Kottayam Local

ബാലവേല: ജില്ലയില്‍ പരിശോധന കര്‍ശനമാക്കുമെന്ന് കലക്ടര്‍

കോട്ടയം: ബാലവേല തടയുന്നതിന്റെ ഭാഗമായി ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കാന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല അവലോകനയോഗം തീരുമാനിച്ചു.
കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ സഹകരണത്തോടെ ഹോട്ടലുകളില്‍ ബാലവേലക്കെതിരായ പോസ്റ്ററുകള്‍ പതിക്കും. സ്‌കൂളുകളില്‍ നിന്ന് ഡ്രോപ് ഔട്ടാവുന്ന വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിനു പഞ്ചായത്ത് തലത്തില്‍ അന്വേഷണം നടത്താനും ആവശ്യമെങ്കില്‍ പഞ്ചായത്ത് മെംബര്‍മാരുടെ സഹായം തേടാനും കലക്ടര്‍ നിര്‍ദേശിച്ചു.
തെരുവു ബാല്യ ബാലഭിക്ഷാടന ബാലവേലയില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശരണബാല്യം പദ്ധതി പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നു ജില്ലാ കലക്ടര്‍ ഡോ. ബി എസ് തിരുമേനി അറിയിച്ചു.
വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് മുഖേനയാണ് ശരണബാല്യം പദ്ധതി നടപ്പാക്കുന്നത്.
വിവിധ വകുപ്പുകളുടെ സഹകരണത്തോടെ താലൂക്കു തലത്തില്‍ സ്‌ക്വാഡ് രൂപീകരിച്ച് ബാലവേലയ്ക്കായി ജില്ലയിലെത്തുന്ന അന്യ സംസ്ഥാന കുട്ടികളെ കണ്ടെത്തി സ്വദേശത്തേയ്ക്ക് മടക്കി അയക്കുക, 18 വയസിനു താഴെ പ്രായമുള്ളവരെ ജോലി ചെയ്യിക്കുന്ന തൊഴില്‍ ദാതാക്കള്‍ക്കെതിരേ ബാലനീതി നിയമ പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കുക, പാതിവഴിയില്‍ പഠനം നിര്‍ത്തി സ്‌കൂളില്‍ നിന്ന് പുറത്തായ കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയവയാണു പ്രവര്‍ത്തനങ്ങള്‍.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തുന്നതിനും വിവിധ വകുപ്പുമേധാവികള്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനമായി.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ വി ജെ ബിനോയ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ യു മേരിക്കുട്ടി, ഫോറസ്റ്റ് ഓഫിസര്‍ ടി സി ത്യാഗരാജ്, ഉപവിദ്യാഭ്യാസ ഡയറക്ടര്‍ അരവിന്ദാക്ഷന്‍, എസ് ശ്രീകുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it