Flash News

ബിസിസിഐ പുതിയ പരിശീലകനെ തേടുന്നു



മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാന്‍ ബിസിസിഐ പുതിയ കോച്ചിനെ തിരയുന്നു. നിലവിലെ പരിശീലകന്‍ അനില്‍ കുംബ്ലെയുടെ കാലാവധി ചാംപ്യന്‍സ് ട്രോഫിയോടെ അവസാനിക്കാനിരിക്കെയാണ് പുതിയ പരിശീലകനു വേണ്ടി ബിസിസിഐ അന്വേഷണം ആരംഭിച്ചത്. കുംബ്ലെയുടെ പ്രകടനത്തില്‍ അതൃപ്തിയുള്ള ബിസിസിഐ, കാലാവധി നീട്ടി നല്‍കാതെ പുതിയ ആളെ തിരയുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മുന്‍ നായകന്‍ കൂടിയായ കുംബ്ലെ കഴിഞ്ഞ ജൂണിലാണ് മുഖ്യ പരിശീലകനായി ചുമതലയേറ്റത്. ഇക്കാലയളവില്‍ ഇന്ത്യ 17 ടെസ്റ്റ് മാച്ചുകളില്‍ 12ലും ജേതാക്കളായി. 17 ടെസ്റ്റുകളില്‍ ആസ്‌ത്രേലിയക്കെതിരായ ഒരു ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. നാലെണ്ണം സമനിലയാവുകയും ചെയ്തു. ഒപ്പം ടെസ്റ്റില്‍ ഒന്നാം റാങ്ക് നിലനിര്‍ത്തുകയും ചെയ്തു. സാധാരണ പരിശീലകരുടെ കരാര്‍ കാലാവധി നീട്ടി നല്‍കാറാണ് പതിവ്. കുംബ്ലെയുടെ കാര്യത്തില്‍ ഇതിന് വിപരീതം പ്രവര്‍ത്തിച്ച ബിസിസിഐ, പുതിയ പരിശീലകനെ തിരഞ്ഞെടുക്കാന്‍ യോഗ്യരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുകയാണ് ചെയ്തത്. മുഖ്യപരിശീലകനായ അനില്‍ കുംബ്ലെയ്ക്ക തിരഞ്ഞെടുപ്പിലേക്ക് നേരിട്ട് പ്രവേശനം നല്‍കുമെന്നും ബിസിസിഐ പുറത്തുവിട്ട കുറിപ്പ് വ്യക്തമാക്കുന്നു. അതേസമയം, വര്‍ഷാവര്‍ഷം ബിസിസിഐ ചെയ്യാറുള്ള നടപടി മാത്രമാണ് ഇത് എന്നാണ് തന്റെ അറിവെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷവും ഇതേ രീതിയിലാണ് പരിശീലകനെ തിരഞ്ഞെടുത്തതെന്നും കോഹ്‌ലി പറഞ്ഞു. ഒരാളുടെ മിടുക്കല്ല, ടീമിന്റെ കൂട്ടായ ശ്രമമാണ് ഇന്ത്യന്‍ ടീമിന്റെ മികവിന് പിന്നിലെന്നും കുംബ്ലെയുടെ പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കോഹ്‌ലി വ്യക്തമാക്കി. ബിസിസിഐയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന മൂന്നംഗ ക്രിക്കറ്റ് ഉപദേശക സമിതിയും സുപ്രിംകോടതി നിയമിച്ച ഇടക്കാല ഭരണസമിതിയുടെ നോമിനിയും ചേര്‍ന്നാകും പുതിയ പരിശീലകനെ തിരഞ്ഞെടുക്കുക. കഴിഞ്ഞ വര്‍ഷം പരിശീലകനെ പരസ്യം നല്‍കിയാണ് ബിസിസിഐ തിരഞ്ഞെടുത്തത്.
Next Story

RELATED STORIES

Share it