Flash News

ബിജെപി-പിഡിപി സഖ്യത്തിന്റെ തകര്‍ച്ച: സമ്മിശ്ര പ്രതികരണം

ശ്രീനഗര്‍: ബിജെപി-പിഡിപി സഖ്യസര്‍ക്കാരിന്റെ തകര്‍ച്ചയില്‍ കശ്മീരില്‍ പരക്കെ ആഹ്ലാദവും ആഘോഷവും. താഴ്‌വരയിലെ അധികപേരും സഖ്യത്തിന്റെ തകര്‍ച്ച ആഘോഷിക്കുന്നുണ്ടെങ്കിലും ഗവര്‍ണര്‍ ഭരണത്തിലെ സുതാര്യതയെ കുറിച്ച് ആശങ്കപ്പെടുന്നവരുമുണ്ട്. സഖ്യത്തിന്റെ തകര്‍ച്ച നിലവിലെ സാഹചര്യത്തെ കൂടുതല്‍ മോശമാക്കാന്‍ മാത്രമെ ഉപകരിക്കൂവെന്നാണ് ചിലരുടെ അഭിപ്രായം.
ശ്രീനഗര്‍, കുപ്‌വാര, ഫല്‍ഗാം എന്നിവിടങ്ങളില്‍ ജനങ്ങള്‍ പടക്കങ്ങള്‍ പൊട്ടിച്ചാണ് സഖ്യത്തിന്റെ തകര്‍ച്ച ആഘോഷിച്ചത്. സഖ്യം അവിശുദ്ധ കൂട്ടുകെട്ടായിരുന്നെന്നും പിഡിപി ഒരിക്കലും ബിജെപിയുമായി കൈകോര്‍ക്കാന്‍ പാടില്ലായിരുന്നെന്നും ശ്രീനഗര്‍ നിവാസി ഫൈസാന്‍ മീര്‍ പറഞ്ഞു. ഇപ്പോഴെങ്കിലും സഖ്യം തകര്‍ന്നത് നന്നായെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര, ദക്ഷിണ ധ്രുവങ്ങളുടെ കൂടിച്ചേരലായിരുന്നു പിഡിപി-ബിജെപി സഖ്യമെന്നും അവരുടെ ആദര്‍ശങ്ങള്‍ തമ്മില്‍ അത്രകണ്ട് ദൂരമുണ്ടെന്നുമാണ് ശ്രീനഗറിലെ വ്യാപാരിയായ മുദ്സ്സിര്‍ നാസറിന്റെ പക്ഷം. എന്നാല്‍, വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ പതുക്കെ സാധാരണ അവസ്ഥയിലേക്ക് വന്നുകൊണ്ടിരുന്ന കശ്മീര്‍ വീണ്ടും പ്രക്ഷുബ്ധമാവുമെന്നു ഭയപ്പെടുന്നവരും കറവല്ല. ഇന്നലെ രാവിലെയോടെയാണ് കശ്മീരില്‍ ഗവര്‍ണര്‍ ഭരണം നിലവില്‍ വന്നത്.
അതേസമയം, ജമ്മുകശ്മീര്‍ നിയമസഭ ഉടന്‍ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നു നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു.
കുതിരക്കച്ചവടം വഴി ബിജെപി പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് മുന്‍ ഉപമുഖ്യമന്ത്രി കവിന്ദര്‍ ഗുപ്തയുടെ പ്രസ്താവന സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ സര്‍ക്കാര്‍ ഉടനെ ഉണ്ടാവുമെന്നു താന്‍ കരുതുന്നില്ലെന്നും എന്നാല്‍, തങ്ങള്‍ ചില കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും അത് ജനങ്ങള്‍ക്ക് ഉടനെ അറിയാനാവുമെന്നുമാണ് കവിന്ദര്‍ ഗുപ്ത പറഞ്ഞത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഉമര്‍ അബ്ദുല്ല.
Next Story

RELATED STORIES

Share it