ബിജെപിയെ പോലെ അഴിഞ്ഞാടാന്‍ കോണ്‍ഗ്രസ്സിനാവില്ല: സുധാകരന്‍

കണ്ണൂര്‍/തൃശൂര്‍: സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന അമിത് ഷായുടെ പ്രസ്താവന ഫെഡറലിസത്തിനെതിരാണെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ബിജെപിയെ പോലെ അഴിഞ്ഞാടാന്‍ കോണ്‍ഗ്രസ്സിനാവില്ല. എല്ലാ മതങ്ങളുടെയും വിശ്വാസം സംരക്ഷിക്കാന്‍ നിലകൊള്ളുന്നവരാണ് കോണ്‍ഗ്രസ്. സംസ്ഥാനത്ത് പോലിസ് രാജാണു നടക്കുന്നത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്ന കിരാത നടപടി നിര്‍ത്തണം. അടിയന്തരാവസ്ഥയില്‍ പോലും ഇത്രയും അറസ്റ്റ് നടന്നിട്ടില്ല. കോണ്‍ഗ്രസ്സിന്റെ സമരപ്പന്തലില്‍ ഉണ്ടായിരുന്നവരെക്കുറിച്ചു പോലിസ് അന്വേഷണം നടക്കുന്നുണ്ട്. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ചത് അപലപനീയമാണ്. ചില ദുരൂഹതകള്‍ സംഭവത്തിലുണ്ടെന്നും അദ്ദേ ഹം പറഞ്ഞു. ആള്‍ക്കാര്‍ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സമരത്തെ അടിച്ചമര്‍ത്താന്‍ സാധിക്കില്ല. ശബരിമലയില്‍ 1500 സഖാക്കളെ നിയോഗിക്കാനാണ് നീക്കം. ഇവിടെ എംപ്ലോയ്‌മെന്റ്് വഴി നിയമനം നടത്തണം. അല്ലെങ്കില്‍ ടിപിയെ കൊന്ന ക്രിമിനലുകള്‍ ഉള്‍പ്പെടെ സ്‌പെഷ്യല്‍ പോലിസായി വരുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല പ്രക്ഷോഭത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് അമിത് ഷായുടെ കണ്ണൂരിലെ പ്രസ്താവനയോടെ ജനങ്ങള്‍ക്ക് ബോധ്യമായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എഐടിയുസി ജില്ലാ സമ്മേളനം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം. കേരള ഗവണ്‍മെന്റ്, ബിജെപിയുടെ ഔദാര്യത്തിന്റെ ഫലമല്ല. അമിത്ഷാ കുറച്ചുകൂടി കേരള ചരിത്രം പഠിക്കുന്നത് നന്നായിരിക്കും. ഈ രാജ്യത്ത് അഴിമതിക്കെതിരായിട്ട് യുദ്ധപ്രഖ്യാപനം നടത്തി അധികാരത്തില്‍ വന്ന ഗവണ്‍മെന്റ് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ചെളിക്കുഴിയിലാണ്. റഫേല്‍ യുദ്ധവിമാനവിഷയത്തില്‍ എന്തിനാണ് പ്രധാനമന്ത്രി ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി എന്ന് കേള്‍ക്കുമ്പോള്‍ ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണം അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരെയുള്ള നടപടിയാണെന്നും കാനം പറഞ്ഞു.

Next Story

RELATED STORIES

Share it