ബിജെപിക്കെതിരേ കോണ്‍ഗ്രസ്സിതര ബദല്‍ ഉയര്‍ത്തണം: പിണറായി

സമീര്‍ കല്ലായി
മലപ്പുറം: ബിജെപിക്കെതിരേ കോണ്‍ഗ്രസ്സിതര ബദലാണ് ഉയര്‍ത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയ്‌ക്കെതിരേയും നവലിബറലിസത്തിനെതിരേയും വിശ്വാസ്യതയുള്ള ബദല്‍ മുന്നോട്ടുവച്ചെങ്കിലേ ജനം സ്വീകരിക്കൂ. സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന 'ഇടതുപക്ഷം: പ്രതീക്ഷകളും സാധ്യതയും' എന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബദല്‍നയം ഇടതുപക്ഷത്തിന് മാത്രമാണുള്ളത്. കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് നവലിബറല്‍ നയത്തെ എതിര്‍ക്കുമെന്ന് പറഞ്ഞാല്‍ ജനങ്ങള്‍ക്കു വിശ്വാസമുണ്ടാവില്ല. വര്‍ഗീയതയ്‌ക്കെതിരേ സന്ധിയില്ലാതെ പൊരുതാനും കോണ്‍ഗ്രസ്സിനാവില്ല. അമേരിക്കയുമായി ചങ്ങാത്തം സ്ഥാപിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. ഇടത് ജനാധിപത്യ ഐക്യത്തിനേ ആഗോളവല്‍ക്കരണത്തിനും ആക്രമണോല്‍സുക വര്‍ഗീയതയ്ക്കുമെതിരേ നിലപാട് സ്വീകരിക്കാനാവൂ. അത്തരത്തിലുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ഇതിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോള്‍ രാജ്യത്തുള്ളെതന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിച്ചതും ബിജെപിയെ വളരാന്‍ സഹായിച്ചതും കോണ്‍ഗ്രസാണ്. ബാബരി മസ്ജിദ് തകര്‍ച്ചയാണ് ഫാഷിസത്തെ വളര്‍ത്തിയത്. ഗുജറാത്തില്‍ അനുകൂല ഘടകമുണ്ടായിട്ടും കോണ്‍ഗ്രസ്സിന് വിജയിക്കാനാവാതെ വന്നത് ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാനാനാവത്തതുകൊണ്ടാണ്. ബദലുകള്‍ സാധ്യമല്ലെന്ന വലതുപക്ഷ നിരീക്ഷണം ജനപക്ഷ നിലപാടുകളിലൂടെ തിരുത്താന്‍ കേരളത്തിനായിട്ടുണ്ട്. നേട്ടമുണ്ടാക്കാന്‍ മികച്ച ഇടതുപക്ഷ ഐക്യമുണ്ടാവണമെന്നും പ്രാദേശിക ഗ്രൂപ്പുകളെ യോജിപ്പിച്ച് മഹാപ്രവാഹമായി മാറണമെന്നും പിണറായി പറഞ്ഞു.
അതേസമയം, രാജ്യം കേരളം മാത്രമല്ലെന്ന യാഥാര്‍ഥ്യം കാണാതെ പോവരുതെന്ന് ചര്‍ച്ച ക്രോഡീകരിച്ചുകൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അന്തരം കമ്മ്യൂണിസ്റ്റുകള്‍ തിരിച്ചറിയണം. വര്‍ത്തമാനകാല രാഷ്ട്രീയത്തിലേക്ക് ഇറങ്ങിവന്നാല്‍ ഇത് മനസ്സിലാക്കാമെന്നും കാനം പറഞ്ഞു.
Next Story

RELATED STORIES

Share it