ബ്ലാസ്റ്റേഴ്‌സിന്റെ ഉടമാവകാശം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഒഴിഞ്ഞു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശത്തില്‍ നിന്ന് സചിന്‍ ടെണ്ടുല്‍ക്കര്‍ പിന്‍മാറി. ടീമില്‍ തന്റെ ഭാഗമായുള്ള ഓഹരികള്‍ വിറ്റതായി സചിന്‍ സ്ഥിരീകരിച്ചു. ടീമിന്റെ തുടക്കം മുതല്‍ ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സഹ ഉടമയായിരുന്നു സചിന്‍. ടീമിന്റെ 20 ശതമാനം ഓഹരികളാണ് സചിന്റെ കൈവശം ഉണ്ടായിരുന്നത്.
ഓഹരികള്‍ കൈമാറിയെങ്കിലും തുടര്‍ന്നും ടീമിന് എല്ലാ പിന്തുണയും നല്‍കുമെന്നും സചിന്‍ അറിയിച്ചു. കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രകടനത്തില്‍ ഇപ്പോള്‍ മികച്ച നിലയിലാണ്. ആരാധകരുടെ പിന്തുണയോടെ ടീമിന് മികച്ച വിജയങ്ങള്‍ നേടി ഇനിയും മുന്നേറാനാകും. കേരള ബ്ലാസ്‌റ്റേഴ്‌സിനെ കുറിച്ച് എനിക്ക് ഏറെ അഭിമാനമുണ്ട്. എന്റെ ഹൃദയത്തില്‍ ടീമിന് എപ്പോഴും ഒരു സ്ഥാനമുണ്ടായിരിക്കും. കഴിഞ്ഞ നാലു വര്‍ഷമായി കേരള ബ്ലാസ്‌റ്റേഴ്‌സ് എന്റെ ജീവിതത്തിന്റെ അവിഭാജ്യമായ ഭാഗമാണ്. ടീമിന്റെ ലക്ഷക്കണക്കിന് ആരാധകരുടെ എല്ലാ വികാരങ്ങളിലൂടെയും ഞാനും കടന്നുപോയിരുന്നു. കേരളത്തിന്റെ കഴിവ് ദേശീയതലത്തിലേക്ക് എത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സിലൂടെ കഴിഞ്ഞു. എനിക്ക് സന്തോഷം പകരുന്ന കാര്യങ്ങളില്‍ ഭാഗമാകുന്നത് ഞാന്‍ എപ്പോഴും ആസ്വദിക്കുന്നു. അടുത്ത അഞ്ചു വര്‍ഷം ടീമിനെ സംബന്ധിച്ച് കൂടുതല്‍ നിര്‍ണായകമാണ്. ടീമുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് പിന്‍വാങ്ങാന്‍ തീരുമാനിച്ചതെന്നും സചിന്‍ വിശദീകരണ കുറിപ്പില്‍ അറിയിച്ചു.
അതേസമയം, സചിന്‍ ടെണ്ടുല്‍ക്കര്‍ കൈമാറിയ ഓഹരി പ്രമുഖ വ്യവസായി എം എ യൂസുഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന റിപോര്‍ട്ടുകള്‍ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് തള്ളി. 2014 മുതല്‍ ടീമിലെ 20 ശതമാനം ഓഹരിയാണ് സചിന് ഉണ്ടായിരുന്നത്. സചിന്‍ ഓഹരി വിറ്റു എന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഈ ഓഹരികള്‍ ലുലു ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് പ്രമുഖ കായിക വെബ്‌സൈറ്റുകളിലടക്കം റിപോര്‍ട്ട് വന്നിരുന്നു. ബ്ലാസ്റ്റേഴ്‌സ് ഇനി കേരളത്തിന് സ്വന്തമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയകളിലടക്കം പ്രചാരണം നടക്കുകയും ചെയ്തു.
എന്നാല്‍, സചിന്റെ ഓഹരി പിവിപി ഗ്രൂപ്പാണ് സ്വന്തമാക്കിയതെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു. നിമ്മഗഡ്ഡ പ്രസാദ്, അല്ലു അരവിന്ദ്, നാഗാര്‍ജുന, ചിരഞ്ജീവി എന്നിവരുടെ നേതൃത്വത്തിലുള്ള പിവിപി ഗ്രൂപ്പിന് 80 ശതമാനം ഓഹരിയാണ് ബ്ലാസ്‌റ്റേഴ്‌സില്‍ നേരത്തേ ഉണ്ടായിരുന്നത്. ഇതോടെ മുഴുവന്‍ ഓഹരികളും പിവിപി ഗ്രൂപ്പിനു സ്വന്തമായി. സചിന്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ ബ്ലാസ്‌റ്റേഴ്‌സ് ടീം, ഓഹരി മറ്റാര്‍ക്കും നല്‍കുന്നില്ലെന്നും വ്യക്തമാക്കി.

Next Story

RELATED STORIES

Share it