Flash News

ബ്രസീലിന്റെ ഫുട്‌ബോള്‍ പ്രഫസര്‍

ബ്രസീലിന്റെ ഫുട്‌ബോള്‍ പ്രഫസര്‍
X


വിഷ്ണു സലി
ഫുട്‌ബോള്‍ എന്നത് കേവലമൊരു കായിക വിനോദം മാത്രമല്ല. ലോകത്തിലെ കോടാനുകോടി ജനങ്ങളുടെ സംസ്‌കാരവും രാഷ്ടട്രീയവും വികരാവുമെല്ലാം ഒത്തുചേരുന്ന മാസ്മരിക കാഴ്ചയ്ക്കാണ് ഓരോ മല്‍സരങ്ങളും സാക്ഷ്യം വഹിക്കുന്നത്. റഷ്യയിലെ പുല്‍പ്പരപ്പില്‍ 32 സംസ്‌കാരങ്ങളുടെ സംഗമത്തിന് ഇനി 28 നാള്‍ മാത്രം അവശേഷിക്കെ കാല്‍പന്തില്‍ വിസ്മയം തീര്‍ത്ത പ്രതിഭകളെ ഇവിടെ വീണ്ടും ഓര്‍ത്തെടുക്കാം.
വായുനിറച്ച തുകല്‍പന്തുകൊണ്ട് ചിരിയും കണ്ണുനീരും കൈയടിയും ഗാലറിയില്‍ നിറക്കാന്‍ പഠിപ്പിച്ച ബ്രസീല്‍ നിരയില്‍ നിന്ന് ഇതിഹാസങ്ങള്‍ പലരുമുണ്ടായിട്ടുണ്ട്. പെലെ, ദിദി, ഗാരിഞ്ച, വാവ, നില്‍റ്റണ്‍ സാന്റോസ്, കഫു, റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ ഇങ്ങനെ നീളുന്നു ആ പട്ടിക. എന്നാല്‍ അഞ്ച് തവണ ലോക ഫുട്‌ബോളിനെ അടക്കിവാണ ബ്രസീലിനൊപ്പം ഏറ്റവും കൂടുതല്‍ കപ്പുയര്‍ത്തിയ ഫുട്‌ബോളര്‍ ആരാണ് ?. ഇത്തരമൊരു ചോദ്യമുന്നയിക്കപ്പെട്ടാല്‍ പെലെ എന്നാണ് ആദ്യം മനസിലേക്കോടിയെത്തുന്നതെങ്കിലും ആ നേട്ടം പെലെയ്ക്ക് അര്‍ഹതപ്പെട്ടതല്ല. അത് മരിയോ യോര്‍ഗെ ലോബോ സഗാലോ എന്ന മരിയോ സഗാലോയ്ക്ക് അവകാശപ്പെട്ടതാണ്. 1958 മുതല്‍ 1964 വരെ ബ്രസീല്‍ ജഴ്‌സിയണിഞ്ഞ സഗാലോ മഞ്ഞ ജഴ്‌സിയില്‍ നേടിയെടുത്തത് മൂന്ന് വേഷങ്ങളില്‍ നാല് കിരീടങ്ങളാണ്. 1958, 1962 ലോകകപ്പ് ജേതാക്കളായ ബ്രസീല്‍ ടീം അംഗം, 1970ല്‍ കിരീടം നേടിയ ബ്രസീല്‍ ടീം പരിശീലകന്‍, 1994ല്‍ കിരീടം നേടിയ ബ്രസീല്‍ ടീം സഹപരിശീലകന്‍, 1974ല്‍ നാലാം സ്ഥാനം നേടിയ ബ്രസീല്‍ ടീം പരിശീലകന്‍, 1998ല്‍ റണ്ണേഴ്‌സ് അപ്പായ ബ്രസീല്‍ ടീം പരിശീലകന്‍, 2006ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ബ്രസീല്‍ ടീം സഹപരിശീലകന്‍, ഇങ്ങനെ വ്യത്യസ്തമായ റോളുകളില്‍ ബ്രസീലിന്റെ നാല് നേട്ടങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ സാധിച്ച മറ്റൊരു താരവുമില്ലെന്നതാണ് സത്യം.
ബ്രസീല്‍ ഉയര്‍ത്തിയ അഞ്ച് കിരീടങ്ങളില്‍ നാലിലും സഗാലോയുടെ കരസ്പര്‍ശമുണ്ടായിരുന്നു. ലോക ഫുട്‌ബോളില്‍ ഇത്ര കണ്ട് അനുഗ്രഹിക്കപ്പെട്ടവര്‍ ചുരുക്കം. ഒരു മനുഷ്യായുസ് മുഴുവന്‍ ആരവങ്ങളുയരുന്ന കളിക്കളത്തില്‍ ബ്രസീലിനൊപ്പം ചിലവഴിച്ച് സഗാലോയെ ബ്രസീല്‍ ഫുട്‌ബോളിന്റെ പിതാവ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ആരാധകലോകം ഫുട്‌ബോളിന്റെ പ്രഫസറെന്നും അദ്ദേഹത്തെ വിളിക്കുന്നു. 1948-49 കാലഘട്ടങ്ങളില്‍ അമേരിക്കയ്‌ക്കൊപ്പമായിരുന്ന സഗാലോയുടെ തുടക്കം. പിന്നീട് ഫഌമെന്‍ഗോ ക്ലബ്ബിലൂടെ കാല്‍പന്തില്‍ പയറ്റിത്തെളിച്ച സഗാലോ 1958ല്‍ ബ്രസീല്‍ ടീമിലും ഇടം കണ്ടെത്തി. ചെറുപ്പം മുതല്‍ക്കെ ഫുട്‌ബോളിലെ നെഞ്ചേറ്റിലാളിച്ച സഗാലോയെപ്പോലെ ബ്രസീല്‍ ഫുട്‌ബോളിന്റെ ശൈശവവും ബാല്യവും കൗമാരവും അറിയുന്നവര്‍ ഉണ്ടാവില്ല. ബ്രസീല്‍ ജഴ്‌സിയില്‍ 33 മല്‍സരങ്ങള്‍ കളിച്ച സഗാലോ അഞ്ച് ഗോളുകളാണ് നേടിയിട്ടുള്ളത്.
13 എന്ന നമ്പറിനെ ഭാഗ്യമായി കാണുന്ന താരമാണ് സഗാലോ. തന്റെ കല്യാണം നടത്തിയത് 13ാം തീയ്യതി, ഗ്രൗണ്ടില്‍ അണിയുന്ന വസ്ത്രങ്ങളില്‍ 13 എന്ന നമ്പര്‍, താമസിക്കുന്ന റൂം നമ്പര്‍ 13. ഇങ്ങനെ 13നെ സ്‌നേഹിക്കുന്ന സഗാലോയിലൂടെയാണ് പെലെ ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോഡ് സ്വന്തമാക്കിയത്. 1958 ലോകകപ്പ് ഫൈനലില്‍ സ്വീഡനെതിരായ മല്‍സരത്തിന്റെ 55ാം മിനിറ്റില്‍ സഗാലോ നല്‍കിയ ക്രോസില്‍ നിന്നാണ് പെലെ ചരിത്ര നേട്ടം സ്വന്തം പേരിലെഴുതിയത്. അന്ന ഗോള്‍ നേടുമ്പോള്‍ 17 വയസും 249 ദിവസവുമായിരുന്നു പെലെയുടെ പ്രായം.
1964ല്‍ സഗാലോ കളി മതിയാക്കിയെങ്കിലും ഫുട്‌ബോളിനൊപ്പം തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. രണ്ട് വര്‍ഷത്തെ വിശ്രമത്തിന് ശേഷം പരിശീലകനായി അദ്ദേഹം ഫുട്‌ബോളിലേക്ക് കടന്നുവന്നു. തന്റെ ആദ്യ കാല ക്ലബ്ബായ ബോട്ടാഫോഗോയിലൂടെയായിരുന്നു അദ്ദേഹം പരിശീലന കരിയര്‍ അരംഭിച്ചത്. 1967-68 ല്‍ സഗാലോ ബ്രസീലിന്റെ തന്ത്രങ്ങളുടെ അമരത്തേക്കെത്തി. 1970ലെ മെക്‌സിക്കോ ലോകകപ്പില്‍ ബ്രസീലിന്റെ പരിശീലകസ്ഥാനത്തിരുന്ന് ടീമിന് കിരീടം നേടിക്കൊടുത്തതോടെ കളിക്കാരാനായും പരിശീലകനായും ലോകകപ്പ് നേടുന്ന ആദ്യ വ്യക്തിയായി സഗാലോ മാറി. പിന്നീട് ക്ലബ്ബ് ഫുട്‌ബോളില്‍ സജീവമായ സഗാലോ 1991ല്‍ ബ്രസീല്‍ ടീമിലേക്ക് മടങ്ങിയെത്തി. ഇത്തവണ കാര്‍ലോസ് ആല്‍ബര്‍ട്ടോ പെരേരയുടെ സഹപരിശീലകനായിരുന്നു സഗാലോ. എന്നാല്‍ 1994ല്‍ പെരേര സ്ഥാനമൊഴിഞ്ഞതോടെ വീണ്ടും സഗാലോ ബ്രസീലിന്റെ മുഖ്യ പരിശീലകനായി. 1998ലെ ഫ്രാന്‍സ് ലോകകപ്പിന്റെ ഫൈനലില്‍ ബ്രസീല്‍ എത്തിയെങ്കിലും ഫ്രാന്‍സിന് മുന്നില്‍ തോല്‍വി വഴങ്ങേണ്ടി വന്നു. പിന്നീട് ടീമില്‍ നിന്ന് വിട്ടുനിന്ന സഗാലോ 2003ല്‍ വീണ്ടും ബ്രസീലിന്റെ സഹ പരിശീലകനായെത്തി. 2006വരെ അദ്ദേഹം ബ്രസീലിനൊപ്പം തുടര്‍ന്നു. അദ്ദേഹകത്തിന്റെ പരിശീലക മികവിന്റെ ആദരവായി 1997ല്‍ ഐഎഫ്എഫ്എച്ച്എസിന്റെ ലോകത്തിലെ മികച്ച പരിശീലകനുള്ള പുരസ്‌കാരവും 2013ലെ ഓള്‍ടൈം ഗ്രേറ്റസ്റ്റ് മാനേജര്‍ പുരസ്‌കാരവും സഗാലോയ്ക്ക് ലഭിച്ചിരുന്നു.
Next Story

RELATED STORIES

Share it