ബിഹാര്‍ പരീക്ഷാ ക്രമക്കേട് ; മുഖ്യപ്രതിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: 2016ലെ ബിഹാര്‍ പരീക്ഷാ ക്രമക്കേട് സംബന്ധിച്ച കേസിലെ മുഖ്യപ്രതിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. വൈശാലി ജില്ലയിലെ വിഷ്ണു റോയ് കോളജ് പ്രിന്‍സിപ്പലും സെക്രട്ടറിയുമായ ബചാച്ചാ റായ് എന്ന അമിത് കുമാറിന്റെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.
ഇയാളുടെ ഉടമസ്ഥതയിലുള്ള ലാല്‍ ഗഞ്ച്, മഹ്വ, ഭഗവാന്‍പുര്‍, ഹാജിപുര്‍ എന്നിവിടങ്ങളിലെ 4.53 കോടി വിലമതിക്കുന്ന 13 വസ്തുക്കളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. ബചാച്ചാ റായുടെ ഭാര്യയുടെയും മകളുടെയും പേരിലുള്ള വസ്തുക്കളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. ക്രമക്കേടിന് ശേഷം ബചാച്ചാ റായുടെ ഭാര്യ കാര്‍ഷികവരുമാനത്തില്‍ 70 ശതമാനത്തിലധികം വര്‍ധന രേഖപ്പെടുത്തിയെന്നും ഇഡി ആരോപിക്കുന്നു. 2016ല്‍ നടത്തിയ പരീക്ഷയിലെ ആര്‍ട്‌സ് വിഷയത്തില്‍ ഒന്നാമതെത്തിയ വിഷ്ണു റോയ് കോളജിലെ വിദ്യാര്‍ഥിയായ റൂബി റായ് വിഷയങ്ങളിലെ പ്രാഥമിക ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പോലും അറിയില്ലെന്ന് കണ്ടെത്തിയതോടെയാണ് ക്രമക്കേട് സംബന്ധിച്ച വിവരം പുറത്തറിയുന്നത്.
കോളിളക്കം സൃഷ്ടിച്ച കേസില്‍ ബിഹാര്‍ സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡിലെ ഉന്നതര്‍ക്കു പങ്കുണ്ടെന്ന് ബിഹാര്‍ പോലിസ് കഴിഞ്ഞവര്‍ഷം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്. പരീക്ഷാ ഫലത്തില്‍ ക്രമക്കേട് കാണിക്കാന്‍ ബചാച്ചാ റായ് വിദ്യാര്‍ഥികളില്‍ നിന്നു വന്‍തോതില്‍ പണം കൈപ്പറ്റിയെന്ന് നേരത്തെ പോലിസ് കണ്ടെത്തിയിരുന്നു. ബിഹാര്‍ വിദ്യാഭ്യാസ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ അടക്കം എട്ടുപേരാണ് കേസില്‍ അറസ്റ്റിലായത്.
Next Story

RELATED STORIES

Share it