Flash News

ബിവറേജസ് ഔട്ട്‌ലെറ്റ്‌വ്യവസ്ഥ വ്യക്തമാക്കി ഹൈക്കോടതി



കൊച്ചി: ദേശീയപാതയോരത്തു നിന്നു ജനവാസ കേന്ദ്രത്തിലേക്ക് ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കുന്ന വ്യവസ്ഥയില്‍ വ്യക്തത വരുത്തി ഹൈക്കോടതി ഉത്തരവ്. ഔട്ട്‌െലറ്റുകള്‍ സ്ഥാപിക്കുന്ന പ്രദേശത്ത് പട്ടികജാതി കോളനികളുണ്ടെങ്കില്‍ സ്ഥാപനം ആരംഭിക്കാനിരിക്കുന്ന കെട്ടിടവുമായുള്ള ദൂരപരിധി കണക്കാക്കുന്ന കാര്യത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്. പട്ടികജാതി കോളനികളുടെ പ്രവേശനകവാടം മുതല്‍ ആരംഭിക്കാനിരിക്കുന്ന കെട്ടിടം വരെയുള്ള ദൂരപരിധിയാണ് കണക്കാക്കേണ്ടതെന്ന് ഹൈക്കോടതി ജസ്റ്റിസ് പി ബി സുരേഷ്‌കുമാര്‍ ഉത്തരവിട്ടു. കരുനാഗപ്പള്ളിയില്‍ അഴീക്കല്‍ തറയില്‍ മുക്കില്‍ ആരംഭിക്കാനിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റിന് എക്‌സൈസ് വകുപ്പു നല്‍കിയ അനുമതി ഹൈക്കോടതി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി നടപടി. കോളനിയിലേക്ക് പ്രവേശിക്കുന്ന ഭാഗം മുതല്‍ ഔട്ട്‌ലെറ്റ് കെട്ടിടം വരെയുള്ള അകലം 170 മീറ്റര്‍ മാത്രമാണെന്ന അഭിഭാഷക കമ്മീഷന്റെ കണ്ടെത്തല്‍ മുഖവിലയ്‌ക്കെടുത്താണ് കോടതി വിധി പ്രസ്താവിച്ചത്. ചുറ്റുമതിലും പ്രവേശന കവാടവും ഇല്ലാത്ത സാഹചര്യത്തില്‍ കോളനിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള ആദ്യത്തെ വീട്ടില്‍നിന്നും ഔട്ട്‌ലെറ്റ് ആരംഭിക്കാനിരിക്കുന്ന കെട്ടിടത്തിലേക്കുള്ള അകലമാണ് പരിഗണിക്കേണ്ടതെന്ന എക്‌സൈസ് വകുപ്പിന്റെ വാദം കോടതി അംഗീകരിച്ചില്ല. കരുനാഗപ്പള്ളി മുനിസിപ്പല്‍ കൗണ്‍സിലര്‍ എം കെ വിജയഭാനുവും ജനകീയ സമരസമിതിയും നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.  ബിവറേജസ് ഔട്ട്‌ലെറ്റ് ജനവാസ മേഖലയിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it