World

ബ്രിട്ടനില്‍ വീണ്ടും രാസ ആക്രമണം

ലണ്ടന്‍: ബ്രിട്ടനില്‍ കഴിഞ്ഞദിവസം ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ദമ്പതികള്‍ക്കു നേരെ പ്രയോഗിച്ചത്, കൂറുമാറിയ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപലിനും മകള്‍ക്കുമെതിരേ പ്രയോഗിച്ച നൊവിചോക്ക് രാസവസ്തുവാണെന്ന് പോലിസ്.
സ്‌ക്രിപലിനു പരിക്കേറ്റ സാലിസ്‌ബെറിയില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ അമിസ്‌ബെറിയിലെ ഒരു വീട്ടില്‍ നിന്നാണ് ബ്രിട്ടിഷ് പൗരന്‍മാരായ ചാര്‍ലി റോലിയെ(45)യും ഡോന്‍ സറ്റര്‍ഗസി(44)നെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. രണ്ടു സംഭവങ്ങളും തമ്മില്‍ വ്യക്തമായ ബന്ധമുണ്ടെന്ന് ബ്രിട്ടണ്‍ കൗണ്ടര്‍ ടെററിസം മേധാവി നീല്‍ ബസു അറിയിച്ചു. രാസ ആക്രമണം പോലിസ് സ്ഥിരീകരിച്ചതോടെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു.
മിലിട്ടറി റിസര്‍ച് സെന്ററില്‍ നടത്തിയ പരിശോധനയിലാണ് നൊവിചോക്കിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്്. ഇരുവരും എങ്ങനെ ഈ രാസായുധത്തിന്റെ ആക്രമണത്തിനിരയായി എന്നു വ്യക്തമായിട്ടില്ല.  ആശുപത്രിയില്‍ കഴിയുന്ന ദമ്പതികള്‍ അബോധാവസ്ഥയില്‍ തുടരുകയാണ്. സംഭവത്തില്‍ യുകെ ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചു. രാസവസ്തുവിന്റെ സാന്നിധ്യം മേഖലയില്‍ ഉണ്ടോയെന്നു പരിശോധിക്കുകയാണ്. വഴിയില്‍ കിടക്കുന്നതോ വീടിനു മുമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലോ എന്തു വസ്തു കണ്ടാലും തൊടരുതെന്നു പ്രദേശവാസികള്‍ക്കു പോലിസ് നിര്‍ദേശം നല്‍കി.  അമിസ്‌ബെറിയിലെ അഞ്ചിടത്തു ജനത്തിനു പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സാലിസ്‌ബെറിയില്‍ സ്‌ക്രിപലിനും മകള്‍ക്കും നേരെ നൊവിചോക്ക് ആക്രമണമുണ്ടാവുന്നത്. വീടിന്റെ വാതില്‍പ്പിടിയില്‍ ദ്രാവകരൂപത്തില്‍ പ്രയോഗിച്ച നെര്‍വ് ഏജന്റായിരുന്നു ഇരുവര്‍ക്കും വിനയായത്. സ്‌ക്രിപല്‍ ഇപ്പോഴും അപകടാവസ്ഥ തരണംചെയ്തിട്ടില്ല, നൊവിചോക്ക് നിര്‍വീര്യമാക്കാനെത്തിയ ഒരു പോലിസുകാരനും പരിക്കേറ്റിരുന്നു. ആക്രമണത്തിനു പിന്നില്‍ റഷ്യയാണെന്ന് ബ്രിട്ടന്‍ ആരോപിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്തിരുന്നു.
ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂനിയന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തതാണ് ഈ രാസായുധം.
പുതിയ ആക്രമണം റിപോര്‍ട്ട് ചെയ്തതോടെ സ്‌ക്രിപാലും മകള്‍ക്കുമെതിരായ ആക്രമണത്തില്‍ ബ്രിട്ടിഷ് പ്രതിരോധമന്ത്രി ബെന്‍ വാല്ലസ് റഷ്യയോട് വിശദീകരണം തേടി. റഷ്യയില്‍ നിന്നുള്ള മറുപടിക്ക് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ ബ്രിട്ടണ്‍, റഷ്യന്‍ വിദഗ്ധരുടെ സഹായം തേടണമെന്ന് റഷ്യന്‍ പാര്‍ലമെന്റ് ഡിഫന്‍സ് കമ്മിറ്റി മേധാവി വഌദിമിര്‍ ഷാമനോവ് അഭിപ്രായപ്പെട്ടു. എന്നാല്‍ ബ്രിട്ടനിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ലോകകപ്പ് മല്‍സരങ്ങള്‍ക്ക് ആതിഥ്യമരുളുന്ന റഷ്യയോടുള്ള മതിപ്പ് ഇല്ലാതാക്കാനുള്ള ശ്രമമാണു പുതിയ ആക്രമണമെന്നായിരുന്നു പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ സെര്‍ജി ഷെലെന്‍യാകിന്റെ പ്രതികരണം.
അതേസമയം ആക്രമിക്കപ്പെടുന്നതിനു മാസങ്ങള്‍ക്കു മുമ്പുതന്നെ സ്‌ക്രിപാലിനെയും മകളെയും റഷ്യ നിരീക്ഷിച്ചിരുന്നതായി ബിബിസി റിപോര്‍ട്ട്. 2013ല്‍ യുലിയയുടെ ഇ-മെയില്‍ അക്കൗണ്ട് റഷ്യ ഹാക്ക് ചെയ്തിരുന്നതായും  റിപോര്‍ട്ടില്‍ പറയുന്നു.




x
Next Story

RELATED STORIES

Share it