ബിജെപി ഭരണം അവസാനിക്കാനുള്ള സാധ്യത തെളിഞ്ഞു: ലീഗ്‌

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിന് ശേഷമുള്ള രാജ്യത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ മതേതര കക്ഷികള്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് മുസ്‌ലിംലീഗ്.  ബിജെപി ഭരണം അവസാനിക്കാനുള്ള സാധ്യത ഇപ്പോള്‍ വിലയിരുത്തുന്നതിനെക്കാള്‍ വളരെ കൂടുതലാണെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി ഡല്‍ഹിയില്‍ പറഞ്ഞു. ഗുജറാത്തിലെ സ്ഥിതി ഇതാണെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ ബിജെപി വിരുദ്ധ വികാരം തീര്‍ച്ചയായും ഉണ്ടാവും. കാരണം ഇന്ത്യയിലെ സ്ഥിതി വളരെ മോശമാണ്. ഗ്രാമങ്ങള്‍ മുഴുവന്‍ കഷ്ടത്തിലാണ്. അതുകൊണ്ട് പുറംപൂച്ച് വര്‍ത്തമാനംകൊണ്ട്  ഇനി ബിജെപിക്ക് പിടിച്ചുനില്‍ക്കാനാവില്ല എന്നതാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സന്ദേശം. അതിനാല്‍ ഇനിയുള്ള സമയം കോണ്‍ഗ്രസ്സും ഘടകക്ഷികളും വളരെ ശക്തമായി കാംപയിന്‍ ചെയ്താല്‍ ബിജെപി ഭരണം അവസാനിപ്പിക്കനാവും. ബിജെപി ഇപ്പോള്‍ ഭരണത്തിലുള്ള സംസ്ഥാനങ്ങളിലൊക്കെ മാറ്റമുണ്ടാവും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വേരോട്ടമില്ല. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സഖ്യം രൂപപ്പെടുമെന്നും ഇടതുപക്ഷത്തിന് അതിനെ പിന്തുണക്കേണ്ടിവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി അടുത്ത 27, 28 തിയ്യതികളില്‍ ഡല്‍ഹിയില്‍ നടക്കും. യോഗം പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍—ച്ച ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. പാര്‍ട്ടിയുടെ ദേശീയ നേതൃത്വം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹൂല്‍ഗാന്ധിയടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ബിജെപി ഭരണം അവസാനിപ്പിക്കുക എന്നത് രാജ്യത്തിന്റെ ആവശ്യമാണ്. അല്ലെങ്കില്‍ ഇന്ത്യ തകരും. അതിനായി എല്ലാ മതേതര കക്ഷികളും ഒരുമിച്ച്  നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് നിര്‍ത്തലാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജിനെ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഓഫിസ് തല്‍ക്കാലം ആറു മാസത്തേക്ക് നിര്‍ത്തില്ലെന്ന് അവര്‍ അറിയിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാസ്‌പോര്‍ട്ട് ഓഫിസ് എല്ലായിടത്തും ആവശ്യമില്ലെന്നും സേവാകേന്ദ്രങ്ങള്‍ മതിയെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വാദമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളാ കോണ്‍ഗ്രസ്സും വീരേന്ദ്രകുമാറും യുഡിഎഫില്‍ തുടരണമെന്നാണ് മുസ്‌ലിംലീഗിന്റെ നിലപാട്.  വീരേന്ദ്രകുമാര്‍ ധാര്‍മിക ഉത്തരവാദിത്തം പരിഗണിച്ച് രാജിവച്ചതില്‍ കുഴപ്പമില്ലെന്നും മുസ്‌ലിംലീഗ് നേതാവ് പറഞ്ഞു.
Next Story

RELATED STORIES

Share it