kozhikode local

ബീച്ചിലെ അനധികൃത ഉന്തുവണ്ടികള്‍ക്ക് എതിരേ നടപടിയെടുക്കും: കോര്‍പറേഷന്‍

കോഴിക്കോട്: ബീച്ചില്‍ അനധികൃത പെട്ടിക്കടകള്‍ക്കും ഉന്തുവണ്ടികള്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോര്‍പറേഷന്‍. ഇന്നലെ ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സിലില്‍ ഇതുസംബന്ധിച്ച് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ലൈസന്‍സ് ഇല്ലാത്ത മുഴുവന്‍ ഉന്തുവണ്ടികളും പിടിച്ചെടുക്കുന്നതുള്‍പ്പടെയുള്ള നടപടികളാണ് ഉണ്ടാവുക. കാലങ്ങളായി ഉപയോഗിക്കാതെ ഇട്ടിരിക്കുന്ന പെട്ടിക്കടകളും നീക്കം ചെയ്യും.
ബീച്ച് പരിസരത്തെ ഉന്തുവണ്ടികളില്‍ തെര്‍മോകോള്‍, പ്ലാസ്റ്റിക് എന്നിവകൊണ്ടുള്ള ഗ്ലാസ്, പ്ലേറ്റ്, സ്പൂണ്‍ എന്നിവ ഉപയോഗിക്കുന്നത് നിരോധിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. കഴിഞ്ഞ 2ാം തിയതി മുതല്‍ ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തികൊണ്ട് കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി ഉത്തരവിറിക്കിയിരുന്നു. ഈ തീരുമാനത്തെ കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കുകയായിരുന്നു. ബീച്ചില്‍ പെട്ടിക്കടകളുടെ ആധിക്യം കാരണം ബീച്ചിലെ കാഴ്ചകള്‍ പോലും തടസപ്പെടുന്നുണ്ടെന്നും പെട്ടിക്കടകടകള്‍ നിയമം പാലിക്കുന്നുണ്ടോയെന്ന് കര്‍ശനമായി നിരീക്ഷിക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ കൗണ്‍സിലര്‍ പി എം നിയാസ് പറഞ്ഞു.
നഗരസഭയുടെ അധീനതയിലുള്ള ടാഗൂര്‍ സെന്റിനറി ഹാളില്‍ 30 ലക്ഷം രൂപ ചിലവില്‍ ഇരിപ്പിടം മാറ്റി സ്ഥാപിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഫര്‍ണിഷിംഗ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് നോഡല്‍ ഏജന്‍സിയായി അംഗീകരിച്ച ആര്‍ട്‌കോ മുഖേനയാണ് നവീകരണം നടത്തുന്നത്. പുതിയ ഒരു സീറ്റ് സ്ഥാപിക്കാന്‍ 5099 രുപയും നിലവിള്ള കസേരകള്‍ ബാല്‍ക്കണിയിലേക്കും മറ്റും മാറ്റി സ്ഥാപിക്കുന്നതിന് 400 രുപയുമാണ് ആര്‍ട്‌കോക്ക് നല്‍കുക. ടാഗോര്‍ഹാളില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കണമെന്ന കെ സി ശോഭിതയുടെ ആവശ്യത്തിന് ഇതിന് പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ അനുമതി കിട്ടിയിട്ടുണ്ടെന്ന് മേയര്‍ മറുപടി നല്‍കി.
മിഠായിതെരുവില്‍ വാഹനം അനുവദിക്കുന്ന വിഷയത്തില്‍ പൊതുജനങ്ങളില്‍ നിന്ന് സര്‍വേ നടത്താനുള്ള തീരുമാനം കൗണ്‍സില്‍ അറിയാതെ പോയത് പ്രതിഷേധാര്‍ഹമാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പ്രതിപക്ഷ ഉപനേതാവ് സി അബ്ദുറഹിമാന്‍ ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചു. മേയറുടെ ചേംബറില്‍ ചേര്‍ന്ന യോഗമാണ് മിഠായി തെരുവില്‍ ഗതാഗതം നിയന്ത്രിച്ച് തീരുമാനമെടുത്തത്. എന്നാല്‍ നിയന്ത്രണം പുനപരിശോധിക്കണോ എന്ന കാര്യത്തില്‍ നടത്തുന്ന സര്‍വേയെകുറിച്ച് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെപോയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അബ്ദുര്‍ റഹ്മാന്‍ പറഞ്ഞു. ഗതാഗത നിയന്ത്രണം കാരണം കച്ചവടം കുറയുന്നതായി വ്യാപാരികള്‍ക്ക് പരാതിയുണ്ട്. എന്നാല്‍ പൊതുസ്ഥലത്തിന്റെ ഉടമകള്‍ പൊതുജനമാണ്.
കച്ചവടക്കാരോടൊപ്പം അവരുടെ അഭിപ്രായവും പരിഗണിക്കണം. ഇതിനായി ഐഐഎം കോഴിക്കോട് ടത്തുന്ന സര്‍വേ റിപോര്‍ട്ട് കൗണ്‍സിലിന് മുന്നിലെത്തുമെന്നും മേയര്‍ പറഞ്ഞു. കോര്‍പറേഷനില്‍ വയോജന സൗഹൃദ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച വയോമിത്രം സമിതി അംഗങ്ങളെ ഏകപക്ഷീയമായി നിയോഗിച്ചതില്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചു. കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തപ്പോള്‍ പ്രതിപക്ഷവുമായി ആലോചിച്ചില്ലെന്ന് സി അബ്ദുര്‍ റഹ്മാന്‍ പറഞ്ഞു. എന്ത് മാനദണ്ഡമനുസരിച്ചാണ് അംഗങ്ങളുടെ തിരഞ്ഞെടുത്തതെന്ന് അഡ്വ.പി എം നിയാസ് ചോദിച്ചു. തര്‍ക്കത്തിനൊടുവില്‍ അജണ്ട 43 നെതിരേ 23 വോട്ടുകള്‍ക്ക് പാസായി. യുഡിഎഫ്, ബിജെപി അംഗങ്ങള്‍ എതിര്‍ത്തു.
ടൗണ്‍പ്ലാനിങ് സെഷനില്‍ നിന്ന് ഫയലുകള്‍ കട്ടെടുത്ത് സീല്‍ ചെയ്ത് കൊണ്ടുപോയ സംഭവത്തില്‍ പൊലിസ് അന്വേഷണം ശക്തമാണെന്ന് സുധാമണിയുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടിയായി മേയര്‍ പറഞ്ഞു. പ്രതികളുടെ ഓഫിസില്‍ നിന്ന് ഫയലുകള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തു. മുമ്പ് സമാനമായ സംഭവങ്ങളുണ്ടോയെന്നും പോലിസ് അന്വേഷിക്കും. നഗരത്തില്‍ പലയിടത്തും തെരുവ് വിളക്കുകള്‍ കത്തുന്നില്ലെന്ന് യോഗത്തില്‍ പരാതിയുയര്‍ന്നു. ഇക്കാര്യം പരിശോധിച്ച് വേണ്ടത് ചെയ്യാമെന്ന് മേയര്‍ കൗണ്‍സിലിന് ഉറപ്പ് നല്‍കി. ചര്‍ച്ചയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it