Flash News

ബിജെപി നേതാവിന്റെ കാല്‍ തല്ലിയൊടിച്ചു : ആര്‍എസ്എസ് നേതാവിനെതിരേ ഗുണ്ടാ ആക്ട് ചുമത്താന്‍ നീക്കം



കൊച്ചി: ബിജെപി സംസ്ഥാന നേതാവിന്റെ കാല്‍ വീട്ടില്‍ക്കയറി തല്ലിയൊടിച്ച സംഭവത്തിലെ ഒന്നാംപ്രതിയായ ആര്‍എസ്എസ് നേതാവ് ലാല്‍ ജീവനെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസെടുക്കാന്‍ പോലിസ് നടപടിയാരംഭിച്ചു. ഇതിന്റെ ഭാഗമായി വിവിധ സ്‌റ്റേഷനുകളിലുള്ള കേസുകളുടെ വിവരശേഖരണം തുടങ്ങി. ബിജെപി സംസ്ഥാന കൗണ്‍സിലംഗം പാലാരിവട്ടം ശ്രീകല റോഡില്‍ തെക്കേ മാടവന സജീവനെ (വെണ്ണല സജീവന്‍-47)യാണ് ലാല്‍ ജീവന്റെ നേതൃത്വത്തില്‍ നാലംഗസംഘം വീട്ടില്‍ക്കയറി ആക്രമിച്ചത്. ക്രിക്കറ്റ് ബാറ്റിന് അടിയേറ്റ് വലതുകാല്‍ ഒടിഞ്ഞ സജീവന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആയുധമുപയോഗിച്ച് മാരകമായി മുറിവേല്‍പിക്കല്‍, വീട്ടില്‍ അതിക്രമിച്ചുകയറല്‍, കൂട്ടമായി ആക്രമിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികളായ ലാല്‍ ജീവന്‍, കാക്കനാട് സ്വദേശികളായ രജീഷ്, വൈശാഖ്, ശരത് എന്നിവര്‍ക്കെതിരേ പാലാരിവട്ടം പോലിസ് കേസെടുത്തത്. പ്രതികള്‍ റിമാന്‍ഡിലാണ്. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗമായ സജീവനും പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുമായി  തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ബിജെപി, ആര്‍എസ്എസ് ജില്ലാ, സംസ്ഥാന നേതൃത്വം ഇടപെട്ട് തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതിനിടെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. സംസ്ഥാന കൗണ്‍സില്‍ അംഗത്തെ ആക്രമിച്ചിട്ടും ബിജെപി നേതാക്കള്‍ ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി അടുത്തദിവസം കോടതിയില്‍ പോലിസ് അപേക്ഷ നല്‍കും.
Next Story

RELATED STORIES

Share it