thiruvananthapuram local

ബോണക്കാട് യുപി സ്‌കൂളിന് ജീവനക്കാര്‍ താഴിട്ടു; പഠനം വഴിമുട്ടി വിദ്യാര്‍ഥികള്‍

കെ മുഹമ്മദ്— റാഫി

നെടുമങ്ങാട്: തോട്ടം മേഖലയിലെ വിദ്യാര്‍ഥികളുടെ പഠനം വഴിമുട്ടിച്ചു സ്‌കൂളിന് താഴിട്ട്  ജീവനക്കാര്‍. അരുവിക്കര നിയോജക മണ്ഡലത്തിലെ ബോണക്കാട് സര്‍ക്കാര്‍ യുപി സ്‌കൂളാണ് അടച്ചു പൂട്ടിയത്. പാലോട് എഇഒ യുടെ കീഴില്‍ വരുന്ന ഈ സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം വരെ ഒരു അധ്യാപകന്‍ മാത്രമാണ് ഉണ്ടായിരുന്നത്. പ്രധാന അധ്യാപകന്‍ കൂടിയായ ഇദ്ദേഹം പോലും മാസത്തില്‍ ഒരു തവണയാണ് ഇവിടെ വന്നിരുന്നത്. ഇത് കാരണം കഴിഞ്ഞ വര്‍ഷവും വിദ്യാര്‍ഥികളുടെ പഠനം നിലച്ചിരുന്നു.
നേരത്തെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍ തോട്ടം തൊഴിലാളികളുടെ മക്കള്‍ പഠനം നടത്തിയിരുന്നു. അപ്പര്‍, മിഡില്‍, ലോവര്‍ മേഖലകളില്‍ നിന്നായി ഇരുന്നൂറോളം കുടുംബങ്ങള്‍ ഇപ്പോള്‍ ബോണക്കാട് തോട്ടം മേഖലയില്‍ ഉണ്ട്. ഇവിടെ നിന്നും ഹൈസ്‌കൂള്‍ തലത്തില്‍ പഠനം നടത്താന്‍ വിതുരയില്‍ പോകുന്ന കുട്ടികള്‍ക്കൊപ്പമാണ് ഇപ്പോള്‍ യുപി തലത്തിലുള്ള വിദ്യാര്‍ഥികളും പോവുന്നത്.
നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍ അടച്ചു പൂട്ടിയത് ജീവനക്കാരുടെ അനാസ്ഥയെ തുടര്‍ന്നെന്നാണ് പൂര്‍വ്വ വിദ്യാര്‍ഥികള്‍ പറയുന്നു.  മിഡില്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ അപ്പര്‍ മേഖലയില്‍ നിന്നും ലോവര്‍ മേഖലയില്‍ നിന്നുമുള്ള ലയങ്ങളില്‍ നിന്നുമാണ് കുട്ടികള്‍ വന്നിരുന്നത്. ഇതും കിലോമീറ്ററുകള്‍ കാല്‍ നടയായി സഞ്ചരിച്ചും. വന്യ ജീവികളെ പേടിച്ചു ഇവിടെ വിദ്യ അഭ്യസിക്കാന്‍ വന്ന കുട്ടികള്‍ക്കാകട്ടെ പ്രതികൂല നിലപാടാണ് അധ്യാപകരില്‍ നിന്നുമുണ്ടായത്. സര്‍ക്കാര്‍ കുട്ടികള്‍ക്കാവശ്യമായ എല്ലാ സംവിധാനങ്ങളും ഈ സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്.
മുന്‍കാലത്ത്— ഇവിടെയുണ്ടായിരുന്ന പ്രധാന അധ്യാപകന്‍ സ്‌കൂളില്‍ താമസിച്ചു കുട്ടികളെ പഠിപ്പിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹം പോയ ഒഴിവില്‍ വന്ന അധ്യാപകരുടെ നിരുത്തരവാദസമീപനത്തെ തുടര്‍ന്ന് സ്‌കൂളിന് താഴിടുകയായിരുന്നു. സ്‌കൂള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ പതിനഞ്ചു കിലോ മീറ്ററോളം സഞ്ചരിച്ചു വിതുരയില്‍ എത്തിയാണ് ഇവിടുത്തെ കുട്ടികള്‍ പഠനം നടത്തുന്നത്. പോവാന്‍ കഴിയാത്ത കുട്ടികളാകട്ടെ പഠനം നിലച്ച  അവസ്ഥയിലുമാണ്. ജനപ്രതിനിധികള്‍ ഇവിടെവരുന്നത് ഇലക്ഷന് സമയത്തു വോട്ടു തേടി മാത്രമാണ്.
Next Story

RELATED STORIES

Share it