ബിഷപ്പിന്റെ അറസ്റ്റിനായി കാത്തിരുന്നവര്‍ക്ക് ഇന്നലെയും നിരാശ

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീ ക ള്‍ നടത്തുന്ന സമരത്തിന്റെ വേദി ഇന്നലെ സാക്ഷ്യംവഹിച്ചത് നിര്‍ണായക നിമിഷങ്ങള്‍ക്ക്. ബിഷപ്പിനെ ജലന്ധര്‍ രൂപതയുടെ ചുമതലയില്‍ നിന്നു മാര്‍പാപ്പ നീക്കിയ വാര്‍ത്ത സന്തോഷവും കണ്ണീരും സമ്മാനിച്ചപ്പോ ള്‍ ഇന്നലെയും ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടാവില്ലെന്ന അറിയിപ്പ് രോഷത്തിനും നിരാശയ്ക്കും വഴിവച്ചു. അറസ്റ്റ് ചെയ്യാത്ത നടപടിക്കെതിരേ സ്ത്രീകളുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചു. ഇന്നു നിരാഹാരസമരവുമായി അഞ്ച് സ്ത്രീകള്‍ സമരപ്പന്തലിലുണ്ടാവുമെന്നും സമരസമിതി അറിയിച്ചു. ജനരോഷത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ബിഷപ്പിന്റെ അറസ്റ്റ് ഇന്നലെയും ഉണ്ടാവില്ലെന്നു വ്യക്തമായതോടെ സമരസമിതി കണ്‍വീനര്‍ ഫാ. അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു.
ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് കന്യാസ്ത്രീകള്‍ രാവിലെ സമരവേദിയിലെത്തിയത്. ബിഷപ് രണ്ടാംദിനവും ചോദ്യംചെയ്യലിന് ഹാജരായ വാര്‍ത്തയാണ് സമരവേദിെയ ഇന്നലെ ഉണര്‍ത്തിയത്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യില്ലെന്ന് ആദ്യം പോലിസ് നിലപാട് സ്വീകരിച്ചിരുന്നതിനാല്‍ ഏറെ പ്രതീക്ഷയില്ലാതെയാണ് കന്യാസ്ത്രീകള്‍ സമരത്തിനെത്തിയത്. എന്നാല്‍, 3.30ഓടെ അറസ്റ്റുണ്ടാവുമെന്ന് ചില പോലിസ് വൃത്തങ്ങള്‍ സമരസമിതി പ്രവര്‍ത്തകരെ അറിയിച്ചതോടെ പിന്നീട് പ്രതീക്ഷയുടെ നിമിഷങ്ങളായിരുന്നു. ഇതിനിടെ വത്തിക്കാന്‍ ഇടപെട്ട് ഔദ്യോഗിക ചുമതലകളില്‍ നിന്ന് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ നീക്കിയ വാര്‍ത്ത മാധ്യമപ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെയും സേവ് ഔവര്‍ സിസ്റ്റേഴ്‌സ് സമരസമിതി പ്രവര്‍ത്തകരെയും അറിയിച്ചു. തൃപ്പൂണിത്തുറയില്‍ പോലിസും ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകരും തമ്മില്‍ ചര്‍ച്ച നടക്കുകയാണെന്ന അറിയിപ്പു വന്നതോടെ അറസ്റ്റ് ഉടനുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു സമരവേദി. ഒടുവില്‍ സമരവേദിയിലെ കാത്തിരിപ്പുകള്‍ അവസാനിപ്പിച്ച് കന്യാസ്ത്രീകള്‍ മഠത്തിലേക്കു മടങ്ങി.
ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെ അവഗണിച്ച പ്രതിപക്ഷത്തിന്റെ നിലപാടിനെതിരേയും ഇന്നലെ സേവ് ഔവര്‍ സിസ്റ്റേഴ്‌സ് സമരസമിതി പ്രതിഷേധം രേഖപ്പെടുത്തി. സര്‍ക്കാരിനെതിരേ നടക്കുന്ന സമരമല്ലെങ്കില്‍ കൂടി ഉത്തരവാദിത്തമുള്ള പ്രതിപക്ഷമെന്ന നിലയില്‍ സമരത്തെ പിന്തുണയ്‌ക്കേണ്ടത് യുഡിഎഫിന്റെ ബാധ്യതയാണെന്ന് സമരസമിതി പറഞ്ഞു. ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളെ പേരെടുത്തുപറഞ്ഞായിരുന്നു വിമര്‍ശനം. അതേസമയം മൂന്നുദിവസമായി സമരവേദിയില്‍ എഴുത്തുകാരി പി ഗീത നിരാഹാര സമരത്തിലാണ്.
വി എസ് അച്യുതാനന്ദന്റെ സെക്രട്ടറിയായിരുന്ന ഷാജഹാ ന്‍, എഴുത്തുകാരനായ സി ആര്‍ പരമേശ്വരന്‍, സി മധുസൂദനന്‍, കെ കെ രമ, കിളിരൂര്‍ പെണ്‍കുട്ടിയുടെ പിതാവ് കെ സുരേന്ദ്രന്‍, കൊല്ലം സ്വദേശിനി സുധ സോളമന്‍, മാനന്തവാടിയില്‍നിന്നെത്തിയ സിസ്റ്റര്‍ ലൂസി തുടങ്ങിയവര്‍ പിന്തുണ പ്രഖ്യാപിച്ച് സംസാരിച്ചു. സഭയ്‌ക്കെതിരേയുള്ള സമരമാണെന്നാരോപിച്ച് കോട്ടയം സ്വദേശി ജേക്കബ് സമരവേദിയില്‍ പ്രതിഷേധവുമായെത്തിയത് നേരിയ സംഘര്‍ഷത്തിനു വഴിവച്ചു. പിന്നീട് പോലിസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

Next Story

RELATED STORIES

Share it