Flash News

ബാലകൃഷ്ണപ്പിള്ളയുടെ പദവി: എല്‍ഡിഎഫ് മാപ്പ് പറയണം- രമേശ് ചെന്നിത്തല



തിരുവനന്തപുരം: ആര്‍ ബാലകൃഷ്ണപ്പിള്ളയെ കാബിനറ്റ് പദവിയോടെ മുന്നാക്കസമുദായ കോര്‍പറേഷന്‍ ചെയര്‍മാനാക്കിയ ഇടതുമുന്നണി ജനങ്ങളോട് മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ബാലകൃഷ്ണപ്പിള്ളയെ മുന്നാക്കസമുദായ  കോര്‍പറേഷന്‍ ചെയര്‍മാനാക്കിയപ്പോള്‍ അതിനെതിരേ ആക്ഷേപശരങ്ങള്‍ ചൊരിഞ്ഞവരാണ് അതെല്ലാം പാടേ വിസ്മരിച്ച് ഇപ്പോള്‍ ബാലകൃഷ്ണപ്പിള്ളയെ കാബിനറ്റ് പദവി നല്‍കി ചെയര്‍മാനാക്കിയിരിക്കുന്നത്. ഇതു സര്‍ക്കാരിന്റെ അധികാരപരിധിയില്‍ പെട്ട കാര്യമാണെങ്കിലും യുഡിഎഫ് അദ്ദേഹത്തിനു കാബിനറ്റ് പദവി നല്‍കിയപ്പോള്‍ ശക്തമായി എതിര്‍ത്തവര്‍ ഇന്ന് അതുതന്നെ ചെയ്തതിന് എന്തു ന്യായീകരണമാണുള്ളതെന്ന് ഇടതുമുന്നണി വ്യക്തമാക്കണം. ഇടതുമുന്നണിയുടെ ഇപ്പോഴത്തെ തീരുമാനത്തെക്കുറിച്ച് വിഎസിന് എന്തു പറയാനുണ്ട് എന്നറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആര്‍ ബാലകൃഷ്ണപിള്ളയെ കാബിനറ്റ് പദവിയോടെ മുന്നാക്കസമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിക്കാനുള്ള കാബിനറ്റ് തീരുമാനത്തോടെ ഇടതുമുന്നണി ഇരയ്ക്കും വേട്ടക്കാരനും തുല്യനീതി നടപ്പാക്കിയെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന ജനറല്‍ സെക്രട്ടറി വി എസ് മനോജ് കുമാര്‍ ആരോപിച്ചു. അഴിമതിവിരുദ്ധനെന്ന് അവകാശപ്പെടുന്ന വി എസ് അച്യുതാനന്ദനും അഴിമതിക്കാരനെന്ന് ആരോപണവിധേയനായ ബാലകൃഷ്ണപ്പിള്ളയ്ക്കും ഒരേ പദവി നല്‍കിയതുവഴി അഴിമതിയെക്കുറിച്ച് പറയാനുള്ള ധാര്‍മികാവകാശം ഇടതുമുന്നണിക്ക് നഷ്ടപ്പെട്ടുവെന്നും മനോജ് കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it