Flash News

ബിജെപിയുടെ കുതിരക്കച്ചവടം പൊളിച്ചത് ഡികെഎസിന്റെ ചാണക്യസൂത്രങ്ങള്‍

എം  ടി  പി   റഫീക്ക്
കോഴിക്കോട്: വര്‍ഷം 2002. മഹാരാഷ്ട്രയില്‍ വിലാസ്‌റാവു ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസവോട്ട് നേരിടുന്ന സമയം. എംഎല്‍എമാര്‍ മറുകണ്ടം ചാടാതിരിക്കാന്‍ സുരക്ഷിതമായ ഇടം വേണം. എസ് എം കൃഷ്ണ ഭരിക്കുന്ന തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയെയാണ് ആശ്രയമായി കണ്ടത്. എംഎല്‍എമാരെ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് മുഖ്യമന്ത്രി കൃഷ്ണ ഏല്‍പ്പിച്ചത് അന്നത്തെ യുവ നഗരവികസന മന്ത്രി ഡി കെ ശിവകുമാറിനെ. ബംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ഈഗിള്‍ട്ടണ്‍ റിസോര്‍ട്ടില്‍ ഒരാഴ്ച സുരക്ഷിതമായി എംഎല്‍എമാരെ സൂക്ഷിച്ച അദ്ദേഹം കൃത്യസമയത്ത് അവരെ മുംബൈയിലെത്തിക്കുകയും വിലാസ്‌റാവു സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കുകയും ചെയ്തു. ബി എസ് യെദ്യൂരപ്പയുടെ രാജിയിലേക്കു വഴിതുറന്ന നാടകത്തിന് അണിയറയില്‍ ചരടുവലിച്ച ശിവകുമാര്‍ അന്നു തന്നെ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.
ഡികെഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ശിവകുമാര്‍ കോണ്‍ഗ്രസ്സിന് എല്ലാ കാലത്തും ആശ്രയിക്കാവുന്ന നേതാവായിരുന്നു. ഗൗഡ കുടുംബത്തിന്റെ ശക്തികേന്ദ്രത്തില്‍ അവരോട് പൊരുതിനിന്നാണ് ഡികെഎസ് എന്ന 57കാരന്‍ രാഷ്ട്രീയത്തിന്റെ പടവുകള്‍ കയറിയത്. ശിവകുമാര്‍ എന്ന വൊക്കലിഗ സമുദായക്കാരന്‍ 1989ലാണ് ആദ്യത്തെ തിരഞ്ഞെടുപ്പു ജയിച്ചത്. കനകപുര താലൂക്കിലെ സാതനൂരില്‍ ശിവകുമാര്‍ തോല്‍പിച്ചത് കര്‍ണാടക രാഷ്ട്രീയത്തിലെ അതികായനായ എച്ച് ഡി ദേവഗൗഡയെ. 1990ല്‍ എസ് ബംഗാരപ്പ മുഖ്യമന്ത്രിയായപ്പോള്‍ ശിവകുമാറിന്റെ കഴിവു കണ്ടറിഞ്ഞ അദ്ദേഹം ജയില്‍മന്ത്രിയുടെ ചുമതല നല്‍കി.
1994ല്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ ജനതാദള്‍ അധികാരത്തിലേറിയപ്പോള്‍ ആ കൊടുങ്കാറ്റില്‍നിന്നു രക്ഷപ്പെട്ട അപൂര്‍വം വ്യക്തികളിലൊരാളായിരുന്നു ശിവകുമാര്‍. ദേവഗൗഡ പ്രധാനമന്ത്രിയായപ്പോഴും ഗൗഡകളോടുള്ള പോരാട്ടം ശിവകുമാര്‍ തുടര്‍ന്നു. 1999ല്‍ വൊക്കലിഗക്കാരനായ എസ് എം കൃഷ്ണ മുഖ്യമന്ത്രിയായപ്പോള്‍ ശിവകുമാര്‍ നഗരവികസന മന്ത്രിയായി. പല മുതിര്‍ന്ന നേതാക്കളെയും അപ്രസക്തരാക്കി പലപ്പോഴും യഥാര്‍ഥ മുഖ്യമന്ത്രിയുടെ റോളിലായിരുന്നു അന്ന് ശിവകുമാര്‍.
തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കൃഷ്ണ സര്‍ക്കാര്‍ പുറത്തായി. കോണ്‍ഗ്രസ്സും ജെഡിഎസും സഖ്യത്തിലായപ്പോള്‍ ശിവകുമാറിനെ അവഗണിച്ചു. പിന്നീട് മന്ത്രിസഭയില്‍ തിരിച്ചെത്താന്‍ അദ്ദേഹത്തിന് 2014 വരെ കാത്തിരിക്കേണ്ടിവന്നു.
2013ല്‍ സിദ്ധരാമയ്യ അധികാരത്തിലേറിയപ്പോള്‍ ശിവകുമാറിനെ അഴിമതിയുടെ പേരില്‍ മാറ്റിനിര്‍ത്തി. എന്നാല്‍, പാര്‍ട്ടിക്കെതിരേ മറുത്തൊരക്ഷരം പറയാതെ അവസരത്തിനായി കാത്തുനിന്നു. പ്രതീക്ഷിച്ചപോലെ 2014 ജൂലൈയില്‍ ഡികെഎസ് ഊര്‍ജമന്ത്രിയായി അവരോധിതനായി. സിദ്ധരാമയ്യയുമായി വലിയ സ്വരച്ചേര്‍ച്ചയുണ്ടായിരുന്നില്ലെങ്കിലും ഗൗഡയെന്ന പൊതുശത്രു ഇരുവരെയും ഒരുമിപ്പിച്ചുനിര്‍ത്തി.
2017ലെ ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹ്്മദ് പട്ടേലിനെ തറപറ്റിക്കാന്‍ ബിജെപി അരയും തലയും മുറുക്കി ഇറങ്ങിയപ്പോള്‍ പ്രതിരോധം തീര്‍ക്കാനെത്തിയത് ഡികെഎസ് തന്നെ. കോണ്‍ഗ്രസ്സിന്റെ എംഎല്‍എമാര്‍ മറുകണ്ടം ചാടാതെ ചേര്‍ത്തുനിര്‍ത്താന്‍ അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ക്കായി. ഇന്‍കം ടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയെ ഉപയോഗിച്ച് റെയ്ഡ് നടത്തി ഭീഷണിപ്പെടുത്താനുള്ള ശ്രമമൊന്നും ഡികെഎസിന് മുന്നില്‍ വിലപ്പോയില്ല.
2017ല്‍ കെപിസിസി പ്രസിഡന്റാവാനുള്ള അവസരം ഒത്തുവന്നെങ്കിലും തനിക്ക് പാരയാവുമെന്നു കണ്ട് സിദ്ധരാമയ്യ അതിനു തടയിട്ടു. എന്നാല്‍, അവിടെയും മറുത്തൊന്നും പറയാതെ വിധേയനായി നിന്ന ഡികെഎസ് പിന്നീട് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നതാണു കണ്ടത്.
തിരഞ്ഞെടുപ്പിനു ശേഷം തൂക്കുസഭ വന്നപ്പോള്‍, അതേ ഡികെഎസ് തന്നെയാണ് ബിജെപിയെ അകറ്റിനിര്‍ത്താന്‍ ഗൗഡ കുടുംബവുമായി കൈകോര്‍ത്തത്. പണക്കിഴികളുമായി പറന്നെത്തിയ ബിജെപി പരുന്തുകളില്‍നിന്ന് തള്ളക്കോഴി കുഞ്ഞുങ്ങളെയെന്നപോലെ അദ്ദേഹം എംഎല്‍എമാരെ കാത്തുവച്ചു. പഴയ ഈഗിള്‍ട്ടണ്‍ റിസോര്‍ട്ടില്‍ തന്നെയാണ് ഇക്കുറിയും മൂന്നുദിവസം എംഎല്‍എമാര്‍ക്ക് സുരക്ഷിത താവളമൊരുക്കിയത്. പിന്നീട് എംഎല്‍എമാരെ അര്‍ധരാത്രിയില്‍ ഹൈദരാബാദിലേക്കു കടത്തിയതും കൃത്യസമയത്ത് സഭയിലെത്തിച്ചതും ഡികെഎസിന്റെ മിടുക്കു തന്നെ. ഒരു എംഎല്‍എപോലും മറുപക്ഷത്തെത്താതെ നോക്കി എന്നു മാത്രമല്ല, കാണാതായ രണ്ടു പേരെ (പ്രതാപ് ഗൗഡ, ആനന്ദ് സിങ്) നിര്‍ണായക നിമിഷത്തില്‍ തിരിച്ചെത്തിക്കാനും ഡികെഎസിനു കഴിഞ്ഞു. അതുവരെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്ന യെദ്യൂരപ്പ രാജിപ്രഖ്യാപിച്ചത് അതോടെയാണ്.
അവസരമൊത്തുവന്നാല്‍ പകതീര്‍ക്കുന്ന ഡികെഎസിന്റെ സ്വഭാവം ശത്രുക്കളെ എന്നും ഭയത്തിലാക്കുന്നു. അതേസമയം, പ്രതിസന്ധിയില്‍ കൂടെ നില്‍ക്കുന്നതിനാല്‍ മിത്രങ്ങള്‍ക്ക് പ്രിയങ്കരന്‍കൂടിയാണ് അദ്ദേഹം. കര്‍ണാടക മുഖ്യമന്ത്രിപദത്തില്‍ തനിക്കൊരു കണ്ണുണ്ടെന്ന കാര്യവും ഡികെഎസ് മറച്ചുവയ്ക്കുന്നില്ല. വരാനിരിക്കുന്ന രാഷ്ട്രീയനാടകങ്ങളില്‍ കറങ്ങിത്തിരിഞ്ഞ് കസേര ഡികെഎസിന്റെ മുന്നിലെത്തുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.
Next Story

RELATED STORIES

Share it