ബിഷപ്പിന് ലൈംഗിക ശേഷി പ്രശ്‌നങ്ങളില്ലെന്ന് പരിശോധനാ റിപോര്‍ട്ട്; ഹാജരാവാന്‍ മിഷനറീസ് ഓഫ് ജീസസ് പിആര്‍ഒക്ക് നോട്ടീസ്

കോട്ടയം: ലൈംഗിക പീഡനക്കേസിലെ ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രസിദ്ധീകരിച്ച സംഭവത്തില്‍ മിഷനറീസ് ഓഫ് ജീസസ് കോണ്‍ഗ്ര ഗേഷന്‍ പിആര്‍ഒ സിസ്റ്റര്‍ അമലയ്ക്ക് അന്വേഷണസംഘം നോട്ടീസ് നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ കുറവിലങ്ങാട് എസ്‌ഐക്ക് മുമ്പാകെ നേരിട്ട് ഹാജരാവാനാണ് പോലിസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന കേസിനെക്കുറിച്ച് മിഷനറീസ് ഓഫ് ജീസസ് മാധ്യമങ്ങള്‍ക്ക് കൈമാറിയ അന്വേഷണ റിപോര്‍ട്ടിനൊപ്പമാണ് ബിഷപ്പിനൊപ്പം ഇരിക്കുന്ന ഇരയുടെ ചിത്രവും നല്‍കിയത്. ഇതിനെതിരേ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് തുടര്‍ നടപടികള്‍ക്കായി സിസ്റ്റര്‍ അമലയോട് ഹാജരാവാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
അതേസമയം, ബിഷപ്പിന്റെ ലൈംഗിക ശേഷിയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന പരിശോധനാ റിപോര്‍ട്ട് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍ പോലിസിനു കൈമാറി. കസ്റ്റഡിയി ല്‍ വാങ്ങിയ ശേഷമാണ് ബിഷപ്പിനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാക്കിയത്. മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. ജയിംസ്‌കുട്ടിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കേസില്‍ ഈ റിപോര്‍ട്ട് നിര്‍ണായക തെളിവാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.
അതേസമയം, പീഡനക്കേസിന്റെ ഒപ്പം രജിസ്റ്റര്‍ ചെയ്ത മറ്റ് മൂന്നു കേസുകളിലെ അന്വേഷണം ഈയാഴ്ച പൂര്‍ത്തിയാക്കാനാണ് പോലിസിന് എസ്പി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഫാ. ജയിംസ് ഏര്‍ത്തയില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസ്, പരാതിക്കാരിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസ്, പരാതിക്കാരിയുടെ ചിത്രം പ്രദര്‍ശിപ്പിച്ച കേസ് എന്നിവയാണിവ. ഈ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ബിഷപ്പിന്റെ ജാമ്യാപേക്ഷകള്‍ക്കെതിരേ ഉപയോഗിക്കും.
പരാതിക്കാരിയെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ജലന്ധര്‍ രൂപതയിലെ വൈദികന്റെ സഹോദരനെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഫാദര്‍ ലോറന്‍സ് ചാട്ടുപറമ്പിലിന്റെ സഹോദരന്‍ തോമസിനെതിരേയാണ് കേസ്. കുറവിലങ്ങാട് മഠത്തിലെ ജീവനക്കാരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീ പരാതി നല്‍കിയിരുന്നത്. തനിക്കെതിരേ വധശ്രമം ഉണ്ടായെന്നു ചൂണ്ടിക്കാട്ടി കുറവിലങ്ങാട് പോലിസ് സ്‌റ്റേഷനിലാണ് ഇവര്‍ പരാതി നല്‍കിയത്. കൂടാതെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയെ വധിക്കാന്‍ ശ്രമിക്കുമെന്നു ഭീഷണിപ്പെടുത്തിയതിന് തോമസിനെതിരേ കാലടി സ്റ്റേഷനില്‍ മറ്റൊരു കേസ് കൂടി പോലിസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it