Idukki local

ബിഎംഎസ് ആക്രമണം : ബസ് പണിമുടക്ക് പൂര്‍ണം



തൊടുപുഴ: സ്വകാര്യബസ് ഡ്രൈവറെ ബിഎംഎസ് പ്രവര്‍ത്തകര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് തൊടുപുഴ മേഖലയില്‍ മോട്ടോര്‍ തൊഴിലാളി യൂണിയന്‍(സിഐടിയു) നേതൃത്വത്തില്‍ ഇന്നലെ നടത്തിയ സ്വകാര്യബസ് പണിമുടക്ക് പൂര്‍ണം. തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം മുനിസിപ്പല്‍ മൈതാനിയില്‍ സമാപിച്ചു. പ്രകടനത്തെ തുടര്‍ന്നു ചേര്‍ന്ന യോഗത്തില്‍ നേതാക്കളായ ടി ആര്‍ സോമന്‍, കെ എം ബാബു, എം എം ഹഷീദ്, പി വി ജോര്‍ജ് സംസാരിച്ചു. ബസ് സ്റ്റാന്റിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ബിഎംഎസുകാരെ നിലയ്ക്കു നിര്‍ത്താന്‍ അധികാരികള്‍ തയാറാകണമെന്ന് മോട്ടോര്‍ തൊഴിലാളി യൂണിയന്‍(സിഐടിയു) ആവശ്യപ്പെട്ടു. ബസ് ഡ്രൈവര്‍ ശ്രീകുമാറിനെ ആക്രമിച്ച പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ പൊലിസ് തയാറാകണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. പാലാ- ചീനിക്കുഴി റൂട്ടില്‍ സര്‍വീസ് നടത്തുന്ന തൂഫാന്‍ ബസിലെ ഡ്രൈവര്‍ ശ്രീകുമാറിനെ ബുധനാഴ്ച ഉച്ചയോടെയാണ് ചീനിക്കുഴിയില്‍ ബിഎംഎസുകാര്‍ കമ്പിവടിയ്ക്ക് ആക്രമിച്ച് പരിക്കേല്‍പിച്ചത്. പണിമുടക്കിനെ തുടര്‍ന്ന് ഹൈറേഞ്ച് മേഖലയിലേക്ക് അടക്കം സ്വകാര്യബസുകള്‍ സര്‍വീസ് നടത്തിയില്ല. മുവാറ്റുപുഴ, പാലാ, മൂലമറ്റം, ചീനിക്കുഴി, വണ്ണപ്പുറം മേഖലകളിലേക്കും ഒരു ബസ് പോലും സര്‍വീസ് നടത്തിയില്ല. കെഎസ്ആര്‍ടിസി ബസുകളായിരുന്നു യാത്രക്കാരുടെ  ആശ്രയം.
Next Story

RELATED STORIES

Share it