ബിഷപ് മുന്‍കൂര്‍ ജാമ്യം തേടി

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഹരജി പരിഗണിച്ച കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കേസ് ഈ മാസം 25ന് വീണ്ടും പരിഗണിക്കും.
ബിഷപ്പിനെതിരായ പീഡന പരാതിയുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹരജികള്‍ ഉള്‍പ്പെടെ 24ന് ഡിവിഷന്‍ ബെഞ്ച് മുമ്പാകെ വരുന്നുണ്ടെന്നും അതിനുശേഷം കേസ് പരിഗണിക്കണമെന്നുമുള്ള ഹരജിക്കാരന്റെ അഭിഭാഷകന്റെ ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ക്കാതിരുന്നതോടെ ഈ ആവശ്യം കോടതി അനുവദിക്കുകയായിരുന്നു. അറസ്റ്റ് തടയണമെന്ന ആവശ്യം ഹരജിക്കാരനോ കേസ് പരിഗണിക്കുന്നത് മാറ്റിയാലും അറസ്റ്റിന് തടസ്സമില്ലെന്നു വ്യക്തമാക്കണമെന്ന ആവശ്യം സര്‍ക്കാരോ കോടതി മുമ്പാകെ ഉന്നയിച്ചില്ല.
വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് കന്യാസ്ത്രീ തനിക്കെതിരേ പീഡന പരാതി നല്‍കിയിട്ടുള്ളതെന്ന് ഹരജിയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നു. മിഷനറീസ് ഓഫ് ജീസസിന്റെ ഉന്നതപദവിയിലിരുന്ന കന്യാസ്ത്രീക്കെതിരേ ലഭിച്ച വിവിധ പരാതികളില്‍ നടപടിയെടുത്തതിന്റെ വൈരാഗ്യത്തിലാണ് തനിക്കെതിരേ ലൈംഗിക പീഡന പരാതി നല്‍കിയിട്ടുള്ളതെന്നാണ് ഹരജിക്കാരന്റെ വാദം.

Next Story

RELATED STORIES

Share it