Kottayam Local

ബിപിഎല്‍ ലിസ്റ്റ്: സര്‍ക്കാര്‍ ഉത്തരവിന് എതിരേ പ്രതിഷേധം ഉയരുന്നു



ഈരാറ്റുപേട്ട: ബിപിഎല്‍ ലിസ്റ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അംഗീകാരം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരേ പ്രതിഷേധം ഉയരുന്നു. മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പ്രസിദ്ധീകരിച്ച പുതിയ ബിപിഎല്‍ ലിസ്റ്റാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അംഗീകരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ജനുവരി 31നകം അംഗീകരിക്കണമെന്നായിരുന്നു ആദ്യ നിര്‍ദേശം. എന്നാല്‍ ലിസ്റ്റ് പൂര്‍ത്തിയാവാത്തതിനാല്‍ തിയ്യതി മാറ്റി ഈ മാസം 10ന് പുതിയ ബിപിഎല്‍ ലിസ്റ്റുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിരുന്നു. 23ന് ലിസ്റ്റ് അംഗീകരിച്ച് നല്‍കണമെന്ന് അറിയിച്ച് സര്‍ക്കാരില്‍ നിന്ന് പിന്നീട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നേരിട്ട് അറിയിപ്പ് നല്‍കിയത്. ഇതും സമയബന്ധിതമായി തിര്‍പ്പാക്കാത്തതിനാല്‍ ലിസ്റ്റ് അംഗീകരിക്കാനുള്ള തിയ്യതി മാര്‍ച്ച് മൂന്നു വരെ നീട്ടിയിട്ടുണ്ട്. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ബിപിഎല്‍ ലിസ്റ്റിനെതിരേ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടി ഇതിന്റെ ഉത്തരവാദിത്വം അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പരക്കെ ആക്ഷേപമുണ്ട്. ഇപ്പോള്‍ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരിലെ അനര്‍ഹരെ ഒഴിവാക്കാമെന്നല്ലാതെ അര്‍ഹരായ ഒരാളെ പോലും കൂട്ടി ചേര്‍ക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരമില്ല. ദിവസങ്ങളോളം ക്യൂവില്‍ നിന്ന് അപേക്ഷയും, ഹിയറിങും പൂര്‍ത്തിയാക്കിയെങ്കിലും പലരും ഇപ്പോഴും ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പെട്ടിട്ടില്ല. പുതിയ ലിസ്റ്റിലും അനര്‍ഹര്‍ കടന്നു കൂടിയിട്ടുണ്ട്. അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കിയാല്‍ മാത്രമേ ലിസ്റ്റ് ഭരണസമിതി അംഗീകരിച്ച് നല്‍കൂവെന്ന് പല പഞ്ചായത്ത് ഭരണ കര്‍ത്താക്കളും നിലപാടെടുത്തിട്ടുണ്ട്.ചില തദ്ദേശസ്വയംഭരണ സ്ഥപനങ്ങളില്‍ വാര്‍ഡ് സഭകള്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഈ ഗ്രാമസഭകളിലെ തീരുമാന പ്രകാരം ഒഴിവാക്കേണ്ടവരെ ഒഴിവാക്കുകയും, ചേര്‍ക്കേണ്ടവരെ ചേര്‍ക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലിസ്റ്റ് തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് ഇത്തരം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍.
Next Story

RELATED STORIES

Share it