Flash News

ബിജെപി നേതാവ് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ച മകളെ സുപ്രിംകോടതി മോചിപ്പിച്ചു

ന്യൂഡല്‍ഹി: മകളെ അവര്‍ക്ക് ഇഷ്ടമില്ലാത്ത ആള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവില്‍നിന്നു മകളെ സുപ്രിംകോടതി സ്വതന്ത്രയാക്കി. മാതാപിതാക്കളുടെയും ഭര്‍ത്താവിന്റെയും കൂടെ കഴിയേണ്ടതില്ലെന്നും ഇഷ്ടമുള്ളിടത്ത് ജീവിക്കാനും പഠനം തുടരാനും ജോലി ചെയ്യാനും യുവതിക്ക് സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ നടപടി.
തനിക്ക് ഇഷ്ടമില്ലാത്ത ആളുമായി വിവാഹം നടത്തി തന്നെ പീഡിപ്പിക്കുകയാണെന്നു കാണിച്ച് ഗുല്‍ബര്‍ഗയിലെ വീടു വിട്ട് ഡല്‍ഹിയില്‍ അഭയം തേടിയാണ് യുവതി സുപ്രിംകോടതിയെ സമീപിച്ചത്. 26 വയസ്സുള്ള യുവതി മുതിര്‍ന്നയാളാണെന്നും അവര്‍ക്ക് എവിടെ വേണമെങ്കിലും പോവാമെന്നും ആഗ്രഹിക്കുന്ന എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കിയാണ് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് യുവതിയെ സ്വതന്ത്രയാക്കിയത്. മാതാപിതാക്കളോ കുടുംബാംഗങ്ങളോ ഭര്‍ത്താവിന്റെ ബന്ധുക്കളോ തടസ്സം നില്‍ക്കരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
യുവതിക്ക് സുരക്ഷാഭീഷണിയുണ്ടെങ്കില്‍ സ്വദേശത്തെ അസിസ്റ്റന്റ് പോലിസ് കമ്മീഷണറെ കണ്ട് സുരക്ഷ ആവശ്യപ്പെടാമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, തങ്ങളുടെ വിവാഹം റദ്ദാക്കണമെന്ന യുവതിയുടെ ആവശ്യം കോടതി തള്ളി. ഈ ആവശ്യവുമായി കുടുംബകോടതിയെ സമീപിക്കുകയാണു വേണ്ടതെന്നും സുപ്രിംകോടതിക്ക് വിവാഹം റദ്ദാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ബംഗളൂരുവിലേക്ക് തിരികെ പോയി എന്‍ജിനീയറിങ് പഠനം തുടരാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍, മാതാപിതാക്കളുടെ പ്രതികാരം ഭയക്കുന്നുണ്ടെന്നും പെണ്‍കുട്ടി കോടതിയില്‍ ബോധ്യപ്പെടുത്തി. രക്ഷിതാക്കളുടെയും ഭര്‍ത്താവിന്റെ ബന്ധുക്കളുടെയും ഭീഷണിയുള്ളതിനാല്‍ സുരക്ഷ നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടു. യുവതിയുടെ സഹോദരന്‍ ബലാല്‍സംഗഭീഷണി മുഴക്കിയിട്ടുണ്ടെന്നും യുവതിക്കു വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് കോടതിയെ അറിയിച്ചു.
യുവതിയുടെ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട്, ആധാര്‍ കാര്‍ഡ് തുടങ്ങിയ രേഖകളെല്ലാം മാതാപിതാക്കള്‍ പിടിച്ചുവച്ചിരിക്കുകയാണെന്നും ഇവ വിട്ടുകിട്ടണമെന്നും അഭിഭാഷക കോടതിയില്‍ ആവശ്യപ്പെട്ടു. കോടതി ഉത്തരവിനെ തുടര്‍ന്ന് യുവതിയുടെ എല്ലാ രേഖകളും വിട്ടുനല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവിന്റെ മകളാണു യുവതി. അച്ഛന്റെ പേര് കോടതി രേഖകളില്‍ വെളിപ്പെടുത്തിയിട്ടില്ല.
Next Story

RELATED STORIES

Share it