Kollam Local

ബീച്ച് റോഡിന്റെ ദുരവസ്ഥയില്‍ നടപടിയെടുക്കാതെ അധികൃതര്‍

കൊല്ലം: കൊല്ലം ചിന്നക്കട  ബീച്ച് റോഡിന്റെ ദുരവസ്ഥ കണ്ടിട്ടും കണ്ടില്ലെന്നും നടിക്കുകയാണ് പൊതുമരാമത്ത് അധികൃതര്‍. പിഡബ്ല്യുഡി ഓഫിസിനു മുന്നിലൂടെയാണ് കൊല്ലം ബീച്ചിലേക്കുള്ള റോഡ് കടന്നു പോകുന്നതെന്നതും വലിയ തമാശയാണ്.
പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായാണ് റോഡ് കുത്തിപ്പൊളിച്ച് വികൃതമാക്കിയത്. തുടര്‍ന്ന് ഏറെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് മെറ്റലും ക്ലേയും നിരത്തി. വേനല്‍ കടുത്തു നില്‍ക്കുന്ന സമയമായതിയാല്‍ യാത്രക്കാര്‍ അന്ന് പൊടി കൊണ്ടു ബുദ്ധിമുട്ടിലായി. പിന്നീട് താല്‍ക്കാലികമായി ടാറിങ് നടത്തി. ഇത് മഴ തുടങ്ങുന്നതിനു മുമ്പേ അങ്ങിങ്ങായി പൊളിയാനും തുടങ്ങി. ഇപ്പോള്‍ മഴ കനത്തതോടെ റോഡില്‍ മുഴുവന്‍ കുഴികളാണ്. കാല്‍നടയാത്രക്കാരെയും വാഹനത്തില്‍ പോകുന്നവരേയും ഒരേ സമയം ഈ റോഡ് ബുദ്ധിമുട്ടിലാക്കുന്നു. ചെറുതും വലുതുമായ അഞ്ഞൂറോളം കുഴികളാണ് ഒരു കിലോമീറ്റര്‍ ദൂരം പോലും ഇല്ലാത്ത റോഡില്‍ കാണാന്‍ കഴിയുന്നത്. ഇവിടെ മഴ പെയ്താല്‍ വെള്ളം കെട്ടി കിടക്കും. ഇതില്‍ റോഡ് ഏത് കുഴിയേത് എന്ന്  തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാക്കുന്നു. ഇതൊന്നും പോരാതെ ഇതിലൂടെ പോകുന്ന ഇരുചക്ര യാത്രക്കാരും മറ്റും കുഴിയില്‍ വീണ്  ദൈനംദിനം പരിക്കേല്‍കുന്ന പതിവ് കാഴ്ചയും ഇവിടെ കാണാം. പൈപ്പ് ലൈന്‍ സ്ഥാപിക്കാനായി എട്ട് മാസം മുമ്പാണ് വാട്ടര്‍ അതോറിറ്റി ബീച്ച്  റോഡ് കുത്തിപൊളിച്ചത്. എന്നാല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കലും പിന്നീടുള്ള  ചോര്‍ച്ച പരിഹരിക്കലും മാസങ്ങളോളം നീണ്ടു പോയി. ഇതോടെ റോഡ് തകര്‍ന്ന് തരിപ്പണമായി മാറി. തുടര്‍ച്ചയായി യാത്രക്കാരും വ്യാപാരികളും പ്രതിഷേധം  ഉയര്‍ത്തിയതോടെ ചോര്‍ച്ച പരിഹരിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഒരു മാസം മുന്‍പ് മെറ്റല്‍ പാകി കുഴികള്‍ നികത്തുകയായിരുന്നു. എന്നാല്‍ മഴ പെയ്തതോടെ മെറ്റല്‍ എല്ലാം ഇളകി തരിപ്പണമായി. ഇതോടെ റോഡ് പഴയ അവസ്ഥയിലേക്ക് മാറി. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് ചെറിയ രീതിയില്‍ കുഴിയടപ്പ് നടത്തിയെങ്കിലും ഫലം ശൂന്യം. മഴ വിട്ടതിനു ശേഷമേ പൂര്‍ണമായി ടാറിങ് നടക്കുവെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വാദം. റോഡ് ആകെ കുഴി നിറഞ്ഞതാടെ വ്യാപാരസ്ഥാപനങ്ങളില്‍ കച്ചവടം സ്തംഭിച്ച മട്ടിലാണ്. മഴ മാറുന്നതു വരെ കാത്തിരിക്കുകയാണെങ്കില്‍  ഓണക്കച്ചവടത്തെ ബാധിക്കുമെന്നാണ് വ്യാപാരികളുടെ ആശങ്ക.
Next Story

RELATED STORIES

Share it