malappuram local

ബൈക്കില്‍ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

പെരിന്തല്‍മണ്ണ: നഗരത്തില്‍ വീണ്ടും കഞ്ചാവ് വേട്ട. 12 കിലോ കഞ്ചാവ് ബൈക്കില്‍ കടത്തുകയായിരുന്ന രണ്ടുപേരെ പോലിസ് പിടികൂടി. വെങ്ങാട് ചേറ്റുപാറ പാറപ്പുറത്ത് വീട്ടില്‍ അജീഷ് (29), കോട്ടയം പൊന്‍കുന്നം അട്ടിക്കല്‍ സ്വദേശി എര്‍ത്തയില്‍ വീട്ടില്‍ ജോഷ്വ ഡൊമനിക്ക് (36) എന്നിവരെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം പി മോഹനചന്ദ്രനു ലഭിച്ച രഹസ്യ വിവരത്തില്‍ പെരിന്തല്‍മണ്ണ സിഐ കെ എം ബിജു, എസ്‌ഐ പി വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നരയോടെ പെരിന്തല്‍മണ്ണ ജൂബിലി റോഡില്‍ വച്ചായിരുന്നു അറസ്റ്റ് ചെയ്തത്.
പട്ടാമ്പിയില്‍നിന്നു അങ്ങാടിപ്പുറം ഭാഗത്തേയ്ക്കു ബൈക്കില്‍ രണ്ട് യുവാക്കള്‍ ബാഗില്‍ കഞ്ചാവുമായി വരുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം മഫ്തിയില്‍ സ്വകാര്യ വാഹനങ്ങളിലും മറ്റൊരു സംഘം യൂനിഫോമിലുമായി പുലാമന്തോള്‍ പാലം മുതല്‍ ബൈക്ക് യാത്രക്കാരെ നിരീക്ഷണം നടത്തി. സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ഇതിനിടെ ജുബീലി റോഡ് ഭാഗത്തേയ്ക്ക് ബൈക്കില്‍ അമിതവേഗതയിലെത്തിയ രണ്ട് യുവാക്കളെ റോഡില്‍ തടഞ്ഞ് പരിശോധിച്ചു. ഇരുവരും സഞ്ചരിച്ച ബൈക്കില്‍നിന്നു 12 കിലോ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികള്‍ ആദ്യമായാണ് പിടിയിലാവുന്നത്. നിരവധി തവണ പാലക്കാട്, തൃശൂര്‍, പൂങ്കുന്നം, കോട്ടയം എന്നിവിടങ്ങളിലേയ്ക്ക് കഞ്ചാവ് വില്‍പനയ്‌ക്കെത്തിച്ചതായി ഇരുവരും പോലിസിനോടു പറഞ്ഞു. കോയമ്പത്തൂരില്‍ നിന്നു ട്രെയിന്‍മാര്‍ഗം രണ്ടു കിലോ തൂക്കം വരുന്ന പായ്ക്കറ്റുകളിലാക്കിയാണ് കഞ്ചാവ് വിതരണത്തിനെത്തുന്നത്.
ആവശ്യമനുസരിച്ച് പത്തുകിലോ മുതല്‍ 25 കിലോ വരെ സാധാരണ ബാഗുകളിലാക്കി റയില്‍വേ സ്‌റ്റേഷനില്‍നിന്നാണ് ഇവര്‍ കൈപ്പറ്റുക. പിന്നീട് എത്തിക്കേണ്ട സ്ഥലവും ആളെയും കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. ഇതിനായി പ്രത്യേക സിം കാര്‍ഡും ബൈക്കും ഇവര്‍ക്കു ലഭിക്കുന്നുണ്ട്.
രണ്ട് കിലോയുടെ പായ്ക്കറ്റിന് ആയിരം രൂപ കൂലിയായി ലഭിക്കും. ഇത്തരത്തില്‍ 20 കിലോ വരെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ എത്തിച്ചതായി അന്വേഷണ സംഘം പറഞ്ഞു. പ്രതികളെ വടകര നാര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പെരിന്തല്‍മണ്ണ പ്രത്യേക അന്വേഷണ സംഘം 112 കിലോ കഞ്ചാവും 500ല്‍ അധികം ആംപ്യൂളുകളുമടക്കം നിരവധി പേരെ പിടികൂടിയിരുന്നു.
പെരിന്തല്‍മണ്ണ സിഐ കെ എം ബിജു, എസ്‌ഐ പി വിഷ്ണു, പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ മോഹന്‍ദാസ് കരുളായി, സി പി മുരളി, പി എന്‍ മോഹനകൃഷ്ണന്‍, എന്‍ ടി കൃഷ്ണകുമാര്‍, അഭിലാഷ് കൈപ്പിനി, ദിനേഷ് കിഴക്കേക്കര, അഷ്‌റഫ് കൂട്ടില്‍, സി പി സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കേസില്‍ തുടരന്വേഷണം നടത്തുന്നത്.
Next Story

RELATED STORIES

Share it