thrissur local

ബ്ലേഡ് കമ്പനികളെയും സാമ്പത്തിക സ്ഥാപനങ്ങളെയും നിയന്ത്രിക്കും: മന്ത്രി

കുന്നംകുളം: ആയിരം, രണ്ടായിരം രൂപ വായ്പ വേണ്ടവരെ ചൂഷണം ചെയ്യുന്ന ബ്ലേഡ് കമ്പനികളെയും അത്തരം സാമ്പത്തിക സ്ഥാപനങ്ങളെയും നിയന്ത്രിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മൈക്രോ ഫിനാന്‍സിങ്ങിന്റെ പേരില്‍ ബ്ലേഡ് കമ്പനിപോലെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുന്നംകുളത്ത് കെയര്‍കേരളയുടെ ഭാഗമായി സഹകരണ ബാങ്കുകള്‍ വഴി നടപ്പിലാക്കുന്ന റീസര്‍ജന്റ് കേരളാ ലോണ്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുയായിരുന്നു മന്ത്രി.
പാവപ്പെട്ടവന്റെ ചെറിയ വായ്പ ആവശ്യങ്ങള്‍കൂടി നിറവേറ്റാനുള്ള പദ്ധതികള്‍ക്കാണ് കേരള സഹകരണപ്രസ്ഥാനം ശ്രദ്ധയൂന്നുന്നതെന്നും മുറ്റത്തെമുല്ല പദ്ധതി അതിന്റെ ഭാഗമാമാണെന്നും സഹകരണ മന്ത്രി പറഞ്ഞു. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമെന്ന നിലയില്‍ പ്രളയത്തില്‍ തകര്‍ന്ന നാലായിരം വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ സഹകരണമേഖല തീരുമാനിച്ചത് അതുകൊണ്ടാണ്. ആദ്യഘട്ടത്തില്‍ 1500 വീടുകള്‍ നിര്‍മിക്കും.
ഗുണഭോക്താക്കളുടെ പേരു വിവരങ്ങള്‍ റവന്യൂ വകുപ്പിന് നല്‍കുന്ന മുറയ്ക്ക് വീടുപണി തുടങ്ങാന്‍ സജ്ജമാണ് റവന്യു മന്ത്രി അറിയിച്ചിട്ടുണ്ട്. സഹകാരികളുടെ സഹായത്തോടെയാകും വീട് നിര്‍മിക്കുക. കെയര്‍ ഹോം പദ്ധതിയുടെ ഭാഗമായാണ് വീടുനിര്‍മാണം.
കെയര്‍ലോണിന്റെ ഭാഗമായി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള അനുവാദപത്രവും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിതരണം ചെയ്തു. 89 അയല്‍ക്കൂട്ടങ്ങളിലായി 384 ഗുണഭോക്താക്കള്‍ക്കുള്ള 3,46,4600 രൂപയുടെ അനുവാദപത്രമാണ് മന്ത്രി വിതരണം ചെയ്തത്. തദ്ദേശസ്വയംഭരണ മന്ത്രി എ സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ദുരന്ത നിവാരണത്തിലും ലോകത്തിന് മാതൃകയായി ഒരു കേരളാ മോഡല്‍ നല്‍കാന്‍ കഴിഞ്ഞവരാണ് കേരളാ ജനതയെന്ന് അദ്ദേഹം പറഞ്ഞു.
കെയര്‍കേരളാ പദ്ധതിയിലേക്കുള്ള ജില്ലയിലെ സഹകരണ സ്ഥാപനങ്ങളുടെ സംഭാവന തുകയായ 5.06 കോടി രൂപ തൃശൂര്‍ ജോയിന്റ് രജിസ്ട്രാര്‍ടി കെ സതീഷ്‌കുമാര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. തൃശൂര്‍ ജില്ലാ ബാങ്കിന്റെ സാന്ത്വനം 2018 വായ്പാ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരിതോമസും കെയര്‍ ഗ്രേസിന്റെ ഭാഗമായി പ്രളയ ബാധിതര്‍ക്ക് തുടങ്ങുന്ന കൗണ്‍സിലിങ് സെന്റര്‍ ജില്ലാ കലക്ടര്‍ ടി വി അനുപമയും ഉദ്ഘാടനം ചെയ്തു.
കെയര്‍ ഗ്രെയ്‌സ് പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പഠനകിറ്റ് വിതരണം സഹകരണ സംഘം രജിസ്ട്രാര്‍ എസ് ഷാനവാസും ജെഎല്‍ജികള്‍ക്കുള്ള വായ്പാ വിതരണം കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രനും നിര്‍വഹിച്ചു.

Next Story

RELATED STORIES

Share it