thiruvananthapuram local

ബ്രൈമൂര്‍ പാലം നാശത്തില്‍

കെ  മുഹമ്മദ്  റാഫി
പാലോട്: സംരക്ഷണവും നവീകരണവുമില്ലാതെ ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ബ്രൈമൂര്‍പാലം നശിക്കുന്നു. കൈവരികള്‍ തകര്‍ന്നും കാടുമൂടിയുമാണ് നശിക്കുന്നത്. അടിസ്ഥാന്റെ കല്ലുകെട്ടുകള്‍ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്.
പാലോട് ബ്രൈമൂര്‍ റോഡിലെ പ്രധാന പാലമാണിത്. നവീകരണ പ്രവൃത്തി ടൂറിസം വകുപ്പ് ചെയ്യണമെന്ന നിലപാടിലാണ് പൊതുമരാമത്ത്് വകുപ്പിന്. പുതുതായി അനുവദിച്ച ബ്രൈമൂര്‍ റോഡ് പാക്കേജിലാണ് നാട്ടുകാരുടെ പ്രതീക്ഷ. ബ്രൈമൂറില്‍ തേയിലക്കാടുകള്‍ വെട്ടിപ്പിടിക്കാനെത്തിയ ജഫേഴ്‌സന്‍ സായിപ്പാണ് 1902 ല്‍ ബ്രൈമൂര്‍പാലം പണികഴിപ്പിച്ചതെന്ന് രേഖകളില്‍ കാണിക്കുന്നു. ഒറ്റയടിപാതയായിരുന്ന ബ്രൈമൂറില്‍ കൊട്ടാരം പണിയാനെത്തിയ ജഫേഴ്‌സന്‍ സായിപ്പിന് പാലം അനിവാര്യമായിരുന്നു. കുതുരപ്പാത്തിയില്‍ നിന്നും കാളവണ്ടിക്ക് ലോഡുമായി പോവുന്നതിനു നിര്‍മിച്ച പാലമാണ് പിന്നീട് ബ്രൈമൂര്‍ പാലമായി മാറിയത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പാലത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അധികൃതര്‍ ഒന്നും ചെയ്തിട്ടില്ല. മങ്കയത്ത് ചെക്‌പോസ്റ്റ് സ്ഥാപിച്ച് ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കിയപ്പോഴും പാലത്തിന്റെ നവീകരണം അധികൃതര്‍ പരിഗണിച്ചില്ല.
പാലത്തിന്റെ തകര്‍ച്ച തോട്ടം മേഖലയായ ബ്രൈമൂറും പെരിങ്ങമ്മലയും തമ്മിലുള്ള ഗതാഗതം തടസ്സപ്പെടുത്തും. 23 വര്‍ഷം മുമ്പ് വെള്ളപ്പൊക്കത്തില്‍ മങ്കയത്ത് ഉരുള്‍പൊട്ടി നിരവധി വീടുകള്‍ ഒലിച്ചുപോയപ്പോഴും ബ്രൈമൂര്‍ പാലം തകര്‍ച്ചകളെ അതിജീവിച്ചു. നൂറ്റാണ്ട് പഴക്കമുള്ള പാലം അടിയന്തരമായി പുതുക്കി പണിയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it