ബ്രൂവറി-ഡിസ്റ്റിലറി ഇടപാടിന് പിന്നില്‍ കടലാസ് കമ്പനികള്‍: ചെന്നിത്തല

തിരുവനന്തപുരം/കോഴിക്കോട്/കൊച്ചി: ഡിസ്റ്റിലറി ബ്രൂവറി ഇടപാടിന് പിന്നില്‍ ബിനാമി-കടലാസ് കമ്പനികളാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പെട്ടിക്കട പോലും തുടങ്ങാന്‍ സാമ്പത്തികശേഷിയില്ലാത്തവര്‍ക്കാണ് ഡിസ്റ്റിലറിയും ബ്രൂവറികളും സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇവര്‍ ബിനാമികളാണെന്ന് വ്യക്തമാണ്. ഇവര്‍ക്ക് പിന്നില്‍ പണച്ചാക്കുകളാണ് അണിനിരന്നിരിക്കുന്നത്. ഇവരില്‍ നിന്നും എത്ര കോടി കിട്ടിയെന്ന് വ്യക്തമാക്കണം. ബ്ലാക്‌ലിസ്റ്റില്‍പ്പെട്ട ശ്രീചക്ര ഡിസ്റ്റിലറീസിനും വ്യാജ മേല്‍വിലാസമുള്ള പവര്‍ ഇന്‍ഫ്രാടെകിനും സര്‍ക്കാര്‍ അനുമതി നല്‍കിയതിലൂടെ പ്രഥമദൃഷ്ട്യാ ഇടപാടില്‍ അഴിമതി വ്യക്തമാണ്. ഇതില്‍ സിപിഎമ്മിന് കൂടി പങ്കുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. കേരളം കണ്ട ഏറ്റവും വലിയ ക്രമക്കേടാണ് സര്‍ക്കാരിന്റെ ഡിസ്റ്റിലറി-ബ്രൂവറി ഇടപാട്. വേണമെങ്കില്‍ ഈ കമ്പനികളെക്കുറിച്ച് അന്വേഷിക്കാമെന്നാണ് എക്സൈസ് മന്ത്രി ഒഴുക്കന്‍ മട്ടില്‍ പറയുന്നത്. നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തിയുള്ള ഇടപാടിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ടില്ലെങ്കില്‍ നിയമപോരാട്ടം തുടങ്ങും. ഇക്കാര്യത്തില്‍ ഗവര്‍ണറുടെ മറുപടിക്കായി കാക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രളയത്തിന്റെ മറവില്‍ ഡിസ്റ്റിലറി, ബ്രൂവറികള്‍ അനുവദിച്ചതിലും പ്രളയകാരണത്തെക്കുറിച്ചും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ഡിസ്റ്റിലറി, ബ്രൂവറി വിഷയത്തില്‍ കോടികളുടെ അഴിമതിയാണ് നടത്തിയത്. മുഖ്യമന്ത്രി കണ്ണുരുട്ടിയാല്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ഉത്തരവില്‍ ഒപ്പിടാന്‍ പാടില്ലായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുമെന്ന് അദ്ദേഹം ചിന്തിക്കണമായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു. കാലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോള്‍ ഫയലില്‍ കണ്ണടച്ച് ഒപ്പിട്ട എക്‌സൈസ് മന്ത്രി അഴിമതിയില്‍ കൂട്ടുപ്രതിയാണ്. പ്രളയ ദുരിതാശ്വാസനിധിയിലേക്കുള്ള ഫണ്ട് സമാഹരണം സുതാര്യമായിരിക്കണം. അതിന് പ്രത്യേക അക്കൗണ്ട് വേണമെന്ന് ആവശ്യപ്പെട്ടിട്ടും സജ്ജമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ല. ഡാമുകള്‍ കൂട്ടത്തോടെ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ട പ്രളയകാരണത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ സിപിഎമ്മിന്റെ പങ്കുകൂടി അന്വേഷണവിധേയമാക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്‍ ആശ്യപ്പെട്ടു. പ്രഥമദൃഷ്യാ ഈ ഇടപാടില്‍ അഴിമതി ഉണ്ടെന്ന കാര്യം വ്യക്തമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും എക്‌സൈസ് വകുപ്പ് മന്ത്രിയും പ്രതിക്കൂട്ടിലാണ്. നഗ്നമായ അഴിമതി നടന്ന ഈ ഇടപാടില്‍ സമഗ്ര അന്വേഷണം തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it