ബാര്‍ കോഴ: തുടരന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണം

കൊച്ചി: ബാര്‍ കോഴക്കേസിലെ തുടരന്വേഷണം ഒരു മാസത്തിനകം തീര്‍ക്കണമെന്ന് വിജിലന്‍സിന് ഹൈക്കോടതി അന്ത്യശാസനം നല്‍കി. അന്വേഷണം സമയപരിധിക്കുള്ളില്‍ തീര്‍ത്തില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ബാര്‍ ലൈസന്‍സ് പുതുക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് രണ്ടു തവണ അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവു ലഭിച്ചില്ലെന്നും വീണ്ടും അന്വേഷണം നടത്തുകയാണെന്നും അന്വേഷണം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ധനമന്ത്രി കെ എം മാണി സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപോര്‍ട്ട് പ്രോസിക്യൂഷന്‍ സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര സമയം വേണമെന്ന് കോടതി ചോദിച്ചു. ഒരു മാസത്തിനകം പൂര്‍ത്തിയാക്കാമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. അതിനുശേഷമാണ് ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഉത്തരവിറക്കിയത്. കേസ് അടുത്തമാസം 17ന് വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it