thrissur local

ഭക്ഷ്യഭദ്രതാ പദ്ധതി : മാളയില്‍ താല്‍ക്കാലിക ഗോഡൗണ്‍ ഒരുങ്ങി



മാള: ഭക്ഷ്യഭദ്രതാ പദ്ധതിയുടെ ഭാഗമായുള്ള വാതില്‍പ്പടി സംവിധാനത്തിനായി മാളയില്‍ ഗോഡൗണ്‍ ഒരുങ്ങി. ഗോഡൗണിലേക്ക് കഴിഞ്ഞ ദിവസം റേഷന്‍ കടകളിലേക്ക് എത്തിക്കാനുള്ള ഭക്ഷ്യസാമഗ്രികളടങ്ങിയ ലോറികളെത്തി ചരക്കിറക്കി. അരിയും ഗോതമ്പുമടങ്ങിയ 300 ലോഡ് ഭക്ഷ്യധാന്യങ്ങളാണ് മാളയിലെ പഴയ ഐ ടി ഐ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ ഇറക്കി സൂക്ഷിച്ചിരിക്കുന്നത്. ഓരോ ലോറിയിലും 10000 കിലോഗ്രാം ഭക്ഷ്യധാന്യങ്ങളാണുണ്ടായിരുന്നത്. മുകുന്ദപുരം, ചാലക്കുടി താലൂക്കുകളിലായുള്ള 200 ഓളം റേഷന്‍ കടകളിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്ന വാതില്‍പ്പടി സംവിധാനത്തിനായി കൊമ്പൊടിഞ്ഞാമാക്കലിലാണ് പ്രധാന ഗോഡൗണ്‍ സ്ഥാപിക്കുന്നത്. ഇവിടെ ഗോഡൗണിന്റെ പണി പൂര്‍ത്തീകരിക്കപ്പെടാത്തതിനാലാണ് മാള വലിയപറമ്പിലുള്ള പഴയ ഐ ടി ഐ കെട്ടിടത്തില്‍ താല്‍ക്കാലിക ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്. ജൂണ്‍ മാസം മുതലാണ് വാതില്‍പ്പടി സംവിധാനം നടപ്പാക്കുന്നത്. ഇടനിലക്കാരുടെ വെട്ടിപ്പുകളും ക്രമക്കേടുകളും ഒഴിവാക്കുവാനായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നേരിട്ടാണ് റേഷന്‍ കടകളിലേക്ക് ഭക്ഷ്യധാന്യങ്ങളെത്തിക്കുന്നത്. വലിയപറമ്പിലെ പഴയ ഐ ടി ഐ കെട്ടിടത്തില്‍ രണ്ടു വര്‍ഷം മുന്‍പ് വരെ കുറച്ചുകാലം കണ്‍സ്യൂമര്‍ ഫെഢിന്റെ ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീടീ കെട്ടിടം ഒഴിഞ്ഞു കിടക്കുകയായിരുന്നു. താല്‍ക്കാലികമായെങ്കിലും ഈഭാഗം സജീവമാകുന്ന സന്തോഷത്തിലാണ് പരിസരവാസികള്‍. പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കെട്ടിടത്തില്‍ ഐ ടി ഐക്കും കണ്‍സ്യൂമര്‍ഫെഢ് ഗോഡൗണിനും പുറമേ കുട നിര്‍മ്മാണം, തീപ്പെട്ടി കമ്പനി തുടങ്ങിയവ പ്രവര്‍ത്തിച്ചിരുന്നു.
Next Story

RELATED STORIES

Share it