ബിജെപിയെ പ്രതിരോധിക്കാന്‍മണിക് സര്‍ക്കാരിന്റെ പോരാട്ടം

അഗര്‍ത്തല: ത്രിപുരയില്‍ 1998 മാര്‍ച്ച് മുതല്‍ ഇരുപത് വര്‍ഷമായി മുഖ്യമന്ത്രിയാണ്് മണിക് സര്‍ക്കാര്‍. ഫെബ്രുവരി 18ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്നും സിപിഎമ്മിന്റെ അവശേഷിക്കുന്ന കോട്ടകളിലൊന്നായ ത്രിപുരയെ രക്ഷിക്കാനുള്ള തീവ്ര യത്‌നത്തിലാണ് അദ്ദേഹം. ബിജെപിക്ക് വേണ്ടി കേന്ദ്ര നേതാക്കളുടെ പട നിരന്തരം എത്തുന്നുണ്ടെങ്കിലും മണിക് സര്‍ക്കാര്‍ ഏകനായാണ് ഇടതുപക്ഷത്തിന്റെ പോരാട്ടം നയിക്കുന്നത്. തുടര്‍ച്ചയായ പ്രചാരണത്തിന്റെ 27ാം നാളില്‍ ഞായറാഴ്ച പശ്ചിമ ത്രിപുരയിലെ മൂന്ന് റാലികളില്‍ അദ്ദേഹം സംബന്ധിച്ചു. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തന അവലോകനങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കുന്നു. മറ്റ് മന്ത്രിമാരെല്ലാവരും സ്വന്തം മണ്ഡലങ്ങളില്‍ ബിജെപിയുടെ വെല്ലുവിളി നേരിടുകയാണ്. തന്റെ ട്രേഡ് മാര്‍ക്കായ വെള്ള പൈജാമയും കുര്‍ത്തയും കമ്പിളി ഷാളുമായി രാവിലെ തന്നെ മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധാന്‍പൂറിലെത്തിയിരുന്നു. അവിടെ മൂന്ന് മണിക്കൂര്‍ ചെലവഴിച്ച അദ്ദേഹം സോനാമുരയില്‍ നാല് മണ്ഡലങ്ങളുടെ  ഏകോപിത റാലിയിലും ഉച്ചയ്ക്ക് ശേഷം ധനമന്ത്രി ഭാനുലാല്‍ സാഹയ്ക്ക് വോട്ട് തേടി ബിശാല്‍ ഗാഡിലും റാലിയില്‍ പങ്കെടുത്തു. വൈകുന്നേരം അഗര്‍ത്തല ബിടി കോളജ് ഗ്രൗണ്ടിലായിരുന്നു റാലി. ഒരാഴ്ച മുമ്പ് ഇവിടെ റാലിയില്‍ പ്രസംഗിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി. കേന്ദ്ര സര്‍ക്കാര്‍ കേവലം മൂന്ന് മാസം മാത്രം മുമ്പ് ത്രിപുര സര്‍ക്കാരിന്റെ പ്രകടനം പ്രശംസിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കേന്ദ്ര മന്ത്രിമാര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. ത്രിപുരയില്‍ ബിജെപി നേതാക്കള്‍ സൈബീരിയന്‍ പക്ഷികളെപ്പോലെയാണെന്ന് മണിക് സര്‍ക്കാര്‍ പറയുന്നു. 40 വര്‍ഷം മുമ്പ് ത്രിപുര എന്തായിരുന്നുവെന്ന് അവര്‍ക്കറിയില്ല. ഇന്നത്തെ ഏതെങ്കിലും സംസ്ഥാനമോ നഗരമോ ആയി താരതമ്യം ചെയ്ത് ത്രിപുരയുടെ വികസനത്തെക്കുറിച്ച് വിധിക്കാനാവില്ല.  ഒഴിഞ്ഞ ഖജനാവുമായാണ് ത്രിപുര തുടങ്ങിയത്. ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചതെങ്കിലും ഇപ്പോഴും മറ്റു സംസ്ഥാനങ്ങളുടെ പിന്നിലാണ് ത്രിപുരയെന്ന് പറയുന്ന മുഖ്യമന്ത്രി കേന്ദ്രപിന്തുണ ലഭിച്ചാല്‍ കൂടുതല്‍ പുരോഗതി കൈവരിക്കാനാവുമെന്ന് കൂട്ടിച്ചേര്‍ക്കുന്നു.
Next Story

RELATED STORIES

Share it