palakkad local

ബ്ലോക്ക് വൈസ് പ്രസിഡന്റ് മുങ്ങി; രാജിവയ്ക്കാതെ പ്രസിഡന്റും മടങ്ങി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്-വൈസ് പ്രസിഡന്റ് പദവികള്‍ രാജി വയ്ക്കണമെന്ന യുഡിഎഫ് തീരുമാനം അട്ടിമറിഞ്ഞു. വൈസ് പ്രസിഡന്റ് കോണ്‍ഗ്രസിലെ വി പ്രീത രാജിവയ്ക്കാനെത്തിയില്ല. ഇതേ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാതെ ലീഗിലെ യുസഫ് പാലക്കലും മടങ്ങി.
യുഡിഎഫ് ധാരണ പ്രകാരം ആദ്യ രണ്ടര വര്‍ഷം ലീഗിനാണ് പ്രസിഡന്റ് പദവി. പിന്നീടുള്ള രണ്ടര കോണ്‍ഗ്രസിനും. വൈസ് പ്രസിഡന്റ് പദവി ആദ്യരണ്ടര വര്‍ഷം കോണ്‍ഗ്രസിനും ബാക്കി രണ്ടര വര്‍ഷം ലീഗിനും. ഇതനുസരിച്ച് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും  ഊഴം ഏപ്രില്‍ 30ന് അവസാനിച്ചു.
പദവികള്‍ ഇന്നലെ രാവിലെ രാജിവയ്ക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗം തീരുമാനിച്ചിരുന്നു.  ഇതനുസരിച്ച് ഇന്നലെ രാവിലെ പ്രസിഡന്റ് യൂസഫ് പാലക്കല്‍ ബോഡ് യോഗം വിളിക്കുകയും രാജിക്കാര്യം അറിയിക്കുകയും ചെയ്തു. എന്നാല്‍ ഈ യോഗത്തില്‍ നിന്ന് വ്യക്തിപരമായകാരണമുണ്ടെന്ന് പറഞ്ഞ് വൈസ് പ്രസിഡന്റെത്തിയില്ല.
രാജിവയ്ക്കാനായി വൈസ് പ്രസിഡന്റിനെ വൈകിട്ട് 5.30 വരെ കാത്തിരുന്നെങ്കിലും വന്നില്ല. യുഡിഎഫ് തീരുമാന പ്രകാരം വൈസ് പ്രസിഡന്റ് രാജി വെച്ചാലെ താനും രാജി നല്‍കുകയുള്ളൂവെന്ന് അറിയിച്ച് യുസഫും മടങ്ങുകയായിരുന്നു. പ്രസിഡന്റ് രാജി നല്‍കിയ ശേഷമെ രാജി നല്‍കുകയുള്ളൂ വെന്നും പ്രീത പറഞ്ഞു. ഡിസിസി പ്രസിഡന്റോ യുഡിഎഫ് ജില്ലാ ചെയര്‍മാനോ പറയാതെ രാജി വയ്ക്കില്ലന്നും ബ്ലോക്ക് പഞ്ചായത്തിന്റെ കാര്യം തീരുമാനിക്കുന്നത് ജില്ലാ നേതൃത്വത്തമാണെന്നും പ്രീത പറഞ്ഞു.
എന്നാല്‍ നാളെ പ്രീത രാജി വയ്ക്കുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി വി ഷൗക്കത്തലി പറഞ്ഞു. എന്നാല്‍ രാജി വെയ്ക്കണമെന്നാണ് ജില്ലാ കമ്മിറ്റിനിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ വി രാമസ്വാമിയും പറഞ്ഞു.
Next Story

RELATED STORIES

Share it