ബ്രഡ് ഒഴിവാക്കി; ആയുര്‍വേദ ആശുപത്രികളില്‍ സമ്പുഷ്ട ഭക്ഷണം

തിരുവനന്തപുരം: സംസ്ഥാനത്തെ ഭാരതീയ ചികില്‍സാ വിഭാഗത്തിനു കീഴിലുള്ള ആയുര്‍വേദ ആശുപത്രികളിലെ കിടപ്പു രോഗികളുടെ ഡയറ്റ് പ്ലാന്‍ പരിഷ്‌കരിച്ച് ഉത്തരവു പുറപ്പെടുവിച്ചതായി മന്ത്രി കെ കെ ശൈലജ.
ഡയറ്റ് ഷെഡ്യൂളില്‍ നിന്ന് ബ്രഡ് ഒഴിവാക്കി പുട്ട്, ചെറുപയര്‍ കറി, ഗോതമ്പ്, റവ, ഉപ്പുമാവ്, ഓട്ട്‌സ് എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്‍ 150 ഗ്രാം വീതം ഉള്‍പ്പെടുത്തിയാണു ഡയറ്റ് ഷെഡ്യൂള്‍ പരിഷ്‌കരിച്ച് ഉത്തരവ് പുറത്തിറക്കുന്നതെന്നു മന്ത്രി പറഞ്ഞു. ആയുഷ് മേഖലയുടെ സമഗ്ര പുരോഗതിക്കായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഭാരതീയ ചികില്‍സാ വിഭാഗത്തില്‍ വിവിധ പദ്ധതികള്‍ക്കായി ഈ വര്‍ഷം 48.20 കോടി രൂപയാണു സര്‍ക്കാര്‍ അനുവദിച്ചത്.
ആയുര്‍വേദത്തിന്റെ പ്രസക്തി ഉള്‍ക്കൊണ്ടാണ് കണ്ണൂരില്‍ അന്തര്‍ദേശീയ ആയുര്‍വേദ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നത്. പ്രാഥമിക പ്രൊജക്റ്റ് തയ്യാറാക്കി ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു.
ഇന്റര്‍നാഷനല്‍ മ്യൂസിയം, നൂതന സ്പെഷ്യാലിറ്റി ആശുപത്രി, മികച്ച ഗവേഷണ കേന്ദ്രം, ഔഷധത്തോട്ടം എന്നിവയെല്ലാമുണ്ടാവും.
ആയുര്‍വേദം, യോഗ, പ്രകൃതിചികില്‍സ യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവകളുടെ വിവിധ സ്പെഷ്യാലിറ്റി ചികില്‍സാ രീതികള്‍ ലോകമെങ്ങും പരിചയപ്പെടുത്താനും അവയെ ശക്തിപ്പെടുത്താനുമായി ആയുഷ് കോണ്‍ക്ലേവും സംഘടിപ്പിക്കുമെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it