Flash News

ബ്രുവറിയില്‍ വാക്‌പോര്

തിരുവനന്തപുരം/കോഴിക്കോട്്: ബ്രുവറി തുടങ്ങാന്‍ കിന്‍ഫ്ര ആര്‍ക്കും സ്ഥലം കൊടുത്തിട്ടില്ലെന്നും കൊടുക്കാത്ത ഭൂമിയുടെ പേരിലാണ് വിവാദമെന്നും വ്യവസായ മന്ത്രി ഇപി ജയരാജന്‍. കാര്യങ്ങള്‍ അറിയാതെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണങ്ങള്‍ ഉന്നയിച്ചത്.
താന്‍ ആര്‍ക്കും ഇതുവരെ ഭൂമി അനുവദിച്ചിട്ടില്ല. ഇത്തരം ഒരു പ്രശ്‌നവും തന്റെ മുന്നിലെത്തിയിട്ടുമില്ല. കിന്‍ഫ്രയുടെ കൈവശം ഭൂമിയുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഉണ്ടെന്നു പറഞ്ഞുവെന്നതല്ലാതെ ഭൂമി അനുവദിച്ചിട്ടില്ല. ആര്‍ക്കെങ്കിലും വ്യവസായം തുടങ്ങാന്‍ സ്ഥലം ആവശ്യമുണ്ടെങ്കില്‍ കിന്‍ഫ്രയോട് ചോദിക്കും. സ്ഥലമുണ്ടെങ്കില്‍ ഉെണ്ടന്നു പറയും. അതാണ് സംഭവിച്ചത്. എത്രയോ മാസങ്ങള്‍ക്കു മുമ്പാണ് ഇതൊക്കെ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്രുവറിക്കായി കിന്‍ഫ്ര പാര്‍ക്കില്‍ ഭൂമി അനുവദിച്ചുവെന്ന സര്‍ക്കാര്‍ ഉത്തരവ് തെറ്റാണ്. പവര്‍ ഇന്‍ഫ്രാടെകിന് കിന്‍ഫ്ര പാര്‍ക്കില്‍ ഭൂമി നല്‍കിയിട്ടില്ല. അതുകൊണ്ടാണ് ഉത്തരവ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തത്. ബ്രുവറിക്കായി പലയിടത്തും ഭൂമി നല്‍കിയെന്ന നാല് ഉത്തരവുകളാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. പവര്‍ ഇന്‍ഫ്രാടെക് എന്ന കമ്പനിക്ക് എറണാകുളത്ത് കിന്‍ഫ്ര പാര്‍ക്കില്‍ 10 ഏക്കര്‍ നല്‍കിയെന്നായിരുന്നു ഒരുത്തരവില്‍ പറഞ്ഞിരുന്നത്.
എന്നാല്‍, എറണാകുളത്തെ കിന്‍ഫ്ര പാര്‍ക്കിലോ സമീപ ജില്ലകളിലോ 10 ഏക്കര്‍ കൊടുക്കാനുള്ള ഭൂമി കിന്‍ഫ്രയുടെ കൈയിലില്ലെന്നതാണ് വസ്തുത. ബ്രുവറി, ഡിസ്റ്റിലറി വിഷയത്തില്‍ എന്ത് സുതാര്യക്കുറവാണ് ഉള്ളതെന്ന് മന്ത്രി ചോദിച്ചു. വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല. പുതിയ ബ്രുവറി നല്‍കേണ്ടെന്ന് മന്ത്രിസഭാ തീരുമാനവുമില്ല. അതുകൊണ്ട് തീരുമാനം പിന്‍വലിക്കേണ്ട കാര്യമില്ല. എക്‌സൈസ് വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്നും ജയരാജന്‍ വിശദീകരിച്ചു. ബ്രുവറിക്കായി അനുമതി നല്‍കുമ്പോള്‍ സ്ഥലം പരിശോധിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി തന്നെ പറഞ്ഞിരുന്നു. ഒരു കമ്പനിക്കും ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം,ബ്രൂവറിക്കായി സ്ഥലം അനുവദിച്ച സംഭവത്തില്‍ മന്ത്രി ഇ പി ജയരാജന്റെ പ്രസ്താവന തെറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറിക്കായി കിന്‍ഫ്ര സ്ഥലം നല്‍കിയില്ലെന്ന വാദം തെറ്റാണെന്ന് ചെന്നിത്തല പറഞ്ഞു. അനുമതി നല്‍കിയത് ഈ മാസം 5നാണ്. ഇതുമായി ബന്ധപ്പെട്ട് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ് ഒപ്പിട്ട ഉത്തരവ് പുറത്തിറങ്ങിയതായും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കോഴിക്കോട് പാര്‍ലമെന്റ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഉത്തരവിന്റെ പകര്‍പ്പ് സഹിതം കാര്യങ്ങള്‍ വിശദീകരിച്ചത്.
കിന്‍ഫ്രയുടെ സ്ഥലം വിട്ടുനല്‍കിയതില്‍ വ്യവസായ വകുപ്പിനും പങ്കുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. പത്ത് ഏക്കര്‍ സ്ഥലം നല്‍കിയെന്നും ഇതില്‍ ആരാണ് ഒപ്പിട്ടതെന്നും ചെന്നിത്തല ചോദ്യം ഉന്നയിച്ചിരുന്നു. ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവിട്ടതോടെ വിവാദം കൂടുതല്‍ ആളിപ്പടരുകയാണ്.
Next Story

RELATED STORIES

Share it