ബിജെപിക്കെതിരേ രൂക്ഷവിമര്‍ശനവുമായി മെഹബൂബ മുഫ്തി

ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവച്ചതിനു തൊട്ടുപിറകെ ബിജെപിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. അധികാരത്തിനു വേണ്ടിയല്ല ബിജെപിയുമായി സഖ്യമുണ്ടാക്കിയത്. അടിച്ചമര്‍ത്തല്‍ രാഷ്ട്രീയം കശ്മീരില്‍ നടക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശ്വസിച്ചാണ് ഭരണസഖ്യം രൂപീകരിച്ചതെന്നും മെഹബൂബ മുഫ്തി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തു നിന്നുള്ള രാജിക്കത്ത് ഗവര്‍ണര്‍ എന്‍ എന്‍ വോ—റയ്ക്ക് കൈമാറിയ ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അവര്‍.
കശ്മീരില്‍ സമാധാനം കൊണ്ടുവരുമെന്നു കരുതിയാണു സഖ്യം രൂപീകരിച്ചതും നിലനിര്‍ത്തിയതുമെന്നും അവര്‍ പറഞ്ഞു. ബിജെപി തീരുമാനം ഞെട്ടലുണ്ടാക്കിയില്ല. പേശീബലം കൊണ്ട് സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്ന തരം നയങ്ങള്‍ ഒരു കാലത്തും പ്രോല്‍സാഹിപ്പിക്കില്ല. മറ്റൊരു പാര്‍ട്ടിയുമായും സഖ്യത്തിനില്ലെന്നു ഗവര്‍ണറോടു വ്യക്തമാക്കിയിട്ടുണ്ടെന്നും രാജിക്കത്തു നല്‍കിയതിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മെഹ്ബൂബ പറഞ്ഞു.
കശ്മീരിലെ ജനങ്ങളെ ബുദ്ധിമുട്ടുകളില്‍ നിന്നു രക്ഷിക്കാന്‍ വേണ്ടിയായിരുന്നു കേന്ദ്രത്തില്‍ ഭരണമുള്ള പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയത്. എന്തു പ്രശ്‌നമാണെങ്കിലും യോജിപ്പിന്റെ പാത തിരഞ്ഞെടുക്കാനാണു പിഡിപിക്കു താല്‍പര്യം. അതിര്‍ത്തിയില്‍ ഏകപക്ഷീയമായ വെടിനിര്‍ത്തലായിരുന്നു ഈ സഖ്യത്തിലൂടെ ലക്ഷ്യമിട്ടത്. സംസ്ഥാനത്തെ 11,000ഓളം ചെറുപ്പക്കാര്‍ക്കെതിരേയുള്ള കേസ് നീക്കുന്നതിനായുള്ള ശ്രമങ്ങളും ലക്ഷ്യംവച്ചിരുന്നു. റമദാന്‍ മാസത്തില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ ഗുണകരമായിരുന്നു. എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ അത് എന്തിനാണു പിന്‍വലിച്ചതെന്നു മെഹബൂബ മുഫ്തി ആരാഞ്ഞു.
Next Story

RELATED STORIES

Share it