ബോംബുകള്‍ സ്ഥാപിച്ചതാരെന്ന ചോദ്യം ഇനിയും ബാക്കി

ഹൈദരാബാദ്: മക്കാമസ്ജിദ് സ്‌ഫോടനക്കേസില്‍ പ്രതികളായ സ്വാമി അസിമാനന്ദ അടക്കമുള്ള ഹിന്ദുത്വ പ്രവര്‍ത്തകരെ വെറുതെവി—ട്ടുകൊണ്ടുള്ള എന്‍ഐഎ കോടതി ഉത്തരവ് പുറത്തുവന്നപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യമാണ്, പിന്നെ ആരാണ് അവിടെ ബോംബുകള്‍ സ്ഥാപിച്ചതെന്നത്. എന്‍ഐഎ കോടതി വിധി പുറത്തുവന്ന ഉടന്‍ തന്നെ കോടതി വളപ്പില്‍ നിന്ന് ഈ ചോദ്യം ഉയര്‍ന്നുകേട്ടു. അവര്‍ കുറ്റക്കാരല്ലെങ്കില്‍ ആരാണ് തങ്ങളുടെ സഹോദരീസഹോദരന്‍മാരെ കൊന്നതെന്ന് കോടതി വളപ്പിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് 70കാരനായ റഹ്മത് അലി ചോദിച്ചു. ഇനി എപ്പോഴാണ് സത്യം പുറത്തുവരികയെന്നും അദ്ദേഹം ചോദിച്ചു.
മക്കാമസ്ജിദ് സ്‌ഫോടനത്തിലെ ഇരകളുമായ ബന്ധമുള്ള ഏതാനും പേര്‍കൂടി കോടതി വളപ്പിലുണ്ടായിരുന്നു. എന്നാല്‍ വിധി സംബന്ധിച്ച് പ്രതികരണമൊന്നും നടത്താതെ അവര്‍ മടങ്ങിപ്പോയി.
കോടതിയില്‍ തൊളിവുകള്‍ ഹാജരാക്കുന്നതില്‍ താല്‍പര്യമൊന്നും കാണിക്കാത്ത നിലപാടാണ് എന്‍ഐഎ സ്വീകരിച്ചിരുന്നതെന്നും അതിനാല്‍ തന്നെ ഇത്തരത്തിലൊരു വിധി അപ്രതീക്ഷിതമല്ലെന്നും ഇരകളുടെ നീതിക്കായി പ്രവര്‍ത്തിക്കുന്ന സിവില്‍ ലിബര്‍ട്ടീസ് മോണിറ്ററിങ് കമ്മിറ്റി പ്രസിഡന്റ് ലത്തീഫ് ഖാന്‍ പറഞ്ഞു. സ്‌ഫോടന ഇരകളുടെ കുടുംബാംഗങ്ങളെ കണ്ടെത്തുന്നതിനുള്ള ശ്രമം ഫലവത്തായില്ല. വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അവരുമായുള്ള ബന്ധം നഷ്ടപ്പെട്ടതായും ഖാന്‍ പറഞ്ഞു.
2007 മെയ് 18ന് മക്കാമസ്ജിദ് സ്‌ഫോടനം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഹൈദരാബാദ് പഴയ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 90ഓളം മുസ്‌ലിം യുവാക്കള്‍ക്കെതിരേ ഹൈദരാബാദ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 21 പേര്‍ക്കെതിരേ തെളിവുകളൊന്നുമില്ലാതെ പോലിസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 2009ല്‍ ഇവര്‍ കുറ്റവിമുക്തരാക്കപ്പെട്ടു.
കഴിഞ്ഞദിവസം കോടതി വെറുതെവിട്ട സ്വാമി അസിമാനന്ദ മക്കാമസ്ജിദ് ആക്രമണത്തില്‍ പങ്കുള്ളതായി നേരത്തേ കുറ്റം ഏറ്റുപറഞ്ഞിരുന്നു. 2010ല്‍ ഡല്‍ഹിയിലെ ഹസാരി കോടതിയിലായിരുന്നു അസിമാനന്ദയുടെ കുറ്റസമ്മതം. കുറ്റബോധത്തെത്തുടര്‍ന്നാണ് ഏറ്റുപറച്ചില്‍ എന്നും അസിമാനന്ദ അന്ന് പറഞ്ഞിരുന്നു. ആക്രമണത്തിനിരയായ മുസ്‌ലിംകളുടെ അവസ്ഥയെക്കുറിച്ച് അറിഞ്ഞതിനു ശേഷമായിരുന്നു തനിക്ക് കുറ്റബോധം തോന്നിയതെന്നും അസിമാനന്ദ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it