Editorial

ബിഎസ്പിയുടെ നിലപാട് നിരാശാജനകം

മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ്സുമായി സഖ്യത്തിനില്ലെന്ന ബിഎസ്പി നേതാവ് മായാവതിയുടെ നിലപാട് ബിജെപിക്കെതിരേ ദേശീയതലത്തില്‍ നാമ്പെടുത്തുവരുന്ന വിശാല പ്രതിപക്ഷസഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്ന ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. മായാവതിയുടെ പ്രസ്താവന ഹിന്ദുത്വ ക്യാംപില്‍ ആഹ്ലാദം ഉതിര്‍ത്തിരിക്കുകയാണെന്ന് ബിജെപി നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്നു വ്യക്തമാണ്.
അടിയന്തരാവസ്ഥയെ തുടര്‍ന്ന് രാജ്യത്ത് ഉയര്‍ന്നുവന്ന സോഷ്യലിസ്റ്റുകളുടെയും ജനാധിപത്യകക്ഷികളുടെയും കരുത്തുറ്റ ഐക്യനിരയാണ് ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിനെതിരേ അണിനിരന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന് ജീവവായു നല്‍കിയത്. അന്നത്തേതുപോലെ പ്രതിപക്ഷ കക്ഷികളെല്ലാം ഒരുമിച്ചുചേര്‍ന്ന് ബിജെപിക്കെതിരേ ശക്തമായ പ്രതിരോധം കെട്ടിപ്പടുക്കേണ്ട ഒരു സാഹചര്യമാണ് ഇന്നുള്ളത്. ബിജെപിയുടെ വര്‍ഗീയ-വിധ്വംസക രാഷ്ട്രീയവും നരേന്ദ്രമോദിയുടെ ജനവിരുദ്ധ നയങ്ങളും സൃഷ്ടിക്കുന്ന അപകടം തിരിച്ചറിഞ്ഞുതന്നെയാണ് പ്രതിപക്ഷചേരിയില്‍ വിശാലസഖ്യത്തിനുള്ള ചര്‍ച്ചകളും നീക്കങ്ങളും സജീവമായത്. ഇന്നത്തെ രാഷ്ട്രീയ ചുറ്റുപാടില്‍ അത്തരമൊരു പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം നല്‍കാന്‍ കെല്‍പ്പുള്ള രാഷ്ട്രീയപ്പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നതും അവിതര്‍ക്കിതമാണ്. കോണ്‍ഗ്രസ് മെല്ലെയാണെങ്കിലും സംഘടനാ കെട്ടുറപ്പു നേടിയും നേതൃദൗര്‍ബല്യം പരിഹരിച്ചും ശക്തമായൊരു തിരിച്ചുവരവിന് കഴിയുമെന്ന സന്ദേശവും ഇതിനകം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിനുശേഷം നടന്ന ചില നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കു മുന്നേറ്റമുണ്ടായെങ്കിലും ബിഹാറില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മഹാസഖ്യത്തിന് അവരെ തടഞ്ഞുനിര്‍ത്താനായി എന്നതു പ്രതിപക്ഷ ഐക്യത്തിന്റെ വിജയസാധ്യതയാണു വിളിച്ചോതിയത്. കര്‍ണാടകയിലും കോണ്‍ഗ്രസ്സിന്റെ വിട്ടുവീഴ്ച ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ സഹായകമായി.
നാലു സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ നടക്കാന്‍ പോവുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ 2019ലെ പൊതുതിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്‌സലായി മാറ്റാനുള്ള വലിയൊരവസരമാണ് പ്രതിപക്ഷത്തിനു നല്‍കിയിട്ടുള്ളത്. പടലപ്പിണക്കവും മൂപ്പിളമത്തര്‍ക്കവും സീറ്റ് വിഹിതത്തെ ചൊല്ലിയുള്ള കലഹവുമെല്ലാം കാരണമായി ചുണ്ടോടടുക്കുന്ന കപ്പ് തട്ടിത്തെറിപ്പിക്കാനിടയാവരുത്. എന്‍ഡിഎയിലെ സഖ്യകക്ഷികളില്‍ ചിലതു പോലും പ്രതിപക്ഷ ഐക്യം യാഥാര്‍ഥ്യമായാല്‍ മാറിച്ചിന്തിച്ചുകൂടായ്കയില്ല. ഇപ്പോള്‍ സഖ്യത്തിനില്ലെന്നു പ്രഖ്യാപിച്ച മായാവതിക്കും പ്രതിപക്ഷ ഐക്യത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സത്യസന്ധതയില്‍ വിശ്വാസമുണ്ട്. ആ നിലയ്ക്ക് തെറ്റിപ്പിരിയാതെ ചര്‍ച്ചകള്‍ പുനരാരംഭിക്കുകയും ഇരുപക്ഷവും വിട്ടുവീഴ്ചകള്‍ക്കു തയ്യാറാവുകയും വേണം. ഇടതുപക്ഷവും യാഥാര്‍ഥ്യബോധത്തോടെ ഇത്തരമൊരു സന്ദിഗ്ധ രാഷ്ട്രീയസന്ദര്‍ഭത്തെ അഭിമുഖീകരിക്കാന്‍ തയ്യാറാവണം. വെള്ളം മുഴുവന്‍ വാര്‍ന്നുപോയിട്ട് അണ കെട്ടിയതുകൊണ്ട് കാര്യമില്ല എന്ന് രാജ്യത്ത് ജനാധിപത്യം മരിക്കാതിരിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും തിരിച്ചറിയണം.

Next Story

RELATED STORIES

Share it