ബോര്‍ഡ് അംഗം 9 മാസത്തിനിടെ വാങ്ങിയത് 10 ലക്ഷത്തോളം രൂപ

തൃശൂര്‍: കലാമണ്ഡലം ഭരണസമിതി എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട് ഒമ്പതു മാസത്തിനകം ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശ് 10 ലക്ഷത്തോളം രൂപ എഴുതിവാങ്ങിയതായി വിവരാവകാശ രേഖ. സിറ്റിങ് ഫീസ്, ടി എ ഇനങ്ങളിലായി 1,96,000 രൂപയും അരിയര്‍ ആയി എട്ടരലക്ഷം രൂപയും എഴുതിയെടുത്തെന്നാണു കൊണ്ടാഴി സ്വദേശി ഷാജി അബ്രഹാം നല്‍കിയ അപേക്ഷയ്ക്കു ലഭിച്ച മറുപടിയിലുള്ളത്. പ്രതിമാസം ഏകദേശം 22,000 രൂപയാണ് ഇങ്ങനെ വാങ്ങിയിട്ടുള്ളത്. കലാമണ്ഡലത്തിലെ ഒരു അധ്യാപകനു ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന തുകയാണിത്.
ഒരു ദിവസം ഒരു മീറ്റിങില്‍ മാത്രമേ വാങ്ങാവൂ എന്നിരിക്കേ ഒരേ ദിവസം മൂന്നു സിറ്റിങില്‍ വരെ പങ്കെടുത്തുവെന്ന് രേഖ ചമച്ചാണ് ഒമ്പതു മാസം കൊണ്ട് 1,27,000 രൂപ സിറ്റിങ് ഫീസ് ഇനത്തില്‍ മാത്രം കൈപ്പറ്റിയിരിക്കുന്നത്.
കലാമണ്ഡലത്തിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പേ റിവിഷന്‍ ആനുകൂല്യമായി വലിയ തുക കിട്ടാനുള്ളതു പരിഗണിക്കാതെ ഭരണസമിതി അംഗം ചുമതലയേറ്റയുടനെയാണു സ്വന്തം അരിയറായി എട്ടര ലക്ഷത്തോളം രൂപ എഴുതിയെടുത്തത്. ഓഡിറ്റ് ഒബ്ജക്ഷന്‍ നിലനില്‍ക്കുന്നതു പരിഗണിക്കാതെയാണ് ഇത്രയും വലിയ തുക കൈപ്പറ്റിയിരിക്കുന്നതെന്നാണ് ആക്ഷേപം. സര്‍ക്കാരില്‍ പരാതി എത്തിയെങ്കിലും നടപടിയില്ലാത്തതിനാല്‍ വിജിലന്‍സില്‍ പരാതി നല്‍കാനുള്ള നീക്കം നടക്കുന്നുവെന്നാണ് അറിവായത്. അതേസമയം നിയമാനുസൃതമല്ലാതെ കൈപ്പറ്റിയ തുക തിരിച്ചടപ്പിച്ചു നടപടികളില്‍ നിന്നു തടിയൂരാന്‍ അധികൃതരുടെ ഭാഗത്തു നിന്ന് ശ്രമവും നടക്കുന്നുണ്ട്.
മറ്റു ഭരണസമിതി അംഗങ്ങളില്‍ ഒരാള്‍ സിറ്റിങ് ഫീസ് ഇനത്തില്‍ വാങ്ങിയ കൂടിയ തുക 54,000 രൂപയാണ്. ഒരംഗം ഇതുവരെ വെറും 6,000 രൂപ മാത്രമേ വാങ്ങിയിട്ടുള്ളൂവെന്നും വിവരാവകാശ രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it