Flash News

ബാലറ്റ് മെഷീനിലെ തിരിമറി; എസ്ഡിപിഐ സ്ഥാനാര്‍ഥി പരാതി നല്‍കി

ബംഗളൂരു: ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടന്നതായി മൈസൂരു നരസിംഹരാജ മണ്ഡലത്തില്‍ മല്‍സരിച്ച എസ്ഡിപിഐ സ്ഥാനാര്‍ഥി അബ്ദുല്‍ മജീദ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
മണ്ഡലത്തിലെ വാര്‍ഡ് നമ്പര്‍ അഞ്ചില്‍ എസ്ഡിപിഐക്ക് പൂജ്യം വോട്ട് പോള്‍ ചെയ്തതായാണ് വോട്ടിങ് യന്ത്രത്തില്‍ കാണിക്കുന്നത്. നിരവധി പ്രവര്‍ത്തകരും അനുഭാവികളുമുള്ള വാര്‍ഡാണ് അഞ്ചാം വാര്‍ഡ്. ഇതില്‍ തിരിമറി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സ്ഥാനാര്‍ഥി അബ്ദുല്‍ മജീദ് ട്വിറ്ററില്‍ അറിയിച്ചു. തെളിവുകള്‍ സഹിതമാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.
വോട്ടിങ് യന്ത്രത്തില്‍ അധിക വോട്ട് കാണിച്ചെന്ന പരാതിയെ തുടര്‍ന്ന് ഹുബ്ലി ധാര്‍വാഡ് മണ്ഡലത്തിലെ ഫലം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞുവച്ചിരുന്നു. ബിജെപി സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രിയുമായ ജഗ്ദീഷ് ഷെട്ടാറാണ് ഇവിടെ ജയിച്ചത്. ചെയ്തതിനേക്കാള്‍ വോട്ട് എണ്ണുമ്പോള്‍ കാണിക്കുന്നതായാണ് പരാതി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ. മഹേഷ് നല്‍വാഡ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഫലം താല്‍ക്കാലികമായി തടഞ്ഞുവയ്ക്കാന്‍ തീരുമാനിച്ചത്. ഷെട്ടാറിന് 74,985 വോട്ടും മഹേഷിന് 54,041 വോട്ടുമാണ് ലഭിച്ചത്.
ഹുബ്ലി ധാര്‍വാഡ് സെന്‍ട്രലിലെ ബൂത്ത് നമ്പര്‍ 135ല്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ചിലതിന്റെ സീലുകള്‍ പൊട്ടിച്ച നിലയിലായിരുന്നു. ചിലതിന്റെ കവറുകളില്‍ നിയമപ്രകാരം ആവശ്യമായ 7സി ഫോമുകള്‍ ഉണ്ടായിരുന്നില്ല. ഇവിടെ പോളിങ് ഓഫിസര്‍ രേഖപ്പെടുത്തിയത് 415 വോട്ടുകളാണ്. എന്നാല്‍, യന്ത്രത്തിലുണ്ടായിരുന്നത് 505 വോട്ടുകള്‍. അതേസമയം വിവിപാറ്റില്‍ കാണിക്കുന്നത് 459 വോട്ടുകളും. 204 സ്ലിപ്പുകള്‍ കൂടുതലായി കണ്ടെത്തുകയും ചെയ്തു.
ദക്ഷിണ കന്നഡ മേഖലയില്‍ ബിജെപിയാണ് എട്ടില്‍ എഴ് സീറ്റും ജയിച്ചത്. പരാജയപ്പെട്ട മന്ത്രി രമാനാഥ് റായ് അടക്കമുള്ള സ്ഥാനാര്‍ഥികള്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബംഗളൂരു നോര്‍ത്ത് സ്ഥാനാര്‍ഥി മുഹ്‌യുദ്ദീന്‍ ബാവ, മംഗളൂരു സൗത്ത് സ്ഥാനാര്‍ഥി ജെ ആര്‍ ലോബോ എന്നിവരും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.
തിരഞ്ഞെടുപ്പ് ദിവസം തന്നെ വോട്ടിങ് യന്ത്രത്തിലെ തട്ടിപ്പിനെ കുറിച്ച് പരാതി ഉയര്‍ന്നിരുന്നു. ബംഗളൂരുവിലെ ഒരു ബൂത്തില്‍ എത് ചിഹ്‌നത്തില്‍ കുത്തിയാലും ബിജെപി ചിഹ്‌നമായ താമരയ്ക്ക് പോവുന്നതായായിരുന്നു പരാതി.
കോണ്‍ഗ്രസ് നേതാവും സുപ്രിംകോടതി അഭിഭാഷകനുമായ ബ്രിജേഷ് കലപ്പയാണ് പരാതിയുമായി രംഗത്തെത്തിയത്. ഇതേ തുടര്‍ന്ന് വോട്ടിങ് മെഷീന്‍ മാറ്റിയ ശേഷമാണ് ഇവിടെ വോട്ടിങ് പുനരാരംഭിച്ചത്.
യുപി, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിലും സമാനമായ പരാതി ഉയര്‍ന്നിരുന്നു. ഇത് യന്ത്രത്തിലെ തകരാറാണെന്ന് ബിജെപി ന്യായീകരിക്കുന്നുണ്ടെങ്കിലും എല്ലാ ഇടത്തും ബിജെപിക്ക് അനുകൂലമായാണ് യന്ത്രം തകരാര്‍ കാണിക്കുന്നതെന്നാണു സംശയകരം.
Next Story

RELATED STORIES

Share it