malappuram local

ബോട്ടുകളുടെ അറ്റകുറ്റപ്പണി: തൊഴിലാളികളെ കിട്ടാനില്ല

പൊന്നാനി: ട്രോളിങ് നിരോധനം 16 ദിവസം പിന്നിട്ടിട്ടും ബോട്ടുകളുടെ അറ്റകുറ്റപ്പണി പലയിടത്തും തുടങ്ങിയില്ല. തൊഴിലാളികളെ കിട്ടാനില്ലാത്തതാണ് ബോട്ടുകളുടെ സുഖചികില്‍സ വൈകാന്‍ കാരണം. ജില്ലയിലെ പ്രധാന തുറമുഖമായ പൊന്നാനി ഹാര്‍ബറില്‍ നിരവധി ബോട്ടുകളാണ് അറ്റകുറ്റപ്പണിക്കായി കരയിലേയ്ക്കു കയറ്റിയിട്ടുള്ളത്. കൊച്ചിയില്‍ നിന്നും ബേപ്പൂരില്‍ നിന്നുമുള്ള തൊഴിലാളികളാണ് അറ്റകുറ്റപ്പണിക്ക് പ്രധാനമായും വേണ്ടത്.
വലിയ കൂലി നല്‍കിയാലും തൊഴിലാളികളെ കിട്ടാനില്ലാത്ത സ്ഥിതിയാണെന്ന് ബോട്ടുടമകള്‍ പറയുന്നു. ട്രോളിങ് നിരോധന കാലമാണ് ബോട്ടുകളുടെ സുഖചികില്‍സ നടക്കുന്നത്. ലക്ഷങ്ങളാണ് ഇതിന് ചെലവ് വരുന്നത്. വലകളുടെ അറ്റകുറ്റപ്പണിക്കു തന്നെ ചുരുങ്ങിയത് അമ്പതിനായിരം രൂപയോളം വരും. ചെറിയൊരു ബോട്ടിന്റെ ശരാശരി അറ്റകുറ്റപ്പണിക്ക് മാത്രം അമ്പതിനായിരം രൂപ വേണം. ലക്ഷങ്ങള്‍ മുടക്കിയാണ് പലരും ബോട്ടുകള്‍ അറ്റകുറ്റപ്പണി നടത്തുന്നത്.
ട്രോളിങ് നിരോധനം കഴിയുന്നതോടെ മല്‍സ്യങ്ങള്‍ സമൃദ്ധമായി കിട്ടാന്‍ തുടങ്ങിയാല്‍ മുടക്കുമുതലും ലാഭവും തിരിച്ചുകിട്ടുമെന്നാണ് ബോട്ടുടമകളുടെ പ്രതീക്ഷ. പല ബോട്ടുകാരും കനത്ത നഷ്ടം മൂലം ബോട്ടുകള്‍ വിറ്റൊഴിവാക്കുന്നുണ്ട്.
നഷ്ടത്തിന്റെ പ്രധാനകാരണം തൊഴിലാളികളെ ആവശ്യത്തിന് കിട്ടാനില്ലാത്തതാണ്. പലരും പലിശയ്ക്കു പണമെടുത്തും വായ്പ വാങ്ങിയുമാണ് ബോട്ടുകളുടെ അറ്റകുറ്റപ്പണിക്കിറങ്ങുന്നത്. പൊന്നാനിയില്‍ മുന്നൂറിലധികം ബോട്ടുകള്‍ കടലില്‍ പോകുന്നുണ്ടെങ്കിലും അറ്റകുറ്റപ്പണിതുടങ്ങിയത് ഒന്നോ, രണ്ടോ എണ്ണത്തിന്റെ മാത്രമാണ്.
Next Story

RELATED STORIES

Share it