Flash News

ബിഹാറില്‍ ബിജെപി-ജെഡിയു ഭിന്നത രൂക്ഷം

ബിഹാറില്‍ ബിജെപി-ജെഡിയു ഭിന്നത രൂക്ഷം
X

പട്‌ന: ബിഹാറില്‍ ബിജെപി-ജെഡിയു ഭിന്നത രൂക്ഷമാവുന്നതിനിടെ മുഴുവന്‍ സീറ്റിലും ഒറ്റയ്ക്കു മല്‍സരിക്കുമെന്ന മുന്നറിയിപ്പുമായി ജെഡിയു. ബിഹാറില്‍ ബിജെപിക്ക് സഖ്യകക്ഷിയായ തങ്ങളെ വേണ്ടെങ്കില്‍ പിരിയാമെന്നും സ്വന്തം വഴി തേടാമെന്നും ജെഡിയു മുഖ്യ വക്താവ് സഞ്ജയ് സിങ് വ്യക്തമാക്കി. സംസ്ഥാനത്തെ 40 ലോക്‌സഭാ സീറ്റുകളുടെ വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കം തുടരുന്നതിനിടെയാണ് ജെഡിയു നിലപാട് വ്യക്തമാക്കിയത്. 2014ഉം 2019ഉം തമ്മില്‍ വലിയ അന്തരമുണ്ട്. നിതീഷ് ഇല്ലാതെ ബിഹാറില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ജയിക്കാനാവില്ല. ഇക്കാര്യം ബിജെപിക്ക് വ്യക്തമായി അറിയാമെന്നും സഞ്ജയ് സിങ് പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപി സംഘടിപ്പിച്ച യോഗാചരണത്തില്‍ നിന്നു നിതീഷ് കുമാര്‍ വിട്ടുനിന്നതിനു പിന്നാലെയാണ് സഖ്യം നിലനിര്‍ത്തേണ്ടത് ബിജെപിയുടെ ആവശ്യമാണെന്ന തരത്തില്‍ സഞ്ജയ് സിങ് പ്രതികരിച്ചത്. സീറ്റ് വിഭജനത്തില്‍ ബിജെപി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിനു പിന്തുണ നല്‍കില്ലെന്നു നേരത്തേ ജെഡിയു വ്യക്തമാക്കിയിരുന്നു. 2004ലും 2009ലും എന്‍ഡിഎ സഖ്യത്തോടൊപ്പം മല്‍സരിച്ചപ്പോള്‍ ഉണ്ടായിരുന്ന അതേ രീതിയില്‍ തന്നെയായിരിക്കണം അടുത്ത തിരഞ്ഞെടുപ്പിലെയും സീറ്റ് വിഭജനം എന്നാണ് ജെഡിയുവിന്റെ ആവശ്യം. ജെഡിയുവിന് 2004ല്‍ 24ഉം 2009ല്‍ 25ഉം സീറ്റുകള്‍ ലഭിച്ചിരുന്നു. 16ഉം 15ഉം സീറ്റുകളിലായിരുന്നു ഇക്കാലയളവില്‍ യഥാക്രമം ബിജെപി മല്‍സരിച്ചത്. എന്നാല്‍, 2014ല്‍ തനിച്ച് മല്‍സരിച്ച ജെഡിയുവിന് രണ്ടു സീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്. അതേസമയം, ആര്‍എല്‍എസ്പിയുമായും എല്‍ജെപിയുമായും ചേര്‍ന്നു മല്‍സരിച്ച ബിജെപിയുടെ എന്‍ഡിഎ സഖ്യത്തിന് 31 സീറ്റ് ലഭിച്ചു. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിനൊപ്പം മല്‍സരിച്ച ജെഡിയു 71 സീറ്റുകളിലാണ് ജയിച്ചത്. ബിജെപിക്ക് 53ഉം ആര്‍എല്‍എസ്പിക്കും എല്‍ജെപിക്കും രണ്ടു സീറ്റുകളാണ് ലഭിച്ചത്. 2014ല്‍ ബിജെപി ജയിച്ച സീറ്റുകളില്‍ ഒരെണ്ണം പോലും വിട്ടുനല്‍കാന്‍ അമിത് ഷാ തയ്യാറല്ല.
Next Story

RELATED STORIES

Share it