thrissur local

ബിജെപിയുമായി സഖ്യം ചേര്‍ന്ന് നടത്തിയ സമരം : കോണ്‍ഗ്രസ്സില്‍ ഭിന്നത



തൃശൂര്‍: കോര്‍പറേഷനില്‍ പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ കോണ്‍ഗ്രസ്സില്‍ ഭിന്നത. ബിജെപിയുമായി സഖ്യം ചേര്‍ന്നു നടത്തിയ സമരത്തില്‍ എ ഗ്രൂപ്പിലെ നേതാക്കളായ കൗണ്‍സിലര്‍മാര്‍ വിട്ടുനിന്നു. മുന്‍ മേയര്‍ രാജന്‍ ജെ പല്ലന്‍, പ്രതിപക്ഷ ഉപനേതാവ് ജോണ്‍ ഡാനിയല്‍ തുടങ്ങിയവര്‍ പങ്കെടുത്തില്ല. സമാന്തര കൗണ്‍സിലില്‍ പങ്കെടുത്തെങ്കിലും തുടര്‍ന്നുള്ള കുത്തിയിരിപ്പ് സമരത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. കൗണ്‍സിലര്‍ എ പ്രസാദിന്റെ നിര്‍ദേശ പ്രകാരമാണ് പെട്ടെന്നുള്ള സമരം നടത്തിയതെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. പ്രതിപക്ഷനേതാവ് ഇതിന് വഴങ്ങിയെന്നുമാണ് ആരോപിക്കുന്നത്. ബിജെപിയുമായി സമരം ചെയ്യേണ്ടതില്ലെന്ന നിലപാടാണ് എ ഗ്രൂപ്പിന്. കൗണ്‍സിലര്‍മാരായ മറ്റ് എ ഗ്രൂപ്പ് നേതാക്കള്‍ സമരത്തില്‍ പങ്കെടുത്തത് സമരം പൊളിക്കേണ്ടെന്ന നിര്‍ദേശത്താലാണ്. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയിലും ഈ വിഷയമുന്നിയിക്കാനൊരുങ്ങുകയാണ് എ ഗ്രൂപ്പ് നേതാക്കള്‍. തിങ്കളാഴ്ച നടന്ന സമാന്തര കൗണ്‍സിലില്‍ അധ്യക്ഷത വഹിച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗണ്‍സിലറുമായ എം എസ് സമ്പൂര്‍ണ, പൂര്‍ണിമ സുരേഷും കുത്തിയിരിപ്പ് സമരത്തില്‍ പങ്കെടുത്തില്ല. ബിജെപിയിലും ഭിന്നതയുണ്ടെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാവുന്നത്.
Next Story

RELATED STORIES

Share it