Gulf

ബ്യൂട്ടി പാര്‍ലറുകള്‍ക്കും ബാര്‍ബര്‍ ഷോപ്പുകള്‍ക്കും കര്‍ശന നിയന്ത്രണം

ദോഹ: ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി സലൂണുകള്‍, മസാജ് സെന്ററുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ നിയമം കര്‍ശനമാക്കും. സലൂണുകള്‍ക്ക് പുതിയ ചട്ടങ്ങള്‍ നിര്‍മിക്കുന്നതിന് വിവിധ മന്ത്രാലയങ്ങളില്‍പ്പെട്ടവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയെ നിയോഗിച്ചതായി ആരോഗ്യ മന്ത്രി അറിയിച്ചു.
മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ദോഹയില്‍ ഈയാഴ്ച നിരവധി ബ്യൂട്ടീ സലൂണുകള്‍ അടപ്പിച്ചിരുന്നു. ഇത്തരം കേന്ദ്രങ്ങള്‍ക്കുള്ള സുരക്ഷാ, ലൈസന്‍സിങ് പ്രക്രിയകള്‍ കര്‍ശനമാക്കണമെന്ന് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടതായി ഖത്തര്‍ ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു.
പൊതുജനാരോഗ്യം, മുനിസിപ്പാലിറ്റി-പരിസ്ഥിതി, ധന-വാണിജ്യം മന്ത്രാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള സമിതി ഉണ്ടാക്കിയിരിക്കുന്നത്.
ബ്യൂട്ടി സലൂണുകളുടെ ലൈസന്‍സിങ് നടപടികള്‍ കര്‍ശനമാണെങ്കിലും മസാജ് പാര്‍ലറുകളുടെ കാര്യത്തില്‍ വേണ്ടത്ര കാര്‍ക്കശ്യം പുലര്‍ത്തുന്നില്ലെന്നാണ് പരാതി. ഇത്തരം സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രൊഫഷനല്‍ യോഗ്യത ഉള്ളവരായിരിക്കണമെന്ന് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ആന്റ് കമ്യൂണിക്കബിള്‍ ഡിസീസ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ഹാജിരിയും മെഡിക്കല്‍ കമ്മീഷന്‍ ഡയറക്ടര്‍ ഡോ. ഇബ്‌റാഹിം അല്‍ശാറും ശുപാര്‍ശ ചെയ്തു. മസാജ് തെറാപിസ്റ്റുകള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന കോഴ്‌സുകള്‍ നല്‍കണമെന്നും അവര്‍ നിര്‍ദേശിച്ചു. എല്ലാ ഉപഭോക്താക്കളുടെയും പൂര്‍ണമായ രേഖകള്‍ സൂക്ഷിക്കണം. മസാജിന് ശേഷം എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പരിശോധിക്കുന്നതിന് വേണ്ടിയാണ് ഇതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
മിര്‍ഖബ് അല്‍ജദീദിലെ ലാ ഫോര്‍മെ ബ്യൂട്ടി ലോഞ്ചും ബിന്‍ ഉംറാനിലെ ഡയാന ബ്യൂട്ടി സെന്ററും കഴിഞ്ഞ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി എംഇസിയിലെ പരിശോധകര്‍ പൂട്ടിച്ചിരുന്നു.
ഖത്തറിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ സലൂണ്‍ ആണ് തങ്ങളുടേതെന്നാണ് ലാ ഫോര്‍മെ അതിന്റെ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നത്.
കാലാവധി കഴിഞ്ഞ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിച്ചതിനാണ് ഇവര്‍ക്കെതിരായ നടപടിയെന്ന് എംഇസി പ്രസ്താവനയില്‍ പറയുന്നു. ഒരു മാസത്തേക്കാണ് ഷോപ്പ് അടപ്പിച്ചത്.
Next Story

RELATED STORIES

Share it