ബ്രസീലിന് കണ്ണീരോടെ വിട

മോസ്‌കോ: ആറാമതൊരു ലോകകപ്പ് കിരീടം സ്വന്തമാക്കാനായി ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനെതിരേ ഇറങ്ങിയ ബ്രസീലിന് കണ്ണീരോടെ മടക്കം. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ പരാജയപ്പെട്ടത്. മറ്റൊരു മല്‍സരത്തില്‍ ഫ്രാന്‍സ് ഉറുഗ്വേയെ 2-0ന് പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചു.
ബെല്‍ജിയത്തിന്റെ ആക്രമണ-പ്രതിരോധ മിടുക്കും ബ്രസീലിന്റെ മുന്നേറ്റനിരയിലുള്ള പിഴവും കണ്ട മല്‍സരത്തിലാണ് ബെല്‍ജിയം ജയിച്ചു കയറിയത്. മല്‍സരത്തില്‍ ബ്രസീലിന് അനവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിങിലെ പിഴവാണ് ബ്രസീലിനെ പരാജയത്തിലേക്ക് നയിച്ചത്.  ബ്രസീല്‍ താരം ഫെര്‍ണാണ്ടീഞ്ഞോയുടെ സെല്‍ഫ് ഗോളും ഡി ബ്രുയിന്റെ ഗോളുമാണ് ബെല്‍ജിയത്തിന് 2-1ന്റെ ജയം സമ്മാനിച്ചത്.
12ാം മിനിറ്റില്‍ ബെല്‍ജിയത്തിനാദ്യമായി കോര്‍ണര്‍ ലഭിച്ചപ്പോള്‍ നെസാര്‍ ചാഡ്‌ലി എടുത്ത കോര്‍ണര്‍ കിക്ക് ബ്രസീല്‍ പോസ്റ്റിനടുത്തു വച്ച്് ഫെര്‍ണാണ്ടീഞ്ഞോയുടെ കൈയില്‍ തട്ടി പന്ത് ബ്രസില്‍ വലയിലേക്ക് കുതിക്കുകയായിരുന്നു. ബെല്‍ജിയം 1-0ന് മുന്നില്‍. 32ാം മിനിറ്റിലാണ് പിന്നീട് ഗോള്‍ വീണത്്. മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്ന് ലൂക്കാക്കു പന്തുമായി മികച്ച മുന്നേറ്റം നടത്തി ബ്രസീല്‍ ബോക്‌സിനടുത്തു വച്ച് ഡി ബ്രുയിന് നല്‍കിയപ്പോള്‍ മികച്ചൊരു ഷോട്ടോടെ ഡിബ്രുയിന്‍ അത് ലക്ഷ്യത്തിലെത്തിച്ചു. ബെല്‍ജിയം 2-0ന് മുന്നില്‍. 36ാം മിനിറ്റില്‍ കോട്ടീഞ്ഞോ ഒന്നാന്തരമൊരു ഗോളുതിര്‍ത്തെങ്കിലും ഗോളിയുടെ കൈകളില്‍ തട്ടി പുറത്തേക്ക് തെറിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ റെനാറ്റോ അഗസ്‌റ്റോയിലൂടെ ബ്രസീല്‍ അക്കൗണ്ട് കുറന്നു. കോട്ടീഞ്ഞോ നല്‍കിയ ക്രോസിനെ അഗസ്‌റ്റോ ഹെഡ്ഡറിലൂടെ ഗോള്‍ കണ്ടെത്തുകയായിരുന്നു.
പരിക്കു കാരണം സൂപ്പര്‍ താരം എഡിന്‍സന്‍ കവാനിയെ ബെഞ്ചിലിരുത്തിയാണ് ഉറുഗ്വേ കോച്ച്  ടീമിനെ കളത്തിലിറക്കിയത്. 40ാം മിനിറ്റില്‍ റാഫേല്‍ വരാനെയും 61ാം മിനിറ്റില്‍ അന്റോണിയോ ഗ്രീസ്മാനുമാണ് ഫ്രാന്‍സിന് വേണ്ടി വല ചലിപ്പിച്ചത്. 2006ല്‍ റണ്ണറപ്പായശേഷം ആദ്യമായാണ് ഫ്രാന്‍സ് ലോകകപ്പിന്റെ സെമിയിലെത്തുന്നത്.
Next Story

RELATED STORIES

Share it