Flash News

ബിഷപ്പിന്റെ പീഡനം: കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നെന്ന് സഹോദരന്‍

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേയുള്ള ലൈംഗിക പീഡനക്കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നുവെന്ന ആരോപണവുമായി കന്യാസ്ത്രീയുടെ സഹോദരന്‍ രംഗത്തെത്തി. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് സഹോദരന്‍ വെളിപ്പെടുത്തിയത്. ബിഷപ്പിനെതിരായ പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ ജലന്ധര്‍ രൂപത തന്നെ ഇടപെടുന്നുവെന്ന ആരോപണവുമായി രൂപതയിലെ വൈദികന്‍ തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
പലരെയും സമീപിച്ച് കേസ് അനുകൂലമാക്കാന്‍ രൂപതയിലുള്ളവര്‍ ശ്രമിക്കുന്നുവെന്ന് വൈദികന്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുമായി കന്യാസ്ത്രീയുടെ സഹോദരന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്. കേസില്‍ ആരോപണവിധേയനായ ബിഷപ് ഫ്രാങ്കോ മുളക്കലിന് കേരളത്തിലെയും ജലന്ധറിലെയും രാഷ്ട്രീയനേതൃത്വത്തില്‍ വലിയ സ്വാധീനമുണ്ട്. ഇതുപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ഇരയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതായും സഹോദരന്‍ ആരോപിച്ചു. സംഭവം നടന്ന് ദിവസങ്ങളായിട്ടും ഫ്രാങ്കോ മുളക്കലിനെ ചോദ്യംചെയ്യാന്‍പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിട്ടില്ല. ഇത് ഉന്നത സ്വാധീനംകൊണ്ടാണ്.
പീഡനവിവരം കര്‍ദിനാളിനെ അറിയിച്ചിരുന്നു. കര്‍ദിനാള്‍ കന്യാസ്ത്രീയുമായി അരമണിക്കൂറോളം സംസാരിച്ചിട്ടുമുണ്ട്. എന്താണു സംസാരിച്ചതെന്ന് കര്‍ദിനാള്‍ വ്യക്തമാക്കണം. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലടക്കം ഇരയെ അപമാനിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതിനെതിരേ നടപടിയെടുക്കണം. രണ്ടുമൂന്നു ദിവസം കൂടി കാത്തിരിക്കുമെന്നും ശേഷം കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു. സഹോദരന്റെ ആരോപണം ശരിവയ്ക്കുന്നതരത്തിലാണ് പോലിസിന്റെ അന്വേഷണം മുന്നോട്ടുപോവുന്നത്. 13 തവണയോളം ബിഷപ് പീഡിപ്പിച്ചതായി കന്യാസ്ത്രീ മൊഴി നല്‍കിയിട്ടും ബിഷപ്പിനെതിരേ ചെറുവിരല്‍പോലുമനക്കാ ന്‍ അന്വേഷണസംഘം തയ്യാറാവുന്നില്ല. പോലിസിന്റെ മെല്ലെപ്പോക്കില്‍ ദുരൂഹത വര്‍ധിക്കുകയാണ്. കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഏഴുമണിക്കൂറോളം സമയമെടുത്തു നല്‍കി യ മൊഴിയിലും കന്യാസ്ത്രീക്കെതിരായ പീഡനം വിശദീകരിച്ചിരുന്നു.
കന്യാസ്ത്രീയുടെ രഹസ്യമൊഴി കോടതിയില്‍നിന്ന് ലഭിച്ചശേഷം ചോദ്യംചെയ്യുന്നതടക്കമുള്ള നടപടികളിലേക്കു കടക്കുമെന്നാണ് വൈക്കം ഡിവൈഎസ്പി കഴിഞ്ഞ ദിവസം അറിയിച്ചത്. കേസില്‍ അവ്യക്തതകളുണ്ടെന്നും അദ്ദേഹം പറയുന്നു. പീഡനം നടന്നതായി ഒരു സ്്ത്രീ തന്നെ വെളിപ്പെടുത്തിയിട്ടും കുറ്റക്കാരനായ ബിഷപ്പിനെ ചോദ്യംചെയ്യാന്‍പോലും പോലിസ് മടിക്കുന്നത് ഉന്നതങ്ങളില്‍നിന്നുള്ള സമ്മര്‍ദമാണെന്ന സംശയം ബലപ്പെടുകയാണ്.
Next Story

RELATED STORIES

Share it