thiruvananthapuram local

ബോണക്കാട് കുരിശുമല സംഘര്‍ഷഭൂമിയാവുന്നു

സിയാദ് തൊളിക്കോട്

വിതുര: എട്ടുമാസമായി ബോണക്കാട് കുരിശുമലയില്‍ കുരിശു സ്ഥാപിക്കലുമായി നടക്കുന്ന വിവാദങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. ഇന്നലെ ഇവിടെ കുരിശു സ്ഥാപിക്കാനും പ്രാര്‍ഥനയ്ക്കുമായി എത്തിയ വിശ്വാസികളെ ബോണക്കാട് ചെക്ക് പോസ്റ്റില്‍ തടഞ്ഞതോടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാവുകയായിരുന്നു. കുരിശുമായി എത്തുന്ന വിശ്വാസികളെ തടയാന്‍ നേരത്തെ തന്നെ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പോലിസുകാര്‍ ചെക്ക്‌പോസ്റ്റില്‍ സജ്ജമായി നിന്ന് വിശ്വാസികളെ തടഞ്ഞതോടെ ഉന്തും തള്ളുമായി. പിന്നീട് ലാത്തി ചാര്‍ജില്‍ കലാശിച്ചു. ലാത്തിച്ചാര്‍ജില്‍ 30 ഓളം വിശ്വാസികള്‍ക്കും കല്ലേറില്‍ 11 ഓളം പോലിസുകാര്‍ക്കും പരിക്കേറ്റു. ഇവരെ വിതുര സര്‍ക്കാര്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജിലേക്കും കൊണ്ടു പോയി. പോലിസ് ആക്രമത്തില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ വിതുര കലുങ്ക് ജങ്ഷനില്‍ പൊന്മുടി പ്രധാന റോഡ് ഉപരോധിച്ചു. ഈ ഉപരോധവും അക്രമാസക്തമായി. പോലിസ് ലാത്തി വീശി നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതിനിടെ കെഎസ്ആര്‍ടിസി ബസ്സിന്റെ മുന്‍വശം ഒരു കൂട്ടം വിശ്വാസികള്‍ അടിച്ചു തകര്‍ത്തതായി പോലിസ് പറഞ്ഞു. സമരക്കാരില്‍ 20 ഓളം പേരെ പോലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സഭ നേതൃത്വം പോലിസ് സ്റ്റേഷനില്‍ ചര്‍ച്ച നടത്തി. പോലിസ് പിന്നീട് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു.  റൂറല്‍ എസ്പി, പാലോട് സിഐ, നെടുമങ്ങാട് സിഐ, വിതുര എസ്‌ഐ, ആര്യനാട് എസ്‌ഐ എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പോലിസുകാര്‍ സമരത്തെ നേരിടാന്‍ ഉണ്ടായിരുന്നു. ഇതിനിടെ വിതുര പോലിസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ പ്രാര്‍ഥനക്കായി ബോണക്കാട് കുരിശുമലയില്‍ 50 പേര്‍ വീതം അടങ്ങുന്ന സംഘത്തെ വിടാമെന്നും ധാരണയായി. എന്നാല്‍ എന്ന് പോകണമെന്നുള്ള വിശയത്തില്‍ സഭ നേതൃത്വം തീരുമാനമെടുത്തിട്ടില്ല. പോലിസ് നടപടിയെ നെയ്യാറ്റിന്‍കര അതിരൂപത ശക്തമായി അപലപിച്ചു. വിശ്വാസികളെ പോലിസ് തല്ലിച്ചതച്ചതായും പോലിസ് സ്‌റ്റേഷനില്‍ കൊണ്ട് പോയവരെ ഉടുതുണി പോലുമില്ലാതെ നിര്‍ത്തി അക്രമിച്ചതായും സഭ നേതൃത്വം മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്നുള്ള സമര പരിപാടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും സഭ നേതൃത്വം പറഞ്ഞു.
Next Story

RELATED STORIES

Share it