍ന്ന് ഇത്തരം ലോറികള്‍ റൂട്ട് മാറി ഓടിയതായാണ് വിവരം. പരിശോധനക്ക് ഫുഡ് സേഫ്റ്റി ജോയിന്റ്് കമ്മീഷണര്‍ അഷറഫുദ്ദീന്‍, അസി.കമ്മീഷണര്‍മാരായ ടി അജിത് കുമാര്‍, സി എ ജനാര്‍ദ്ദനന്‍, ഓഫിസര്‍മാരായ കെ പി മുസ്തഫ, നിത്യ ചാക്കോ, അനീസ് ഫ്രാന്‍സിസ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it