Flash News

ബാര്‍ കൗണ്‍സിലിന്റെ ഉടക്ക്‌

ന്യൂഡല്‍ഹി: ജഡ്ജിമാരെ നീക്കം ചെയ്യുന്നതിനോ ഇംപീച്ച്‌മെന്റ് നടപടികള്‍ക്കോ ഉള്ള പ്രമേയത്തെ പിന്തുണയ്ക്കുന്ന പാര്‍ലമെന്റംഗങ്ങളായ അഭിഭാഷകര്‍ക്ക് കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രമേയം. കഴിഞ്ഞമാസം 18ന് അവതരിപ്പിച്ച പ്രമേയം ഇന്നലെയാണ് കൗണ്‍സില്‍ അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്.   നിയമനടപടികള്‍ സ്വീകരിക്കാന്‍ അധികാരമുള്ള ഔദ്യോഗിക സ്ഥാപനമായതിനാല്‍ പ്രമേയം അംഗീകരിക്കാന്‍ അഭിഭാഷകരായ എംപിമാരും എംഎല്‍എമാരും നിര്‍ബന്ധിതരാവും.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ചീഫ് ജസ്റ്റിസിനെതിരേ ഇംപീച്ച്‌മെന്റിന് നീക്കം നടത്തുന്നുണ്ടെന്ന റിപോര്‍ട്ട് കഴിഞ്ഞമാസം 27നാണ് പുറത്തുവരുന്നത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇതിനുള്ള നോട്ടീസ് രാജ്യസഭയില്‍ നല്‍കുമെന്നാണ് സൂചന. ഇംപീച്ച്‌മെന്റ് നടപടിയെ പിന്തുണയ്ക്കുന്ന അഭിഭാഷകര്‍ക്ക് പ്രാക്ടീസ് വിലക്കണമെന്ന പ്രമേയം ബിജെപി നേതാവ് അശ്വിനികുമാറാണ് ബാര്‍ കൗണ്‍സില്‍ യോഗത്തില്‍ കൊണ്ടുവന്നത്. പ്രമേയം പാസാക്കിയത് ഐകകണ്‌ഠ്യേനയാണെന്നു ബാര്‍ കൗണ്‍സില്‍ അധ്യക്ഷന്‍ മനന്‍ കുമാര്‍ മിശ്ര പറഞ്ഞു.
ജനപ്രതിനിധികളായ അഭിഭാഷകര്‍ക്ക് കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതിനെ കൗണ്‍സില്‍ എതിര്‍ക്കുന്നില്ല. പക്ഷേ, ജഡ്ജിമാരെ പുറത്താക്കാനുള്ള നീക്കത്തില്‍ പങ്കാളിയാവുന്നവര്‍ അതതു കോടതിയില്‍ ഹാജരാവാന്‍ പാടില്ല. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. തീരുമാനം സംബന്ധിച്ച് എംപിമാര്‍ക്ക് ഔദ്യോഗികമായി കൗണ്‍സില്‍ അറിയിപ്പ് നല്‍കുമെന്നും മിശ്ര പറഞ്ഞു. എംപിമാരായ കപില്‍ സിബല്‍, മനു അഭിഷേക് സിങ്‌വി, വിവേക് തന്‍ഖ തുടങ്ങിയവര്‍ ഇംപീച്ച് പ്രമേയത്തില്‍ ഒപ്പിട്ടതായാണ് അറിയുന്നത്.
ഡല്‍ഹി ഘടകം ബിജെപി വക്താവ് അശ്വിനികുമാര്‍ ഉപാധ്യായയുടെ ഹരജിയെ തുടര്‍ന്നാണ് ബാര്‍ കൗണ്‍സില്‍ പ്രമേയം കൊണ്ടുവന്നത്. അശ്വിനികുമാറിന്റെ ആവശ്യം പരിശോധിക്കാനായി കൗണ്‍സില്‍ ഉപസമിതിയെ നിയോഗിച്ചിരുന്നു. ഇംപീച്ച്‌മെന്റിനെ പിന്തുണയ്ക്കുന്ന ജനപ്രതിനിധിയെ ജഡ്ജി സേവനം ചെയ്യുന്ന കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നത് വിലക്കണമെന്നായിരുന്നു ഉപസമിതിയുടെ ശുപാര്‍ശ. ഇത് ബാര്‍ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. ഇംപീച്ച്‌മെന്റ് പ്രമേയം നാളെയോ അടുത്തദിവസമോ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെയാണ് കൗണ്‍സിലിന്റെ നടപടി.
സുപ്രിംകോടതിയിലെ മുതിര്‍ന്ന നാലു ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരേ ഗുരുതര ആരോപണങ്ങളുമായി വാര്‍ത്താസമ്മേളനം വിളിച്ചതിനു പിന്നാലെയാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് പ്രതിപക്ഷം തുടക്കമിട്ടത്. രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദിന്റെ നേതൃത്വത്തിലാണ് ഇംപീച്ച്‌മെന്റിനുള്ള നീക്കം നടക്കുന്നത്.
കോണ്‍ഗ്രസ്സിനു പുറമെ തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, എസ്പി, എന്‍സിപി തുടങ്ങിയ കക്ഷികളും ഇംപീച്ച്‌മെന്റ് നീക്കത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it