kannur local

ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്: പ്രതിക്ക് രക്ഷപ്പെടാന്‍ പോലിസ് സഹായം

പയ്യന്നൂര്‍: അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ രക്ഷപ്പെടാന്‍ പോലിസ് അനുവദിച്ചതിനു തെളിവായി ലോക്കപ്പിന് മുന്നില്‍ പ്രതി ഇരിക്കുന്ന ഫോട്ടോ പുറത്തായി. കഴിഞ്ഞ 10ന് പുലര്‍ച്ചെ 1.30ഓടെയാണ് കേസിനാസ്പദമായ സംഭവം.
പയ്യന്നൂര്‍ പുതിയ ബസ്്സ്റ്റാന്റിനടുത്ത സ്റ്റേഡിയത്തിലെ പാര്‍ക്കിങ് ഷെഡില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ ഏഴുവയസുകാരിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബഹളംകേട്ട് നാടോടികുടുംബം ഉണരുകയും പയ്യന്നൂര്‍ പോലിസ് സ്‌റ്റേഷന് സമീപം താമസിക്കുന്ന പി ടി ബേബിരാജി(26)നെ പിടികൂടുകയും ചെയ്തു. ഇയാളെ പോലിസിലേല്‍പ്പിച്ചു.
തലയ്ക്ക് പരിക്കേറ്റ ബേബിരാജിനെ പയ്യന്നൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിക്ക് ആശുപത്രിയില്‍ പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. അതിനു ശേഷം ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നു. ഇതിന്റെ ഭാഗമായി ബേബിരാജ് പോലിസ് സ്‌റ്റേഷനിലെത്തിയിരുന്നു. സ്‌റ്റേഷന് വെളിയില്‍ അഭിഭാഷകന്‍ മുഖേന ഒത്തുതീര്‍പ്പ് ചര്‍ച്ചയും നടന്നു. ഒരുലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് പ്രശ്‌നം ഒത്തുതീര്‍ക്കുകയായിരുന്നു. ഈ വിഷയങ്ങള്‍ പയ്യന്നൂര്‍ പോലിസിന് അറിയാമായിരുന്നു. തുടര്‍ന്ന് 50000 രൂപയുടെ ചെക്ക് നാടോടി കുടുംബത്തിന് നല്‍കി. ഇത് വണ്ടിച്ചെക്കാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രശ്‌നത്തില്‍ ചിലര്‍ ഇടപെട്ടു. പ്രദേശത്തെ സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കള്‍ നാടോടി കുടുംബത്തോടൊപ്പം എത്തി പാലിസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. അപ്പോഴേക്കും ബേബിരാജ് രക്ഷപ്പെട്ടിരുന്നു. പ്രതി ബംഗളൂരുവില്‍ ഉണ്ടെന്നാണ് സൂചന.
Next Story

RELATED STORIES

Share it