kozhikode local

ബേപ്പൂര്‍ ജങ്കാര്‍ സര്‍വീസ് നിലച്ചു; യാത്രക്കാര്‍ ദുരിതത്തില്‍

ബേപ്പൂര്‍: കടലില്‍ ജലവിതാനം ഉയര്‍ന്നതിനാല്‍ ബേപ്പൂര്‍-ചാലിയം ജങ്കാര്‍ സര്‍വീസ് നിര്‍ത്തിയിട്ട് ഒരാഴ്ചയിലധികമായി. ഇനി തിരയിളക്കം ശാന്തമാകാതെ സര്‍വീസ് പുനസ്ഥാപിക്കാന്‍ സാധിക്കില്ലെന്നാണ് സര്‍വീസിന്റെ ചുമതലയുള്ള കൊച്ചിന്‍ സര്‍വീസ് അധികൃതര്‍ പറയുന്നത്. സര്‍വീസ് നിലച്ചത് വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ക്ക് ദുരിതമായി.
10 കിലോമീറ്ററോളം ഫറോക്ക് വഴി സഞ്ചരിച്ചാണ് ചാലിയത്തേക്കും ബേപ്പൂരിലേക്കുമുള്ളവര്‍ യാത്ര ചെയ്യുന്നത്. ദിനേന ശരാശരി ആയിരത്തിലധികം യാത്രക്കാരും നൂറുക്കണക്കിന് വാഹനങ്ങളും ജങ്കാര്‍ വഴിയാണ് ചാലിയത്തേക്കും ബേപ്പൂരിലേക്കുമായി സഞ്ചരിക്കുന്നത്. ഫിഷറീസ് ഹൈസ്‌കൂള്‍, ടെക്‌നിക്കല്‍ സ്‌കൂള്‍ , ഐടിഐ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ജങ്കാര്‍ അനിശ്ചിതമായി മുടങ്ങിയത് വലിയ ബുദ്ധിമുട്ടായി. കാലവാസ്ഥ ശക്തമാകുമ്പേഴേക്ക് ജങ്കാര്‍ അറ്റകറ്റപണി നടത്തി സര്‍വീസിന്ന് അനുയോജ്യമാക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
കൊച്ചി, ആലപ്പുഴ എന്നീ ഭാഗങ്ങളില്‍ സര്‍വീസ് നടത്തി പഴക്കംചെന്ന ജങ്കാര്‍ ബേപ്പൂരില്‍ സര്‍വീസ് നടത്തുന്നത് സുരക്ഷിതമല്ല. കടലുണ്ടി പഞ്ചായത്തിന്നാണ് ബേപ്പൂര്‍-ചാലിയം ജങ്കാറിന്റെ എല്ലാവിധ ഉത്തരവാദിത്വങ്ങളും.
നിബന്ധനകള്‍ കര്‍ശനമായി പാലിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിന്‍ സര്‍വ്വീസിന് ജങ്കാര്‍ നടത്തുവാനുള്ള കരാര്‍ ലേലത്തിലൂടെ ഉറപ്പിച്ച് കൊടുക്കുന്നത്. എന്നാല്‍ ജങ്കാര്‍ വിഷയത്തില്‍ പഞ്ചായത്ത് വേണ്ടത്ര ജാഗ്രത കാണിക്കാത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്. നവീന രീതിയിലുള്ള പുത്തന്‍ ജങ്കാര്‍ ഏത് കാലാവസ്ഥയിലും മുടക്കമില്ലാതെ ഇവിടെ സര്‍വീസ് നടത്താനാകും. എന്നാല്‍ അധികൃതര്‍ ഈ വിഷയത്തില്‍  താല്‍പര്യം കാണിക്കാത്തതാണ് പ്രശ്‌നം.
Next Story

RELATED STORIES

Share it